തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല: പ്രവര്‍ത്തനത്തിനും പ്രചരണത്തിനും കൂടെയുണ്ടാകും; രമേഷ് പിഷാരടി

തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല: പ്രവര്‍ത്തനത്തിനും പ്രചരണത്തിനും കൂടെയുണ്ടാകും; രമേഷ് പിഷാരടി

കൊച്ചി: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ താന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നുള്ള വാര്‍ത്തകള്‍ തള്ളി രമേഷ് പിഷാരടി. തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വ്യക്തമാക്കി. പാലക്കാട് സ്വദേശിയും കോണ്‍ഗ്രസിന്റെ പ്രചാരണപരിപാടികളിലെ സജീവ സാന്നിധ്യവുമായ രമേഷ് പിഷാരടി മത്സരിച്ചേക്കുമെന്നായിരുന്നു വാര്‍ത്തകള്‍. മത്സര രംഗത്തേക്ക് ഉടനെയില്ല എന്നാണ് രമേഷ് പിഷാരടി ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ‘എന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാര്‍ത്തകള്‍ ശരിയല്ല.. പാലക്കാട്, വയനാട്, ചേലക്കര.. പ്രവര്‍ത്തനത്തിനും പ്രചരണത്തിനും ശക്തമായി യുഡിഎഫിന് ഒപ്പമുണ്ടാവും.’ പിഷാരടി കുറിച്ചു. കൈപ്പത്തി ചിഹ്നമുള്ള കൊടിയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

പാലക്കാട് എം.എല്‍.എ ആയിരുന്ന ഷാഫി പറമ്പില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മത്സരിച്ച് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്ക് ഒരുങ്ങുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലുള്‍പ്പടെ കോണ്‍ഗ്രസ് പ്രചാരണത്തില്‍ സജീവമായിരുന്നു രമേഷ് പിഷാരടി. വിവിധ കോണ്‍ഗ്രസ് പരിപാടികളിലും പിഷാരടി പങ്കെടുക്കാറുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാലുശ്ശേരിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ രമേഷ് പിഷാരടി മുന്‍നിരയില്‍ത്തന്നെയുണ്ടായിരുന്നു.

Top