കുറ്റാരോപണങ്ങള്‍ തെളിഞ്ഞാല്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിനെ എതിര്‍ക്കില്ല; പ്രജ്ജ്വല്‍ രേവണ്ണ വിഷയത്തില്‍ എച്ച്.ഡി. ദേവഗൗഡ

കുറ്റാരോപണങ്ങള്‍ തെളിഞ്ഞാല്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിനെ എതിര്‍ക്കില്ല; പ്രജ്ജ്വല്‍ രേവണ്ണ വിഷയത്തില്‍ എച്ച്.ഡി. ദേവഗൗഡ
കുറ്റാരോപണങ്ങള്‍ തെളിഞ്ഞാല്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിനെ എതിര്‍ക്കില്ല; പ്രജ്ജ്വല്‍ രേവണ്ണ വിഷയത്തില്‍ എച്ച്.ഡി. ദേവഗൗഡ

ബെംഗളൂരു: പ്രജ്ജ്വല്‍ രേവണ്ണയ്ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണ കേസില്‍ മൗനം വെടിഞ്ഞ് മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ജെ.ഡി (എസ്) നേതാവുമായ എച്ച്.ഡി. ദേവഗൗഡ. പേരക്കുട്ടിക്കെതിരായ കുറ്റാരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിനെ എതിര്‍ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ 92-ാം പിറന്നാള്‍ ദിനമായ ശനിയാഴ്ചയാണ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ദേവഗൗഡ ഇക്കാര്യം പറഞ്ഞത്.

അതേസമയം തന്റെ മകനും ജെ.ഡി (എസ്) എം.എല്‍.എയുമായ എച്ച്.ഡി. രേവണ്ണയ്ക്കെതിരായ ലൈംഗികപീഡന കേസുകളും തട്ടിക്കൊണ്ടുപോകല്‍ കേസുകളും കെട്ടിച്ചമച്ചതാണെന്നും ദേവഗൗഡ പറഞ്ഞു. കോടതിയിലുള്ള വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനും രാഷ്ട്രീയമായി തകര്‍ക്കാനും ഗൂഢാലോചന നടന്നു. ഇപ്പോള്‍ ആരുടേയും പേര് പറയുന്നില്ല. ഇത്തവണ പിറന്നാള്‍ ആഘോഷിക്കുന്നില്ലെന്ന് ദേവഗൗഡ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തന്റെ അഭ്യുദയകാംക്ഷികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എവിടെ നിന്നും തനിക്ക് ആശംസകള്‍ നേരാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നാണ് 33-കാരനായ പ്രജ്ജ്വല്‍ രേവണ്ണയ്ക്കെതിരെ ഉയര്‍ന്ന ആരോപണം. പീഡനത്തിന് ഇരയാക്കപ്പെട്ട സ്ത്രീകളുടെ ദൃശ്യങ്ങള്‍ കര്‍ണാടകയില്‍ പ്രചരിച്ചിരുന്നു. ചില സ്ത്രീകള്‍ പരാതി നല്‍കിയതോടെ ഏപ്രില്‍ 27-നാണ് ഇയാള്‍ വിദേശത്തേക്ക് കടന്നത്. ഹാസന്‍ മണ്ഡലത്തിലെ ബി.ജെ.പി-ജെ.ഡി (എസ്) സഖ്യത്തിന്റെ സ്ഥാനാര്‍ഥിയാണ് പ്രജ്ജ്വല്‍ രേവണ്ണ.

Top