ആദ്യ റിലീസിൽ തിയേറ്ററുകളിൽ പരാജയപ്പെട്ട ഒരു സിനിമ 24 വർഷങ്ങൾക്കിപ്പുറം വീണ്ടും തിയേറ്ററുകളിലെത്തുക, ശേഷം ആ തിരിച്ചുവരവിനെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുക എന്നതെല്ലാം അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്. ഇപ്പോൾ കേരളത്തിലെ തിയേറ്ററുകൾ സാക്ഷ്യം വഹിക്കുന്നത് അത്തരമൊരു കാഴ്ചയ്ക്കാണ്. റിലീസായതിന്റെ 24 വർഷങ്ങൾക്ക് ശേഷം ദേവദൂതൻ എന്ന സിനിമ റീ റിലീസ് ചെയ്തപ്പോൾ മികച്ച സ്വീകാര്യതയാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ സിനിമയുടെ സ്ക്രീൻ കൗണ്ട് വീണ്ടും വർധിപ്പിച്ചിരിക്കുകയാണ്.
ആദ്യം ജൂലൈ 26 ന് 56 തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ച സിനിമ രണ്ടാം ദിവസം 100 തിയേറ്ററുകളിലേക്ക് വർധിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ 100 ൽ നിന്ന് 143 സ്‌ക്രീനുകളിലേക്ക് വർധിപ്പിച്ചിരിക്കുകയാണ്.
ശബ്ദ മിശ്രണത്തിൽ മികവ് വരുത്തിയും സിനിമയിലെ ചില ഭാഗങ്ങൾ വെട്ടി 34 മിനിറ്റായി ചുരുക്കിയുമൊക്കെ മാറ്റങ്ങൾ വരുത്തി പുതിയ സിനിമ പോലെതന്നെയാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്. സിനിമ കണ്ടതിന് ശേഷം ഒരു ഹോളിവുഡ് സിനിമ കാണുന്ന പ്രതീതി നൽകി എന്നാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ച വിദ്യാസാഗർ അഭിപ്രായപ്പെട്ടത്.