കോൺഗ്രസ്സ് നേതാവും മുൻ എംഎൽഎയുമായ ശബരിനാഥിൻ്റെ ഭാര്യയായ ദിവ്യ എസ് അയ്യർ ഐ.എ.എസ്, നാളെ ഭർത്താവിനേക്കാൾ വലിയ രാഷ്ട്രീയക്കാരി ആയാലും അത്ഭുതപ്പെടാനില്ല. അവർ അടുത്ത കാലത്തായി കാട്ടിക്കൂട്ടുന്നത് കാണുമ്പോൾ അതാണ് തോന്നിപ്പോവുക.
സോഷ്യൽ മീഡിയകളിൽ താരമായാൽ എല്ലാം ആയി എന്ന ബോധമാണ് അവരെ നയിക്കുന്നതെന്നാണ് പ്രവർത്തികൾ കണ്ടാൽ തോന്നിപ്പോവുക. സംസ്ഥാനത്ത് നല്ല രീതിയിൽ പ്രവർത്തിക്കുന്ന നിരവധി ഐ.എ.എസ് ഓഫീസർമാരുണ്ട്. അവരാരും തന്നെ തങ്ങൾ വഹിക്കുന്ന സ്ഥാനത്തിൻ്റെ അന്തസ്സ് വിട്ട് പെരുമാറുകയോ സോഷ്യൽ മീഡിയകളെ വ്യക്തിപരമായ നേട്ടത്തിന് ഉപയോഗിക്കുകയോ ചെയ്തിട്ടില്ല.
എന്നാൽ, ദിവ്യ എസ് അയ്യർ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് പ്രവർത്തിക്കുന്നത്. അവർ ചെയ്യുന്ന പ്രവർത്തികളെല്ലാം സോഷ്യൽ മീഡിയകളിലൂടെയാണ് മാർക്കറ്റ് ചെയ്യാൻ ശ്രമിക്കുന്നത്. ഇങ്ങനെ സംസ്ഥാനത്തെ മറ്റു ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥർ ശ്രമിച്ചാൽ എന്താകും അവസ്ഥ എന്നതും നാം ചിന്തിക്കേണ്ടതുണ്ട്. സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ പുലർത്തി പോരുന്ന പെരുമാറ്റ രീതികൾ നിലവിലുണ്ട്. അതിൽ നിന്നും വ്യത്യസ്തയാകാൻ ശ്രമിക്കുന്നത് ആരായാലും അത് ആ പദവിയുടെ അന്തസിന് എതിരു തന്നെയാണ്.
മുഖ്യമന്ത്രിയുമായും കുടുംബാംഗങ്ങളുമായും മാത്രമല്ല, മറ്റു ചില ഇടതുപക്ഷ നേതാക്കളുമായും വ്യക്തിപരമായ അടുപ്പം പുലർത്തി മുന്നോട്ട് പോകാനാണ് ദിവ്യ എസ് അയ്യർ ശ്രമിക്കുന്നത്. ഇത് അസാധാരണമായ ഒരു കാഴ്ച തന്നെയാണ്. സംസ്ഥാനത്തെ മറ്റൊരു ഐ.എ.എസ് ഓഫീസറും പിന്തുടരാത്ത രീതിയാണിത്.
ഭർത്താവ് കോൺഗ്രസ്സ് നേതാവായതിനാൽ സർവ്വീസിൽ ഒതുക്കപ്പെടുമോ എന്ന ധാരണ കൊണ്ടാണോ ദിവ്യ എസ് അയ്യർ ഇങ്ങനെ പ്രവർത്തിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഏറ്റവും ഒടുവിൽ മുൻ മന്ത്രിയും നിലവിൽ എം.പിയുമായ കെ രാധാകൃഷ്ണനെ ദിവ്യ എസ് അയ്യർ ആശ്ശേഷിക്കുന്ന ഒരു ഫോട്ടോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ‘പച്ചമനുഷ്യനൊരു ഹൃദയാശ്ലേഷം’; എന്ന തലക്കെട്ടിൽ ദിവ്യ എസ് അയ്യർ സമൂഹ മാധ്യമങ്ങളിൽ പങ്കിട്ട ചിത്രം ഇപ്പോൾ വൈറലാണ്.
‘‘ഏറെ ഇഷ്ടവും ബഹുമാനവും തോന്നുന്നൊരാളെ ധൈര്യമായി ആശ്ലേഷിക്കാൻ മലയാളി സ്ത്രീകൾക്കു കഴിയാറില്ല, ഈ ചിത്രം കണ്ടപ്പോൾ വളരെ സന്തോഷമായി’’– എന്ന് ദിവ്യയുടെ ഫോണിലേക്ക് ഒട്ടേറെ വനിതകളുടെ സന്ദേശമെത്തിയതായാണ് മനോരമ ഓൺലൈനും റിപ്പോർട്ട് ചെയ്യുന്നത്. അതായത് ദിവ്യ എസ് അയ്യരുടെ ഫോണിലേക്ക് വന്ന അഭിനന്ദനങ്ങൾ പോലും അവർ തന്നെ മാർക്കറ്റ് സ്ട്രാറ്റർജിക്കായി ഉപയോഗിച്ചു എന്നത് വ്യക്തം.
പത്തനംതിട്ട കലക്ടറായിരുന്നപ്പോൾ അന്നു മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണനൊപ്പം ആദിവാസി മേഖലകളിൽ ഒന്നിച്ചു പ്രവർത്തിച്ച കാലത്താണ് അദ്ദേഹം ഒരു പച്ച മനുഷ്യനാണെന്നു മനസിലായതെന്നാണ് ദിവ്യ പറയുന്നതെന്നും മനോരമ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എംപിയായതിനെ തുടർന്ന് മന്ത്രി സ്ഥാനത്തുനിന്നു രാധാകൃഷ്ണൻ രാജിവച്ച ദിവസം ഭർത്താവ് കെ.എസ്.ശബരീനാഥനും കുടുംബാംഗങ്ങൾക്കുമൊപ്പം മന്ത്രി വസതിയിൽ എത്തിയപ്പോഴാണ് ഈ ചിത്രം പകർത്തിയിരുന്നത് എന്നാണ് ആ വാർത്തയിൽ പറയുന്നത്.
എന്നാല്‍ ദിവ്യ എസ് അയ്യരോട് സംസാരിച്ച ശേഷം മനോരമ ലേഖകന്‍ നല്‍കിയ ഈ വാര്‍ത്തയില്‍ പറയുന്നത് പോലെ മന്ത്രിപദവി ഒഴിഞ്ഞ ശേഷമല്ല മന്ത്രി ആയിരിക്കുമ്പോള്‍ തന്നെയാണ് ഈ ആലിംഗനം നടന്നിരിക്കുന്നത് എന്നത് പിന്നീട് അവരുടെ ഭര്‍ത്താവ് ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റില്‍ നിന്നു തന്നെ വ്യക്തമായിട്ടുണ്ട്.
‘ശ്രീ കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജിവച്ചതിനുശേഷം ദിവ്യ അദ്ദേഹത്തത്തെ വീട്ടില്‍ കാണാന്‍ പോയിരുന്നു. അതിനു ശേഷം ഇന്‍സ്റ്റാഗ്രാമില്‍ ഒരു ഓര്‍മ്മകുറുപ്പിനോടൊപ്പം അന്നത്തെ ഫോട്ടോയും പഴയ രണ്ടു ഫോട്ടോയും പങ്കുവച്ചു. അതില്‍ ഒരുഫോട്ടോ ഇപ്പോള്‍ പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും സജീവ ചര്‍ച്ചയാണ് ‘ എന്നു ചൂണ്ടിക്കാട്ടിയ ശബരിനാഥന്‍ ‘സംസ്ഥാന മന്ത്രിയായിരുന്ന ഘട്ടത്തില്‍ ശ്രീ കെ.രാധാകൃഷ്ണന്‍ ഔദ്യോഗിക പ്രോഗ്രാമിന് ശേഷം പത്തനംതിട്ട കളക്ടറുടെ വസതിയില്‍ സന്ദര്‍ശനം നടത്തിയ ദിവസം എടുത്ത ഫോട്ടോയാണ് ഇപ്പോള്‍ വൈറലായത് എന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
‘സ്‌നേഹം പ്രകടിപ്പിക്കുന്നതിന് പ്രോട്ടോക്കോള്‍ ഉണ്ടാകില്ലന്ന് തുറന്നു പറഞ്ഞ് ദിവ്യ എസ് അയ്യരും ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്. ഹൃദയത്തിന്റെ ഭാഷയിലാണ് മുന്‍ മന്ത്രി കെ രാധാകൃഷ്ണനെ ആലിംഗനം ചെയ്തത് എന്നാണ് അവരുടെ വാദം. എന്നാല്‍ പ്രോട്ടോകോള്‍ പ്രകാരം ഐ.എ.എസ് പദവിയുടെ എത്രയോ മുകളില്‍ നില്‍ക്കുന്ന ഒരു മന്ത്രിയെ ആലിംഗനം ചെയ്തശേഷം അത് ഫോട്ടോ എടുപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ ഇട്ടത് അത്ര നിഷ്‌കളങ്കമായ ഉദ്ദേശത്തിലല്ല എന്നത് പകല്‍ പോലെ വ്യക്തമാണ്.
ഇതിൽ നിന്നു തന്നെ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം ഇത്തരമൊരു ഫോട്ടോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതാണെന്നത് വ്യക്തമാണ്. ഈ പ്രവർത്തി ഒരു ഐ.എ.എസ് ഓഫീസർക്ക് ചേർന്നതാണോ എന്നത് കൂടി ഈ ഘട്ടത്തിൽ വിലയിരുത്തപ്പെടേണ്ടതുണ്ട്.
പഠിക്കുന്ന കാലയളവിൽ എസ്.എഫ്.ഐയിലൂടെ കോളജ് യൂണിയൻ ചെയർമാനായ ഐ.എ.എസുകാരനും മുൻപ് കെ.എസ്.യുക്കാരി ആയിരുന്ന ഐ.എ.എസ് ഓഫീസറും യൂണിവേഴ്സിറ്റി കോളജിലെ മുൻ എസ്.എഫ്.ഐക്കാരനായിരുന്ന ഐ.പി.എസ് ഓഫീസറും എല്ലാം ഇപ്പോഴും കേരള കേഡറിൽ ഉണ്ട്. ഇവരാരും തന്നെ പദവികൾക്കു വേണ്ടി സിവിൽ സർവ്വീസിൻ്റെ മാന്യത കളഞ്ഞിട്ടില്ലന്നതും ഓർക്കണം.
ഇത്തരം ‘ചെപ്പടി’ വിദ്യകളിലൂടെ ദിവ്യ എസ് അയ്യർ ഉദ്ദേശിക്കുന്നത് എന്തു തന്നെ ആയാലും അത് നടന്നിട്ടുണ്ട്. കോൺഗ്രസ്സ് നേതാവിൻ്റെ ഭാര്യ ആയിട്ടും അനധികൃതമായി ഭൂമി പതിച്ചു നൽകിയ വിവാദത്തിൽപ്പെട്ടിട്ടും അതൊന്നും തന്നെ അവരുടെ ഔദ്യോഗിക ജീവിതത്തെ ഇതുവരെ ബാധിച്ചിട്ടില്ല. അതുകൊണ്ടാണ് ഇടതുപക്ഷ സർക്കാറിൽ ജില്ലാ കളക്ടറാകാനും ഇപ്പോൾ വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടറാകാനും അവർക്ക് സാധിച്ചിരിക്കുന്നത്. സീനിയർ ഐ.എ.എസ് ഓഫീസർ ഇരിക്കേണ്ട കസേരയിലാണ് താരതമ്യേന ജൂനിയറായ ദിവ്യ അയ്യർ ഇപ്പോൾ ഇരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
EXPRESS KERALA VIEW