തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. 67 ഓഫീസുകളില്‍ പരിശോധന നടത്തി. ദിവസം നടത്തിയ മിന്നല്‍ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഹോട്ടല്‍ ഉടമകളില്‍ നിന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ വഴി പണം സ്വീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. തൊടുപുഴ ഭക്ഷ്യ സുരക്ഷ സര്‍ക്കിള്‍ ഓഫീസുകളിലെ ഓഫീസ് അറ്റന്റന്റ് ആണ് പണം വാങ്ങിയതായി കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ചെറുകിട ഹോട്ടലുകാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ പരിശീലനം ചില ജില്ലകളില്‍ വന്‍കിട ഹോട്ടലുകളിലെ ജീവനക്കാര്‍ക്കും സൗജന്യമായി നല്‍കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കാലാവധി കഴിഞ്ഞ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പരിശോധനയ്ക്ക് എത്തിയ സമയം റാന്നി ഭക്ഷ്യ സുരക്ഷ ഓഫീസ് അടച്ചിട്ട നിലയിലായിരുന്നുവെന്നും വിജിലന്‍സ് പറഞ്ഞു. മലപ്പുറം, കോട്ടക്കല്‍, തിരൂര്‍, മഞ്ചേരി, സുല്‍ത്താന്‍ബത്തേരി, നീലേശ്വരം, കാസര്‍കോട് എന്നിവിടങ്ങളില്‍ ലൈസന്‍സില്ലാതേയും കാലാവധി കഴിഞ്ഞ ലൈസന്‍സോടെയും പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളും കണ്ടെത്തി.
എറണാകുളം അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഓഫീസില്‍ കേടായ റഫ്രിജിറേറ്ററിലായിരുന്നു ഭക്ഷ്യസാമ്പിളുകള്‍ സൂക്ഷിച്ചിരുന്നത്. ഓഫീസില്‍ പരാതി പുസ്തകം ഇല്ലെന്നും വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി. 2021 മുതല്‍ 24 വരെ ശേഖരിച്ച 536 ഭക്ഷ്യ സാമ്പിളുകളുടെ ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍. പാലക്കാട് അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ മുഖേന ശേഖരിച്ച സാമ്പിളുകളുടെ ഫലം ആണ് ലഭിക്കാത്തത്. മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകളുടെ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ടി കെ വിനോദ് കുമാര്‍ ഐപിഎസ് അറിയിച്ചു.