ബെംഗളൂരു: ട്വന്റി 20 ഉള്‍പ്പടെയുള്ള ക്രിക്കറ്റിന്റെ വിവിധ ഫോര്‍മാറ്റുകളുടെ പ്രോത്സാഹനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിയുടെ പേരാണ് ഉപയോഗിക്കുന്നത്. ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയപ്പോഴും 2024 ട്വന്റി 20 ലോകകപ്പിനും കോഹ്ലിയുടെ പേരാണ് ടൂര്‍ണമെന്റ് പ്രചാരണത്തിനായി ഉപയോഗിച്ചത്. ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
ക്രിക്കറ്റിന്റെ പ്രചാരണത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തന്റെ പേര് ഉപയോഗിക്കാറുണ്ട്. ഇക്കാര്യം തനിക്ക് അറിയാം. എന്നാല്‍ ഇത്തരം നേട്ടങ്ങള്‍ക്കുവേണ്ടി താന്‍ ഇനിയൊരിക്കലും കളിക്കില്ല. ഇക്കാര്യം തനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയും. ക്രിക്കറ്റിനായുള്ള കഠിനാദ്ധ്വാനം തുടരുമെന്നും കോഹ്ലി പ്രതികരിച്ചു.
പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരം ഫിനിഷ് ചെയ്യാന്‍ കഴിയാതിരുന്നതിലെ നിരാശയും താരം തുറന്നുപറഞ്ഞു. ചിന്നസ്വാമിയിലേത് ഒരു ഫ്‌ലാറ്റ് ട്രാക്ക് ആയിരുന്നില്ല. വിക്കറ്റുകള്‍ വീഴുമ്പോള്‍ തന്റെ ആവശ്യം അവിടെ ഉണ്ടായിരുന്നു. താന്‍ കവര്‍ ഡ്രൈവ് ഉപയോഗിക്കുമെന്ന് എതിര്‍ ടീമിന് അറിയാം. ആ ഭാഗങ്ങളില്‍ ഫീല്‍ഡര്‍മാരെ നിയോഗിച്ചു. ഗ്യാപ് കണ്ടെത്തി താന്‍ ഷോട്ട് അടിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഫീല്‍ഡര്‍ ഓടിയെത്തി ക്യാച്ച് പിടികൂടിയെന്നും താരം വ്യക്തമാക്കി.