ചാരവൃത്തി കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് മോചിതനായി

ചാരവൃത്തി കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് മോചിതനായി

വാഷിംഗ്ടണ്‍: ചാരവൃത്തി കേസില്‍ ലണ്ടനിലെ ജയിലില്‍ കഴിയുകയായിരുന്ന വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് അഞ്ചു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം മോചിതനായി.

2010ല്‍ അമേരിക്കയുടെ പ്രതിരോധ രഹസ്യരേഖകള്‍ അടക്കം അന്താരാഷ്ട്ര തലത്തില്‍ കോളിളക്കമുണ്ടാക്കിയ നിരവധി വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നതിലൂടെയാണ് ഓസ്ട്രേലിയന്‍ കംപ്യൂട്ടര്‍ പ്രോഗ്രാമറായ ജൂലിയന്‍ അസാന്‍ജ് ലോകശ്രദ്ധ പിടിച്ചുപറ്റിയത്. അമേരിക്കയ്ക്ക് ഭീഷണിയായ നിരവധി രേഖകള്‍ വിക്കിലീക്‌സ് ചോര്‍ത്തി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഒരു കോടി രേഖകള്‍ വിക്കി ലീക്‌സ് ചോര്‍ത്തിയിട്ടുണ്ടെന്നാണ് കണക്ക്.

2019 മുതല്‍ ലണ്ടനനിലെ ബെല്‍മാര്‍ഷ് ജയിലിലായിരുന്നു അസാന്‍ജ്. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ ഏഴ് വര്‍ഷത്തോളം അഭയം തേടിയിരുന്നു. യുഎസിലേക്ക് അയച്ചാല്‍ ഏകാന്ത തടവില്‍ പാര്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്നും അത് ആത്മഹത്യക്ക് കാരണമാകുമെന്നുമുള്ള അസാന്‍ജിന്റെ വാദം അംഗീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ യുഎസ് അപ്പീല്‍ നല്‍കി. അസാന്‍ജിനെ ഏകാന്ത തടവില്‍ പാര്‍പ്പിക്കില്ലെന്നും ഉചിതമായ പരിചരണം നല്‍കുമെന്നും അമേരിക്ക വ്യക്തമാക്കി. ഇതിനെതിരെ അസാന്‍ജ് അപ്പീല്‍ നല്‍കിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല. വാദങ്ങളില്‍ കഴമ്പില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.

തന്റെ മകന്റെ നീണ്ട നിയമപോരാട്ടം പരിസമാപ്തിയിലെത്തിയതായി അസാന്‍ജിന്റെ മാതാവ് ക്രിസ്റ്റീന്‍ അസാന്‍ജ് പ്രതികരിച്ചു. ജയില്‍മോചിതനായെങ്കിലും അസാന്‍ജ് ബുധനാഴ്ച പസഫിക്കിലെ നോര്‍ത്തേണ്‍ മരിയാന ദ്വീപുകളിലെ യുഎസ് കോടതിമുറിയില്‍ ഹാജരാകുമെന്ന് കോടതി രേഖകള്‍ പറയുന്നു. ജാമ്യം ലഭിച്ചതിന് പിന്നാലെ അസാന്‍ജ് ഓസ്‌ട്രേലിയയിലേക്ക് മടങ്ങി.

Top