അമേഠിയില്‍ രാഹുലും റായ്ബറേലിയില്‍ പ്രിയങ്കയും മത്സരിക്കുമോ? അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കോണ്‍ഗ്രസ് ഇന്ന് ഉത്തരം നല്‍കും

അമേഠിയില്‍ രാഹുലും റായ്ബറേലിയില്‍ പ്രിയങ്കയും മത്സരിക്കുമോ? അഭ്യൂഹങ്ങൾക്ക്  വിരാമമിട്ട് കോണ്‍ഗ്രസ് ഇന്ന് ഉത്തരം നല്‍കും
അമേഠിയില്‍ രാഹുലും റായ്ബറേലിയില്‍ പ്രിയങ്കയും മത്സരിക്കുമോ? അഭ്യൂഹങ്ങൾക്ക്  വിരാമമിട്ട് കോണ്‍ഗ്രസ് ഇന്ന് ഉത്തരം നല്‍കും

ഡല്‍ഹി: അമേഠിയില്‍ രാഹുലും റായ്ബറേലിയില്‍ പ്രിയങ്കയും മത്സരിക്കുമോ? ആഴ്ചകള്‍ നീണ്ട പല അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ഈ ചോദ്യത്തിന് കോണ്‍ഗ്രസ് ഇന്ന് ഉത്തരം നല്‍കും. അഞ്ചാം ഘട്ടത്തില്‍ മെയ് 20 ന് വോട്ടെടുപ്പ് നടക്കുന്ന ഈ സീറ്റുകളിലേക്ക് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള സമയം നാളെ അവസാനിക്കുകയാണ്. ഇരു നേതാക്കളും മത്സരിക്കുന്നതിനെ ചുറ്റിപ്പറ്റി ചര്‍ച്ചകള്‍ നീണ്ടതോടെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അവസാന മണിക്കൂറിലേക്ക് നീണ്ടത്.

മത്സരിക്കാന്‍ തീരുമാനിച്ചാല്‍ രാഹുലിനും കോണ്‍ഗ്രസിനും മുന്നില്‍ കടമ്പകള്‍ നിരവധിയാണ്. രണ്ടാഴ്ച കൊണ്ട് മണ്ഡലത്തില്‍ പ്രചാരണം നടത്തി കളം പിടിക്കണം. അതേസമയം വരാനിരിക്കുന്ന മൂന്ന് ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി മറ്റ് സംസ്ഥാനങ്ങളില്‍ സജീവമാകാനും കഴിയില്ല. രാഹുലിന്റെയും പ്രിയങ്കയുടെയും അഭിപ്രായം അറിഞ്ഞ ശേഷം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാകും അന്തിമ തീരുമാനം എടുക്കുക. ഇരുവരും മത്സരിക്കാനില്ലെങ്കില്‍ ഗാന്ധി കുടുംബത്തിന്റെ ഈ സ്വന്തം മണ്ഡലങ്ങളില്‍ ആ മേല്‍വിലാസത്തിന് പുറത്തുള്ള ആളെ കണ്ടെത്തുകയും വേണം.സ്ഥാനാര്‍ഥിത്വത്തില്‍ സസ്‌പെന്‍സ് തുടരുമ്പോള്‍ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് ഇന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പ്രഖ്യാപനം കാത്ത് നിന്ന ബിജെപിയും റായ്ബറേലിയില്‍ ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പാഠക്ക്, റായ്ബറേലി എംഎല്‍എ അദിതി സിംഗ്, 2019-ല്‍ മത്സരിച്ച ദിനേഷ് പ്രതാപ് സിംഗ് എന്നിവരില്‍ ഒരാളാകും ബിജെപി സ്ഥാനാര്‍ത്ഥിയെന്നാണ് സൂചന.

രാഹുലും പ്രിയങ്കയും തന്നെ മത്സരിക്കാന്‍ വരണമെന്ന് യു പി യിലെ നേതാക്കളും പ്രവര്‍ത്തകരും ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതുവരെ അനുകൂല പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ല. മത്സരിക്കാനില്ലെന്ന് പ്രിയങ്ക ഏറെക്കുറെ ഉറപ്പിച്ച മട്ടിലാണ്. പ്രചാരണ രംഗത്താണ് പ്രിയങ്കയുടെ മുഴുവന്‍ ശ്രദ്ധയും. വയനാടിന് ശേഷം അമേഠിയിലും മത്സരിക്കുക, 2019ല്‍ തോറ്റ അമേഠി വിട്ട് റായ്ബറേലിയില്‍ മത്സരത്തിനിറങ്ങുക, രണ്ടാം മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങുക, രാഹുലിന്റെ കാര്യത്തില്‍ ഇതാണ് സാധ്യതകള്‍.

Top