കനത്തമഴ; കാന്തല്ലൂരിൽ വ്യാപകനാശം; മണ്ണിടിച്ചിൽ, വീടുകൾക്ക് കേടുപാട്; വാഹനങ്ങൾ ഒഴുകിപ്പോയി

കനത്തമഴ; കാന്തല്ലൂരിൽ വ്യാപകനാശം; മണ്ണിടിച്ചിൽ, വീടുകൾക്ക് കേടുപാട്; വാഹനങ്ങൾ ഒഴുകിപ്പോയി
കനത്തമഴ; കാന്തല്ലൂരിൽ വ്യാപകനാശം; മണ്ണിടിച്ചിൽ, വീടുകൾക്ക് കേടുപാട്; വാഹനങ്ങൾ ഒഴുകിപ്പോയി

മറയൂർ(ഇടുക്കി): മൂന്നുമണിക്കൂർ മാത്രം തുടർന്ന കനത്തമഴയിൽ കാന്തല്ലൂരിൽ വ്യാപകനാശം. കീഴാന്തൂർ ഗ്രാമത്തിന് സമീപം ശിവബന്തിയിൽ വലിയതോതിൽ ഉരുൾപൊട്ടി. പ്രദേശത്തെ പത്തിടങ്ങളിൽ മണ്ണിടിഞ്ഞു. 40 വീടുകൾ ഭാഗികമായി തകർന്നു. മണ്ണിടിഞ്ഞ സ്ഥലത്ത് താമസിക്കുന്നവരെ മാറ്റി പാർപ്പിച്ചു.

മൂന്നു സ്കൂട്ടറുകൾ ഒഴുകിപ്പോയി. കോവിൽക്കടവ് ടൗണിൽ വീടിന്റെ സൺഷെയ്ഡ് തകർന്നുവീണ് ഇവിടുത്തുകാരനായ കൃഷ്ണ (46) ന് കാലിന് ഗുരുതരമായി പരിക്കേറ്റു. കനത്തമഴയിൽ ഒഴുകിപ്പോയ സ്കൂട്ടർ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പുത്തൂർ സ്വദേശി ദാമോദര (30)ന്റെ രണ്ടുവിരലുകൾ അറ്റുപോയി. പരിക്കേറ്റ ഇരുവരെയും വിദഗ്ധ ചികിത്സയ്ക്ക് ഉടുമൽപേട്ടയിലേക്ക് കൊണ്ടുപോയി.

തിങ്കളാഴ്ച രാത്രി 8.30-നാണ് കനത്തമഴ ആരംഭിച്ചത്. 11.30-ന് മഴ കുറഞ്ഞു. മഴയിൽ നിരവധിറോഡുകൾ ഗതാഗതയോഗ്യമല്ലാതായി. മരപ്പാലങ്ങൾ ഒഴുകിപ്പോയി. പാമ്പാറും കന്നിയാറും ചെങ്കലാറും തീർത്ഥമലയാറും കരകവിഞ്ഞൊഴുകി. പാമ്പാറ്റിൻതീരത്തുള്ള കോവിൽക്കടവ് തെങ്കാശിനാഥൻ ക്ഷേത്രത്തിൽ വെള്ളംകയറി.

ചെറുവാട് പാലം വെള്ളത്തിൽ മുങ്ങി. മറയൂർ കാന്തല്ലൂർ റോഡിൽ നാലിടത്ത് മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു. മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് പുലർച്ചെ നാലുമണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. വെളുത്തുള്ളി, ശീതകാല പച്ചക്കറി കൃഷി എന്നിവ വ്യാപകമായി നശിച്ചു.

നിരവധി റിസോർട്ടുകൾ പണിതുകൊണ്ടിരിക്കുന്ന ശിവബന്തിയിൽ ഉരുൾപ്പൊട്ടലിന് സാധ്യത ഏറെയാണ്. മണിക്കൂറുകൾമാത്രമാണ് മഴപെയ്തത് എങ്കിലും പുഴകൾ എല്ലാം കരകവിഞ്ഞൊഴുകി. പാമ്പാർ പുഴ നിറഞ്ഞൊഴുകിയതുമൂലം കോവിൽക്കടവ് തെങ്കാശിനാഥൻ ക്ഷേത്രത്തിൽ വെള്ളം കയറി.

ചെറുവാട് പാലം മുങ്ങിയതിനാൽ മണിക്കൂറുകൾ പാലത്തിൽ കൂടിയുള്ള ഗതാഗതം നിലച്ചു. നിരവധിഗ്രാമങ്ങൾ ഒറ്റപ്പെട്ടു. ചെങ്കലാർപുഴ കരകവിഞ്ഞൊഴുകിയതുമൂലം പുഴയോരത്തുള്ള കൃഷിയിടങ്ങൾ നശിച്ചു. മൂന്നു ഇരുചക്രവാഹനങ്ങൾ ഒഴുകിപ്പോയി. മറയൂർ കോവിൽക്കടവ് റോഡിലൂടെ പുഴകൾക്ക് സമാനമായി വെള്ളം ഒഴുകി.

Top