ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന പാലക്കാട് ബി.ജെ.പിയുടെ സകല പ്രതീക്ഷകളും തകർക്കുന്ന രൂപത്തിലേക്കാണ് സുരേഷ് ഗോപിയുടെ വിവാദ പ്രസംഗം ഇപ്പോൾ മാറിയിരിക്കുന്നത്.
“ഉദ്ഘാടനത്തിനെത്തുക എംപിയായിട്ടായിരിക്കില്ല സിനിമാനടനായിട്ടായിരിക്കുമെന്നും അതിനുള്ള പണം കൃത്യമായി പറഞ്ഞു തന്നെ വാങ്ങുമെന്നുമുള്ള” സുരേഷ് ഗോപിയുടെ പ്രതികരണമാണ് ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി ആരു തന്നെ ആയാലും അവിടെ പ്രചരണം നയിക്കാൻ പോകുന്നത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ്. ആ സുരേഷ് ഗോപിയുടെ പണത്തോടുള്ള താൽപ്പര്യം കൂടി ചർച്ച ചെയ്യപ്പെടുന്ന തിരഞ്ഞെടുപ്പായിരിക്കും പാലക്കാട് നടക്കുക. യു ഡി എഫും ഇടതുപക്ഷവും ഇക്കാര്യം ചൂണ്ടിക്കാട്ടി ആയിരിക്കും ബി.ജെ.പിയെ ഇനി കടന്നാക്രമിക്കുവാൻ പോകുന്നത്. സുരേഷ് ഗോപി എം.പി മാത്രമല്ല കേന്ദ്ര മന്ത്രിയാണെന്നതു കൂടി ഓർമ്മിപ്പിക്കുന്ന സോഷ്യൽ മീഡിയ “സിനിമയ്ക്കും പണത്തിനുമാണ് പരിഗണനയെങ്കിൽ പിന്നെ എന്തിനാണ് എം.പിയാകാനും മന്ത്രിയാകാനും പോയതെന്ന” ചോദ്യമാണ് സുരേഷ് ഗോപിയോട് ചോദിക്കുന്നത്.
ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഒരു മുഴം മുൻപേ പ്രവർത്തനം തുടങ്ങിയ ബി.ജെ.പിയ്ക്ക് സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജനങ്ങൾ തിരഞ്ഞെടുത്ത ഒരു ജനപ്രതിനിധി ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കുകളാണ് ഇതെന്നാണ് ബി.ജെ.പി പ്രവർത്തകർ തന്നെ പറയുന്നത്. കേന്ദ്ര മന്ത്രിയാണ് താനെന്ന കാര്യം സുരേഷ് ഗോപി മറന്നോ എന്ന ചോദ്യവും ബി.ജെ.പി അണികൾ തന്നെ ഉയർത്തുന്നുണ്ട്. രാഷ്ട്രീയ എതിരാളികൾക്ക് ആക്രമിക്കാൻ ഇത്തരം ആയുധങ്ങൾ സുരേഷ് ഗോപി തന്നെ നൽകുന്നത് ബി.ജെ.പിയുടെ പാലക്കാട്ടെ വിജയ പ്രതീക്ഷയെ വല്ലാതെ ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് പാവപ്പെട്ടവരും നിഷ്കളങ്കരുമായ ഒരു ജനതയാണ് പാലക്കാട്ട് ഉള്ളത്. അവർക്ക് സുരേഷ് ഗോപിയുടെ സമ്പത്തിനോടുള്ള ഇത്തരം അഭിനിവേശം ഒരിക്കലും ദഹിക്കുകയുമില്ല.
കാരുണ്യ പ്രവർത്തികൾക്കായാണ് സുരേഷ് ഗോപി പണം വാങ്ങുന്നതെന്ന മറുവാദവും സോഷ്യൽ മീഡിയകളിൽ ഇപ്പോൾ പൊളിച്ചടുക്കപ്പെടുന്നുണ്ട്. രാജ്യം ഭരിക്കുന്ന മന്ത്രി ആ അധികാരം ഉപയോഗിച്ചാണ് പാവങ്ങളെ സഹായിക്കേണ്ടതെന്ന വാദമാണ് ഈ വിഭാഗം ഉയർത്തുന്നത്.
ഒറ്റപ്പെട്ട സഹായങ്ങൾ നൽകുകയും അത് പി.ആർ ഏജൻസികളുടെ സഹായത്തോടെ വലിയ വാർത്തയാക്കി നേട്ടം കൊയ്യാനും ആരു തന്നെ ശ്രമിച്ചാലും അത്തരം ചെപ്പടി വിദ്യകൾക്ക് അല്പായുസാണ് ഉണ്ടാകുക എന്നതാണ് ഈ വിഭാഗത്തിൻ്റെ വാദം. ഇടതുപക്ഷവും യു.ഡി.എഫുമാണ് ഇത്തരം വാദങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്.
“നിങ്ങൾ പാലക്കാട് തന്നാൽ, ഈ കേരളം ഞങ്ങൾ എടുക്കുമെന്ന” സുരേഷ് ഗോപിയുടെ മാസ് ഡയലോഗാണ് ഇടതുപക്ഷത്തെയും യു.ഡി.എഫിനെയും ചൊടിപ്പിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള സെമി ഫൈനലായാണ് രാഷ്ട്രീയപാർട്ടികൾ പാലക്കാട് ചേലക്കര മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്.
ഇതിൽ പാലക്കാട് നിലവിൽ യു.ഡി.എഫിൻ്റെ സിറ്റിംഗ് സീറ്റാണ്. ചേലക്കരയാകട്ടെ ഇടതുപക്ഷത്തിൻ്റെ ചുവപ്പ് കോട്ടയുമാണ്. നിലവിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് ബി.ജെ.പിയാണ് ഉള്ളത്.
2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനപ്രിയ സ്ഥാനാർത്ഥി ആയിട്ടു പോലും 3,859 വോട്ടുകൾക്ക് മാത്രമാണ് ഷാഫി പറമ്പിലിന് വിജയിക്കാൻ കഴിഞ്ഞിരുന്നത്. ഷാഫിയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്തി തൊട്ടു പിന്നിൽ വന്നിരുന്നത് ബി.ജെ.പി സ്ഥാനാർത്ഥിയായ മെട്രോമാൻ ശ്രീധരനാണ്. ഷാഫി പറമ്പിൽ 54,079 വോട്ടുകൾ നേടിയപ്പോൾ, ശ്രീധരന് 50,220 വോട്ടുകളാണ് ലഭിച്ചിരുന്നത്. ഇടതുപക്ഷ സ്ഥാനാർത്ഥിയായ സി.പി.എമ്മിലെ സി.പി പ്രമോദിനാകട്ടെ, 36,433 വോട്ടുകൾ നേടി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നിരുന്നു. ലോകസഭ തിരഞ്ഞെടുപ്പിലെ കണക്കുകൾ പ്രകാരവും പാലക്കാട് നിയമസഭാ മണ്ഡലത്തിൽ രണ്ടാംസ്ഥാനത്ത് ബി.ജെ.പിയാണ് വരുന്നത്. അതേസമയം, ഏത് പ്രതിസന്ധിയിലും ചേലക്കര കൈവിടില്ലെന്ന വിശ്വാസത്തിലാണ് സി.പി.എം മുന്നോട്ട് പോകുന്നത്. പാലക്കാട്ട് വോട്ടുകൾ വർദ്ധിപ്പിക്കുകയും ചേലക്കര നിലനിർത്തുകയും ചെയ്താൽ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ കഴിയുമെന്നാണ് സി.പി.എം നേതൃത്വം കരുതുന്നത്. ഉപതിരഞ്ഞെടുപ്പിന് മുൻപ് തെറ്റുതിരുത്തൽ നടപടികൾ നടപ്പാക്കിയാൽ അതിനുള്ള സാധ്യതയും വളരെ കൂടുതലാണ്.
ചേലക്കരയിൽ വോട്ടുകൾ വർദ്ധിപ്പിക്കുക എന്നതിനൊപ്പം തന്നെ ഇത്തവണയെങ്കിലും പാലക്കാട് പിടിക്കുക എന്നത് ബി.ജെ.പിയുടെ പ്രധാന ടാർഗറ്റ് ആണ്. ഉപതിരഞ്ഞെടുപ്പ് ആയതിനാൽ ബി.ജെ.പി വിജയിക്കുമെന്ന് കണ്ട് സി.പി.എമ്മിൻ്റെ വോട്ടുകൾ അവസാന നിമിഷം യു.ഡി.എഫിൻ്റെ പെട്ടിയിൽ വീഴുന്ന പതിവ് ഇത്തവണ ഉണ്ടാകില്ലന്നു തന്നെയാണ് ബി.ജെ.പി കരുതുന്നത്. സി.പി.എമ്മും ശക്തനായ സ്ഥാനാർത്ഥിയെ പാലക്കാട്ട് നിർത്തുന്നതോടെ വിജയം ഉറപ്പിക്കാമെന്നതാണ് ബി.ജെ.പിയുടെ കണക്കു കൂട്ടൽ. ഈ കണക്കു കൂട്ടലുകളുമായി മുന്നോട്ട് പോകുന്ന ബി.ജെ.പിയ്ക്കാണ് അവരുടെ പ്രചരണം നയിക്കുന്ന സുരേഷ് ഗോപി തന്നെ ഇപ്പോൾ പാര ആയിരിക്കുന്നത്. ഇനിയും ഇത്തരം വിവാദ പ്രസംഗങ്ങൾ സുരേഷ് ഗോപി നടത്തിയാൽ അത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന മുന്നറിയിപ്പ് പാലക്കാട്ടെ ബി.ജെ.പി നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന വിവരവും ഇപ്പോൾ പുറത്തു വരുന്നുണ്ട്.
സിനിമാ അഭിനയം തുടരും എന്ന പ്രഖ്യാപനം നടത്തിയതാണ് സ്വതന്ത്ര ചുമതല പോലും നൽകാതെ സുരേഷ് ഗോപിയെ പ്രധാനമന്ത്രി ഒതുക്കാൻ കാരണമായിരുന്നത്. അതു കൊണ്ടു തന്നെ ഇപ്പോഴത്തെ പുതിയ പ്രഖ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി എന്ത് നിലപാടാണ് സുരേഷ് ഗോപിയുടെ കാര്യത്തിൽ സ്വീകരിക്കുക എന്നതും പ്രസക്തമാണ്.
EXPRESS VIEW