ന്യൂഡൽഹി: ഹരിയാനയിൽ ഇക്കുറി കോൺഗ്രസിന് അധികാരം പിടിക്കാനാവുമെന്ന് പ്രതീക്ഷ. ഇക്കാര്യത്തിൽ വളരെ കരുതലോടെയാണ് പാർട്ടിയുടെ നീക്കം. സ്ഥാനാർഥിയാവാൻ 2250-ഓളം പേർ അപേക്ഷ നൽകിയെങ്കിലും ജയിക്കാനാവുന്നവരെ ഗ്രൂപ്പ് സമവാക്യങ്ങളെല്ലാം ഉറപ്പുവരുത്തി പ്രഖ്യാപിക്കാനാണ് നിലവിൽ ശ്രമം. ആകെയുള്ള 90 സീറ്റുകളിൽ ഇതിനകം 66-ഓളം സീറ്റുകളിൽ പേരുകൾ അന്തിമമായി.
പ്രശ്നം നിലനിൽക്കുന്ന 24 സീറ്റുകളുടെ കാര്യം ചർച്ചചെയ്യാൻ സംസ്ഥാന ചുമതലയുള്ള ദീപക് ബാബരിയ, മുതിർന്ന നേതാക്കളായ മധുസൂദനൻ മിസ്ത്രി, അജയ് മാക്കൻ എന്നിവർ അംഗങ്ങളായ ഒരു പുതിയ സമിതി രൂപവത്കരിച്ചു. ഇവർ മുൻ മുഖ്യമന്ത്രി ഭൂപേന്ദ്ര ഹൂഢ, കുമാരി ഷെൽജ, രൺദീപ് സുർജേവാല തുടങ്ങിയ ഗ്രൂപ്പ് നേതാക്കന്മാരുമായി ചർച്ചചെയ്ത് പാർട്ടി ടിക്കറ്റുകളുടെ കാര്യത്തിൽ അവസാന തീരുമാനമെടുക്കും. എന്നാൽ രൺദീപ് സിങ് സുർജേവാല കഴിഞ്ഞ തവണ മത്സരിച്ച കൈത്തലിലും ഷെൽജ മത്സരിക്കുന്ന സീറ്റിലും ഇതുവരെ തീരുമാനമായില്ല.
Also Read: തീവ്രവാദ കേന്ദ്രമല്ല, കശ്മീരിനെ വിനോദ സഞ്ചാര കേന്ദ്രമാക്കും; ബിജെപി
പത്രിക നൽകാനുള്ള അവസാന തീയതി ഒക്ടോബർ 12 ആണ്. അതേസമയം മഹേന്ദ്രഗഢ് എം.എൽ.എ. റാവു ദാൻ സിങ്, സമൽഖ എം.എൽ.എ. ധരം സിങ് ചൗക്കർ തുടങ്ങിയവർക്ക് സീറ്റ് നൽകുന്നതിനെ നിലവിൽ സംസ്ഥാന ചുമതലയുള്ള ബാബറിയ എതിർക്കുകയാണ്. എന്നാൽ ഇവരെ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് ഭൂപീന്ദർ സിങ് ഹൂഢയും ആവശ്യപ്പെടുന്നു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എല്ലാ നേതാക്കളുമായും ചർച്ച നടത്തുന്നുണ്ട്.