ഇറാൻ്റെ പ്രതികാരം ആണവായുധ പ്രയോഗത്തിൽ എത്തുമോ ? പരക്കെ ആശങ്ക, ഭയന്ന് ലോകരാജ്യങ്ങൾ

ഇറാൻ്റെ പ്രതികാരം ആണവായുധ പ്രയോഗത്തിൽ എത്തുമോ ? പരക്കെ ആശങ്ക, ഭയന്ന് ലോകരാജ്യങ്ങൾ
ഇറാൻ്റെ പ്രതികാരം ആണവായുധ പ്രയോഗത്തിൽ എത്തുമോ ? പരക്കെ ആശങ്ക, ഭയന്ന് ലോകരാജ്യങ്ങൾ

റാന്റെ പ്രതികാരം എങ്ങനെ ആയിരിക്കുമെന്ന ആശങ്ക നിലനില്‍ക്കെ ഖത്തറിനെയും ഈജിപ്തിനെയും മുന്‍നിര്‍ത്തി തിരക്കിട്ട അനുനയ ചര്‍ച്ചയാണ് അമേരിക്ക ഇപ്പോള്‍ നടത്തിവരുന്നത്. ഇറാനുമായും അമേരിക്കയുമായും അടുപ്പമുള്ള രാജ്യമെന്ന നിലയ്ക്കാണ്, ഖത്തറിനെ മധ്യസ്ഥനാക്കുന്നത്. ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാവുകയും യുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്താല്‍ അത് അമേരിക്ക – ഇറാന്‍ യുദ്ധമായി മാറുമെന്ന യാഥാര്‍ത്ഥ്യവും അമേരിക്ക നിലവില്‍ തിരിച്ചറിയുന്നുണ്ട്. അത്തരത്തില്‍ അമേരിക്ക ഈ സംഘര്‍ഷത്തില്‍ നേരിട്ട് ഇടപെട്ടാല്‍ ഇറാനെ സഹായിക്കാന്‍ റഷ്യയും ചൈനയും ഉത്തര കൊറിയയും തയ്യാറാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. അങ്ങനെ സംഭവിച്ചാല്‍ അത് അമേരിക്കയിലും വലിയ നാശമാണ് വിതയ്ക്കുക. ഒടുവില്‍ അതൊരു ലോകമഹായുദ്ധമായി മാറാനും സാധ്യതയുണ്ട്.

സകല രാജ്യങ്ങളിലും കുഴപ്പങ്ങള്‍ ഉണ്ടാക്കി അതില്‍ നിന്നും മുതലെടുപ്പ് നടത്തിവരുന്ന അമേരിക്കയ്ക്ക് ഒരു തിരിച്ചടി ഉണ്ടായാല്‍ പിന്നെ ഒരിക്കലും കരകയറാന്‍ കഴിയുകയില്ല. ലോകത്ത് ഏറ്റവും അധികം ആണവായുധങ്ങള്‍ കൈവശമുളളത് റഷ്യയ്ക്കാണ്. ഏറ്റവും ശക്തമായ ആണവ മിസൈല്‍ ഉള്ളതും റഷ്യയ്ക്ക് തന്നെയാണ്. ‘സാത്താന്‍’ എന്ന് വിളിക്കുന്ന ഈ ആധുനിക ആണവ മിസൈലിന്റെ നവീകരിച്ച പതിപ്പും അടുത്തയിടെ റഷ്യ പുറത്തിറക്കിയിട്ടുണ്ട്. ഭൂമിയെ തന്നെ നശിപ്പിക്കാന്‍ ശേഷിയുള്ള മിസൈലാണ് സാത്താന്‍ – 2

അതായത് പറഞ്ഞുവരുന്നത്, മറ്റു രാജ്യങ്ങളോട് കളിക്കുന്ന രീതിയില്‍ റഷ്യയോട് മുട്ടാന്‍ ചെന്നാല്‍ അമേരിക്കയാണ് വിവരമറിയുക. ആയുധശക്തിയിലും സമ്പത്തിലും ലോകത്തെ ഏറ്റവും വലിയ രാജ്യമാണെങ്കിലും അമേരിക്ക ചിന്തിക്കുന്നതിന് മുന്‍പ് തന്നെ ആ രാജ്യത്തെ ചാമ്പലാക്കാന്‍ റഷ്യയ്ക്ക് കഴിയും. ഏത് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെയും തകര്‍ക്കാന്‍ ശേഷിയുള്ള നിരവധി മിസൈലുകള്‍ റഷ്യയുടെ പക്കലുണ്ട്.

യുക്രെയിനുമായി ഇപ്പോള്‍ നടക്കുന്നത് ഒരു യുദ്ധമായി റഷ്യ ഇതുവരെ പ്രഖ്യാപിക്കാതിരിക്കുന്നത്, വന്‍ നശീകരണ ശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ കൂടിയാണ്. ജപ്പാനില്‍ ആണവ ബോംബിട്ട് ലക്ഷങ്ങളെ കൊന്നൊടുക്കിയ, അമേരിക്കയുടെ ക്രൂര മനസ്സല്ല റഷ്യയ്ക്കുള്ളത്. മനുഷ്യജീവന്‍ പൊലിയുന്നത് പരമാവധി ഒഴിവാക്കാനാണ് അവര്‍ മാരക ശേഷിയുള്ള ആയുധങ്ങള്‍ യുക്രെയിനില്‍ ഉപയോഗിക്കാതിരിക്കുന്നത്. യുദ്ധമുഖങ്ങളില്‍ ഒരു രാജ്യവും പാലിക്കാത്ത സംയമനം ആണിത്.

യഥാര്‍ത്ഥത്തില്‍ യുക്രെയിനില്‍ റഷ്യ പോരാടുന്നത്, യുക്രെയിന്‍ സൈന്യത്തോടല്ല. അമേരിക്കയോടും അവരുടെ സഖ്യകക്ഷികളോടും തന്നെയാണ്. കാരണം, ഈ രാജ്യങ്ങള്‍ നല്‍കിയ ആധുനിക ആയുധങ്ങളാണ് റഷ്യയ്ക്ക് എതിരെ യുക്രെയിന്‍ സൈന്യം ഉപയോഗിക്കുന്നത്. അമേരിക്ക ജപ്പാനില്‍ കാണിച്ചതിന്റെ ചെറിയ ഒരംശം യുക്രെയിനില്‍ റഷ്യ കാണിച്ചിരുന്നു എങ്കില്‍ ആ രാജ്യം തന്നെ ഭൂപടത്തില്‍ ഉണ്ടാവുമായിരുന്നില്ല.

റഷ്യ പൂര്‍ണ്ണമായ ഒരു യുദ്ധം ചെയ്യുകയാണെങ്കില്‍, അത് തീര്‍ച്ചയായും അമേരിക്കയോട് ആയിരിക്കും. അത്രയ്ക്കും പക റഷ്യയ്ക്ക് ഇപ്പോള്‍ അമേരിക്കയോട് ഉണ്ട്. ലോകത്തെ മൊത്തത്തില്‍ കുഴപ്പത്തിലാക്കുന്ന നീക്കങ്ങള്‍ അമേരിക്ക നടത്തുന്നത് അവരുടെ ആയുധ-സാമ്പത്തിക താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ്.

ലോകത്തെ നമ്പര്‍ വണ്‍ ശക്തി എന്ന പദവി മാറുന്ന ലോക ക്രമത്തില്‍ കൈവിട്ട് പോകുമോ എന്ന ഭയം ശരിക്കും അമേരിക്കയ്ക്ക് ഉണ്ട്. അതിന് പ്രധാന കാരണം ഏഷ്യന്‍ രാജ്യങ്ങളും റഷ്യന്‍ ചേരിയും കരുത്താര്‍ജിക്കുന്നതാണ്. പരസ്പരം ശത്രുക്കളാണെങ്കിലും ചൈനയും ഇന്ത്യയും റഷ്യയുമായി വളരെ അടുപ്പം പുലര്‍ത്തുന്ന രാജ്യങ്ങളാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ രണ്ട് ശക്തികള്‍ റഷ്യയോട് കാണിക്കുന്ന അടുപ്പമാണ് അമേരിക്കന്‍ ചേരി ഏര്‍പ്പെടുത്തിയ ഉപരോധത്തെ അതിജീവിക്കാന്‍ റഷ്യയ്ക്ക് കരുത്തായിരുന്നത്. അതുപോലെ തന്നെ യുദ്ധത്തെ ഭയക്കാത്ത ഇറാനും ഉത്തര കൊറിയയും റഷ്യയുടെ അടുത്ത സുഹൃത്തുക്കളാണ്. ഇന്ത്യ നിഷ്പക്ഷ നിലപാട് സ്വീകരിച്ച് മാറി നിന്നാലും റഷ്യ-അമേരിക്ക പോരാട്ടത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ ചൈനയും ഉത്തരകൊറിയയും ഇറാനും എന്തായാലും റഷ്യയ്ക്ക് ഒപ്പം യുദ്ധമുഖത്ത് ഉണ്ടാകും.

യുദ്ധ സാധ്യത തെളിഞ്ഞാല്‍, ആദ്യം അമേരിക്കയില്‍ ബോംബിടുന്നതും റഷ്യ ആയിരിക്കും. കാരണം പുതിയ കാലത്ത് ആകാശമാര്‍ഗ്ഗം നടത്തുന്ന ആദ്യ കനത്ത ആക്രമണമാണ് യുദ്ധമുഖത്ത് മേധാവിത്തം നല്‍കുക. സര്‍വ്വനാശം വിതയ്ക്കാന്‍ ശേഷിയുള്ള ബോംബുകള്‍ അമേരിക്ക ചിന്തിയ്ക്കും മുന്‍പ് ആ രാജ്യത്ത് വര്‍ഷിച്ചാല്‍ അതോടെ തീരുന്ന അഹങ്കാരമേ അമേരിക്കയ്ക്ക് ഉള്ളൂ.

ഉത്തര കൊറിയ അവരുടെ ആണവ മിസൈല്‍ അമേരിക്കയ്ക്ക് അഭിമുഖമായി തിരിച്ചുവച്ചപ്പോള്‍ പേടിച്ചരണ്ട് ഉത്തരകൊറിയന്‍ പ്രസിഡന്റുമായി ചര്‍ച്ചയ്ക്ക് ഓടിയിരുന്നത് അമേരിക്കന്‍ പ്രസിഡന്റാണ്. ട്രംപിന്റെ ആ കാലം ഈ ഘട്ടത്തില്‍ എന്തായാലും ഓര്‍ക്കാതിരിക്കാന്‍ കഴിയുകയില്ല.

അതുകൊണ്ട് തന്നെ റഷ്യന്‍ ചേരിയെ അമേരിക്ക ഭയക്കുക തന്നെ വേണം. ഇന്ത്യ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്ന ഒരു രാജ്യമായിട്ട് പോലും നമ്മുടെ അയല്‍ രാജ്യങ്ങളില്‍ കുഴപ്പമുണ്ടാക്കി ഇന്ത്യയ്ക്ക് തലവേദന ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിലും അമേരിക്കന്‍ ചാര സംഘടനയുടെ ബുദ്ധിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. അങ്ങനെ സംശയിക്കാന്‍ കാരണങ്ങളും നിരവധിയുണ്ട്. ശ്രീലങ്കയില്‍ നടന്ന കലാപത്തിന്റെ തനിയാവര്‍ത്തനമാണ് ബംഗ്ലാദേശില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഈ രാജ്യങ്ങള്‍ക്ക് പുറമെ നേപ്പാള്‍ മാലിദ്വീപ് രാജ്യങ്ങളിലും ഇന്ത്യാ വിരുദ്ധ സര്‍ക്കാരാണ് അധികാരത്തിലുള്ളത്. പാകിസ്ഥാനില്‍ പോലും ഇമ്രാന്‍ ഖാനെ പുറത്താക്കി അവിടെ കൂടുതല്‍ കുഴപ്പമുണ്ടാക്കി ഇന്ത്യാ അതിര്‍ത്തിയില്‍ അസ്വസ്ഥത ഉണ്ടാക്കിയതില്‍ പോലും, അമേരിക്കയുടെ ഇടപെടല്‍ തള്ളിക്കളയാന്‍ കഴിയുന്നതല്ല.

അയല്‍ രാജ്യങ്ങളില്‍ ഇന്ത്യാ വിരുദ്ധരെ പ്രതിഷ്ഠിച്ച് ഇന്ത്യയെ പ്രതിരോധത്തിലാക്കി നിര്‍ത്താന്‍ ശ്രമിക്കുന്ന അമേരിക്കന്‍ ചാരസംഘടനയുടെ ബുദ്ധി തന്നെയാണ് റഷ്യയുടെ അയല്‍ രാജ്യമായ യുക്രെയിനിലും അമേരിക്ക പയറ്റിയിരിക്കുന്നത്. റഷ്യ-യുക്രെയിന്‍ ഏറ്റുമുട്ടലിന് കാരണം ഉണ്ടാക്കിയത് തന്നെ അമേരിക്കയാണ്. നാറ്റോയില്‍ ചേരാന്‍ യുക്രെയിനെ അമേരിക്ക ക്ഷണിച്ചത് തന്നെ അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടാക്കാനാണ്. റഷ്യയ്ക്ക് അഭിമുഖമായി യുക്രെയിന്‍ അതിര്‍ത്തിയില്‍ അമേരിക്കന്‍ മിസൈലുകള്‍ വിന്യസിക്കാനുള്ള ബുദ്ധിയായിരുന്നു അത്. ഈ നീക്കം തകര്‍ക്കാനാണ് റഷ്യ, യുക്രൈയിനില്‍ സൈനിക നടപടിക്ക് നിര്‍ബന്ധിതമായിരുന്നത്.

ഹമാസ് രാഷ്ട്രീയകാര്യമേധാവി ഇസ്മയില്‍ ഹനിയയെ ഇറാനില്‍ വച്ച് ഇസ്രയേല്‍ ചാര സംഘടനയായ മൊസാദ് കൊലപ്പെടുത്തിയതിന് പിന്നിലും അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എയുടെ ബുദ്ധി തള്ളിക്കളയാന്‍ കഴിയില്ല. കാരണം ഈ മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കേണ്ടതും അമേരിക്കയുടെ ആവശ്യമാണ്. ശത്രുരാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഉള്ള ഇത്തരം നീക്കങ്ങളുടെ ഭാഗമായി യുക്രെയിന് കൂടുതല്‍ ആധുനിക ആയുധങ്ങള്‍ നല്‍കി റഷ്യന്‍ അതിര്‍ത്തിയിലും ഇപ്പോള്‍ പ്രകോപനം സൃഷ്ടിക്കുന്നുണ്ട്.

അമേരിക്കയുടെ ഭയത്തില്‍ നിന്നുണ്ടാകുന്ന പ്രകോപനമാണിത്. ‘വിനാശകാലേ വിപരീത ബുദ്ധി’ എന്നും ഇതിനെ വിളിക്കാവുന്നതാണ്. പ്രഖ്യാപിത ആണവ രാജ്യമല്ലെങ്കിലും ഇറാന്റെ കൈയ്യില്‍ ആണവായുധം ഉണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. സഹികെട്ടാല്‍ ആദ്യം ഇറാന്‍ അത് പ്രയോഗിക്കാന്‍ പോകുന്നതും അമേരിക്കയിലേക്ക് ആയിരിക്കും. ഇസ്രയേലിനെ മുന്‍നിര്‍ത്തി സകല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നത് അമേരിക്കയാണെന്ന റിപ്പോര്‍ട്ട് റഷ്യയും ഇറാന് കൈമാറിയിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ സമവായ ചര്‍ച്ചയ്ക്ക് അമേരിക്ക മുന്‍കൈ എടുത്തിരിക്കുന്നത്. ഖത്തറിനും ഈജിപ്തിനും മേലുള്ള സമ്മര്‍ദ്ദവും അതിന്റെ ഭാഗമാണ്. പലസ്തീന്‍ വിഷയത്തിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ച വേഗത്തിലാക്കി മേഖലയിലെ സംഘര്‍ഷാവസ്ഥ ലഘൂകരിക്കാനുള്ള ശ്രമം നടക്കുന്നതും ഇതിന്റെ ഭാഗമാണ്. വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ഇസ്രയേലും അമേരിക്കയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഹമാസിന് എല്ലാ സഹായവും നല്‍കുന്നത് ഇറാനായതിനാല്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങളെ സംബന്ധിച്ച് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇസ്രയേലിനെ പ്രഹരിച്ച ശേഷം മാത്രം ചര്‍ച്ചയുടെ കാര്യം പരിഗണിച്ചാല്‍ മതിയെന്ന നിലപാടാണ് പലസ്തീനികള്‍ക്കും ഉള്ളത്. ഇസ്രയേലിന്റെ ആക്രമണത്തില്‍ ആഗസ്റ്റ് 9 വരെ കൊല്ലപ്പെട്ടിരിക്കുന്നത് 40,000 പലസ്തീനികളാണ്. ഒരുലക്ഷത്തോളം പേരാണ് പരിക്കേറ്റ് ചികിത്സയില്‍ ഉള്ളത്. എന്നിട്ട് പോലും തിരിച്ചടിയുടെ കാര്യത്തില്‍ ഇപ്പോഴും ഉറച്ച നിലപാടാണ് അവിടുത്തെ ജനത പിന്തുടരുന്നത്. ഇനി അഥവാ പലസ്തീന്‍ വിഷയത്തില്‍ വെടിനിര്‍ത്തല്‍ സംഭവിച്ചാല്‍ പോലും അത് ഇറാന്റെ പ്രതികാരത്തെ സ്വാധീനിക്കുകയില്ല. ഇറാന്റെ മണ്ണില്‍ കയറി ഹമാസ് നേതാവിനെ കൊന്നതില്‍ തിരിച്ചടിക്കാതെ ഒരു രാജ്യമെന്ന നിലയില്‍ ഇറാന് മുന്നോട്ടുപോകാനും കഴിയില്ല.

ഇതിനിടെ ത് നിമിഷവും ഇറാന്‍ ഇസ്രയേലിനെ ആക്രമിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയതിനാല്‍ ടെല്‍ അവീവിലേക്കുള്ള വിമാനങ്ങള്‍ വ്യാപകമായി റദ്ദാക്കിയിട്ടുണ്ട്. ഹമാസും ഹിസ്ബുല്ലയും ഇറാനും ലബനനും ചേര്‍ന്നുള്ള സംയുക്ത ആക്രമണമാണ് ഇസ്രയേലിന് നേരെ നടക്കാന്‍ പോകുന്നത്. തിരിച്ചടിക്കാന്‍ അമേരിക്ക ഇടപെട്ടാലാണ് കളി മാറുക. റഷ്യയും ചൈനയും ഉത്തര കൊറിയയും ഇടപെടാന്‍ പോകുന്നതും അപ്പോള്‍ മാത്രമായിരിക്കും. അതോടെ ലോകം തന്നെയാണ് നിന്ന് കത്താന്‍ പോകുന്നത്. ഒരു മൂന്നാം ലോക മഹായുദ്ധം ഭൂമിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നതിനാല്‍ അമേരിക്ക ആയിട്ട് അതിന് അവസരം ഉണ്ടാക്കരുതെന്നാണ് അമേരിക്കന്‍ സഖ്യ രാജ്യങ്ങളും ആഗ്രഹിക്കുന്നത്. ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഈ അഭിപ്രായക്കാരാണ്. അവരത് അമേരിക്കയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടണിലെയും ഫ്രാന്‍സിലെയും സര്‍ക്കാരുകള്‍ മാറിയതും അമേരിക്കയുടെ ഇഷ്ട ഗവണ്‍മെന്റുകള്‍ വീണതും ഈ രാജ്യങ്ങളിലെ നിലപാടുകളെയും സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. അതായത് പ്രബലരായ സ്വന്തം സഖ്യകക്ഷികളില്‍ നിന്നു പോലും പിന്തുണ ലഭിക്കാത്ത സാഹചര്യമാണ് യുദ്ധ മുഖത്തേക്ക് എടുത്ത് ചാടിയാല്‍ അമേരിക്ക ഇനി അഭിമുഖീകരിക്കാന്‍ പോകുന്നത്. അതാകട്ടെ, വ്യക്തവുമാണ്…

EXPRESS KERALA VIEW

Top