കേരള രാഷ്ട്രീയത്തില്‍, തിരഞ്ഞെടുപ്പ് ദിവസം കൊടുങ്കാറ്റ് സൃഷ്ടിച്ച ഇ.പി ജയരാജന്‍ പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച ഇപ്പോള്‍ പുതിയ തലത്തില്‍ എത്തിയിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇപി ജയരാജനെതിരെ നടപടി എടുക്കാതെ ഒരടി മുന്നോട്ടു പോകാന്‍ ഉത്തരവാദിത്വപ്പെട്ട ഒരു കമ്യൂണിസ്റ്റു പാര്‍ട്ടി എന്ന നിലയില്‍ സി.പി.എമ്മിന് കഴിയുകയില്ലങ്കിലും സി.പി.എം സംസ്ഥാന നേതൃത്വം ഇപിയെ സംരക്ഷിക്കുന്ന നിലപാടാണ് നിലവില്‍ സ്വീകരിച്ചിരിക്കുന്നത്. അത് മുന്‍കാലങ്ങളിലെ അദ്ദേഹത്തിന്റെ സേവനം കൂടി പരിഗണിച്ചാണെന്നും അതല്ല ഈ ന്യായീകരണത്തിന് പിന്നില്‍ മറ്റു ചില കാര്യങ്ങള്‍ ഉണ്ടെന്നുമുള്ള ചര്‍ച്ചകളും അന്തരീക്ഷത്തില്‍ സജീവമാണ്.
കേരളത്തിലെ പൊതു സമൂഹത്തിനു മാത്രമല്ല, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പോലും ബോധ്യപ്പെടാത്ത ന്യായീകരണമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പത്രസമ്മേളനത്തില്‍ നടത്തിയിരിക്കുന്നത്. BJP നേതാവിനെ കണ്ട കാര്യം ഇ.പി നേരത്തെ പറഞ്ഞിരുന്നതായാണ് എം.വി ഗോവിന്ദന്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇതുസംബന്ധമായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച ഇ.പി ജയരാജന്‍ നേരത്തെ പറഞ്ഞിരുന്നത് മറ്റൊന്നാണ്. താന്‍ കൂടിക്കാഴ്ച നടത്തുന്ന എല്ലാവരുടെയും കാര്യം പാര്‍ട്ടിയെ അറിയിക്കേണ്ട ആവശ്യമില്ലന്നാണ് അദ്ദേഹം പ്രതികരിച്ചിരുന്നത്.
സംശുദ്ധ രാഷ്ട്രീയത്തിന്റെ മുഖമായി അറിയപ്പെടുന്ന ഗോവിന്ദന്‍ മാഷിന് ഇത്തരം ഒരു നിലപാട് വ്യക്തമാക്കേണ്ടി വന്നത് പാര്‍ട്ടി സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷ നിലപാട് പ്രകാരമാണെന്നാണ് സൂചന. ഇനി ഇക്കാര്യത്തില്‍ സി.പി.എം സംസ്ഥാന കമ്മറ്റി മറിച്ചൊരു തീരുമാനമെടുക്കുമോ എന്നതും കണ്ടറിയേണ്ട കാര്യമാണ്. ഇപി ജയരാജന്‍ സി.പി.എം കേന്ദ്ര കമ്മറ്റി അംഗമായതിനാല്‍ കേന്ദ്ര കമ്മറ്റിയില്‍ വിഷയം പൊന്തിവന്നാലും ചര്‍ച്ച ചെയ്യേണ്ടതായി വരും.
അടുത്ത കാലത്തായി പാര്‍ട്ടി പരിപാടികളില്‍ സജീവമല്ലാതിരുന്ന ഇ.പി ഇടതുപക്ഷ കണ്‍വീനര്‍ എന്ന നിലയിലും കാര്യമായി പ്രവര്‍ത്തന രംഗത്ത് ഉണ്ടായിരുന്നില്ല. അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം എന്തു തന്നെ ആയാലും ഒരു കമ്യൂണിസ്റ്റ് നേതാവ് എടുക്കാന്‍ പാടില്ലാത്ത നിലപാടാണിത്. ഇതിന്റെ തുടര്‍ച്ചയായി ലോകസഭ തിരഞ്ഞെടുപ്പില്‍ … ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ മികച്ചതാണെന്ന പ്രസ്താവനയും അദ്ദേഹം നടത്തുകയുണ്ടായി. പിന്നീട് തൃശൂരില്‍ ഉള്‍പ്പെടെ ഇടതുപക്ഷവും ബി.ജെ.പിയും തമ്മിലാണ് പ്രധാന മത്സരമെന്ന നിലപാടും ഇപി ജയരാജന്‍ സ്വീകരിക്കുകയുണ്ടായി. ഇതെല്ലാം വീക്ഷിക്കുന്ന ഒരു രാഷ്ട്രീയ വിദ്യാര്‍ത്ഥിക്ക് ഇപി – ജാവദേക്കര്‍ കൂടിക്കാഴ്ചയെ അത്ര നിഷ്‌കളങ്കമായി കാണാന്‍ സാധിക്കുകയില്ല.
എന്തു ന്യായീകരണം ഇപി ജയരാജന്‍ നടത്തിയാലും പ്രകാശ് ജാവദേക്കര്‍ എന്ന ബി.ജെ.പി ദേശീയ നേതാവുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കേണ്ടതു തന്നെയായിരുന്നു. ഒരു മുന്നറിയിപ്പും നല്‍കാതെ തന്റെ മകന്റെ ഫ്ലാറ്റിലേക്ക് പ്രകാശ് ജാവദേക്കര്‍ കയറിവരികയാണ് ഉണ്ടായതെന്ന ഇ.പിയുടെ വാദം യുക്തിക്ക് നിരക്കുന്നതല്ല. പ്രകാശ് ജാവദേക്കര്‍ എന്നല്ല ബി.ജെ.പിയുടെ ഏതെങ്കിലും ഒരു പ്രാദേശിക നേതാവു പോലും മുന്‍കൂട്ടി ഒരു സിഗ്നല്‍ ലഭിക്കാതെ ഇപി ജയരാജനെ പോലെയുള്ള ഉന്നതനായ സി.പി.എം നേതാവിന്റെ വീട്ടില്‍ പോകുകയില്ല. ഇത് മനസ്സിലാക്കാന്‍ സാമാന്യ ബോധം മാത്രം മതിയാകും.
സി.പി.എം നേതാക്കളെ അടര്‍ത്തിയെടുക്കേണ്ടത് ബി.ജെ.പിയുടെ അജണ്ടയാണ്. ആ അജണ്ട നടപ്പാക്കാന്‍ ഏത് മാര്‍ഗ്ഗവും അവര്‍ സ്വീകരിക്കും. ദല്ലാള്‍ നന്ദകുമാര്‍ എന്നല്ല, ആരെയും ആ ലക്ഷ്യത്തില്‍ എത്താന്‍ അവര്‍ ഉപയോഗിക്കുകയും ചെയ്യും. അത്തരം ഒരു നീക്കം തന്നെയാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കണ്‍വീനര്‍ കൂടിയായ ഇ.പി ജയരാജനെ സ്വാധീനിച്ചാല്‍ അതല്ലെങ്കില്‍ അയാളെ ഒപ്പം കൂട്ടിയാല്‍ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന ബോധത്തില്‍ നിന്നാണ് സകല നീക്കങ്ങളും സംഭവിച്ചിരിക്കുന്നത്. അതാകട്ടെ വ്യക്തവുമാണ്.
ഇപി ജയരാജന്‍ എന്നല്ല അതിനേക്കാള്‍ വലിയ സി.പി.എം നേതാവ് ബി.ജെ.പിയിലേക്ക് പോയാലും കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിനോ, സി.പി.എമ്മിനോ ഒന്നും സംഭവിക്കുകയില്ല. സി.പി.എമ്മിന്റെ രാഷ്ട്രീയ അടിത്തറ എന്നു പറയുന്നത്. വ്യക്തി കേന്ദ്രീകൃതമല്ല എന്നത് ബി.ജെ.പി നേതാക്കള്‍ തിരിച്ചറിയുന്നത് നല്ലതാണ്. ഏത് നേതാവ് സി.പി.എം വിട്ടാലും ഒപ്പം അദ്ദേഹത്തിന്റെ കുടുംബം പോകും എന്നല്ലാതെ മറ്റൊന്നും സംഭവിക്കുകയില്ല. അതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ നയിക്കുന്ന പ്രത്യയശാസ്ത്ര ബോധം. എന്നാല്‍, ഇത്തരത്തില്‍ ഏതെങ്കിലും സ്വാര്‍ത്ഥ താല്‍പ്പര്യക്കാരായ കമ്യൂണിസ്റ്റ് നേതാക്കള്‍ ബി.ജെ.പിയുടെ കെണിയില്‍ വീണാല്‍ സി.പി.എമ്മും മറ്റു ഇടതുപാര്‍ട്ടികളും പ്രതിരോധത്തിലായി പോകും എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. അതാണിപ്പോള്‍ ഇവിടെയും സംഭവിച്ചിരിക്കുന്നത്.
‘ഇന്നത്തെ കോണ്‍ഗ്രസ്സ്… നാളത്തെ ബി.ജെ.പി’ എന്നു പറയുന്ന ഇടതുപക്ഷത്തിനെ പ്രതിരോധത്തിലാക്കുന്ന സംഭവമായാണ് പ്രകാശ് ജാവദേക്കര്‍ – ഇപി ജയരാജന്‍ കൂടിക്കാഴ്ച മാറിയിരിക്കുന്നത്. ചെങ്കൊടിയില്‍ സുരിക്ഷതത്വം കാണുന്ന മതന്യൂനപക്ഷങ്ങളെ സംബന്ധിച്ചും ആശങ്കപ്പെടുത്തുന്ന നീക്കമാണിത്. ഇ.പി ജയരാജനെ പ്രകാശ് ജാവദേക്കര്‍ കണ്ടതില്‍ തെറ്റില്ലങ്കില്‍ എന്‍.കെ പ്രേമചന്ദ്രന് പ്രധാനമന്ത്രി നല്‍കിയ ഉച്ചവിരുന്ന് എങ്ങനെ തെറ്റാകുമെന്ന ചോദ്യവും യു.ഡി.എഫ് കേന്ദ്രങ്ങള്‍ ഇപ്പോള്‍ ഉയര്‍ത്തുന്നുണ്ട്. ആന്റണിയുടെയും കരുണാകരന്റെയും മക്കള്‍ ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ്സ് നേതാക്കള്‍ ബി.ജെ.പിയില്‍ പോയത് രാഷ്ട്രീയ ആയുധമാക്കുന്ന സി.പി.എമ്മിന്റെ ആക്രമണത്തിന്റെ മുനയാണ് ഇപിയുടെ വിവാദ കൂടിക്കാഴ്ചയിലൂടെ ഇപ്പോള്‍ ഒടിഞ്ഞിരിക്കുന്നത്.
ഗുജറാത്തിലെ സൂറത്തിലും മധ്യ പ്രദേശിലെ ഇന്‍ഡോര്‍ ലോകസഭ മണ്ഡലത്തിലും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിച്ച്, ബി.ജെ.പിയുടെ വിജയം എളുപ്പമാക്കിയതു പോലും കോണ്‍ഗ്രസ്സിന് എതിരെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് സി.പി.എമ്മിനെ ഈ വിവാദ കൂടിക്കാഴ്ച മാറ്റിയിരിക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് മോദി ഉള്‍പ്പെടെയുള്ള നേതാക്കളുമായി ഇടപെടേണ്ടി വരുന്നത് പോലെയല്ല ഇത്. ഇപി ജയരാജനും പ്രകാശ് ജാവദേക്കര്‍ക്കും പാര്‍ട്ടി പദവികള്‍ക്ക് അപ്പുറം മറ്റൊരു പദവികളും ഇല്ലാത്തതിനാല്‍ പരസ്പരം കാണുന്നതിനെയും ചര്‍ച്ച നടത്തുന്നതിനെയും യാദൃശ്ചികമായി തള്ളിക്കളയാന്‍ കഴിയുന്നതല്ല. മാത്രമല്ല പൊതു ഇടത്തില്‍ വച്ചല്ല പ്രകാശ് ജാവദേക്കര്‍ ഇപിയെ കണ്ടിരിക്കുന്നത് എന്നതും ഈ ഘട്ടത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്.
അതായത് ‘പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകുമെന്ന’ ഒറ്റ പ്രസ്താവനയില്‍ ഒതുക്കപ്പെടേണ്ട വിഷയമല്ല ഇതെന്നതും വ്യക്തം. ബി.ജെ.പിയുടെ കേരളത്തിന്റെ ചുമതലയുള്ള പ്രധാന നേതാവായ പ്രകാശ് ജാവദേക്കറുമായി ഇപി ജയരാജന്‍ ചര്‍ച്ച നടത്തിയത്. ഒരു മിനുട്ടായാലും 45 മിനുട്ടായാലും അത് തെറ്റു തന്നെയാണ്. ഈ സന്ദര്‍ശനം പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും മറച്ചു വച്ചത് അതിലും ഗുരുതരമായ തെറ്റാണ്. ( അറിയിച്ചു എന്ന വാദവും വിശ്വസിക്കാന്‍ പറ്റുന്നതല്ല) ഇപി ജയരാജനല്ല മറ്റേതെങ്കിലും നേതാവാണെങ്കില്‍ എന്തു നടപടിയാണ് സി.പി.എം സ്വീകരിക്കുമായിരുന്നത് എന്നതും ഈ ഘട്ടത്തില്‍ നാം ചിന്തിക്കേണ്ടതാണ്. ചെറിയ തെറ്റുകള്‍ക്കു പോലും സംഘടനാ തലത്തില്‍ വലിയ ശിക്ഷ നല്‍കുന്ന പാര്‍ട്ടിയാണ് സി.പി.എം. എണ്ണിയെണ്ണി പറയാന്‍ നിരവധി ഉദാഹരണങ്ങളുമുണ്ട്. അത്തരമൊരു നടപടി തന്നെയാണ് വിവാദ കൂടിക്കാഴ്ചയില്‍ ഇടതുപക്ഷ അണികളും പ്രതീക്ഷിക്കുന്നത്.
പാര്‍ട്ടിയില്‍ വ്യക്തി ഒരു ഘടകമല്ലന്നത് അണികളെയും പൊതു സമൂഹത്തെയും ബോധ്യപ്പെടുത്തി മാത്രമേ ഏതൊരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും മുന്നോട്ടു പോകാന്‍ സാധിക്കുകയൊള്ളൂ. ഇതോടൊപ്പം തന്നെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ നഷ്ടപ്പെടുന്നുണ്ടോ എന്നതു സംബന്ധിച്ച് ആഴത്തിലുള്ള ഒരു പരിശോധനയും നല്ലതായിരിക്കും. രാജ്യത്തെ ഇടതുപക്ഷത്തിന്റെ ഏക തുരുത്താണ് കേരളം. അതുകൂടി നഷ്ടമായാല്‍ പിന്നെ ഒരു തിരിച്ചുവരവ്… പുതിയ കാലത്ത് ഏറെ പ്രയാസകരമാകും. പശ്ചിമ ബംഗാളിന്റെ ചരിത്രം ഓര്‍മ്മപ്പെടുത്തുന്നതും അതു തന്നെയാണ്.
പശ്ചിമ ബംഗാളില്‍ ഇടതുപക്ഷത്തിന്റെ ഭരണം അവസാനിപ്പിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ്സാണെങ്കില്‍, ത്രിപുരയില്‍ ബി.ജെ.പിയാണ് ഇടതുപക്ഷ സര്‍ക്കാറിനെ അട്ടിമറിച്ചിരിക്കുന്നത്. ആര്‍.എസ്.എസിന് രാജ്യത്ത് ഏറ്റവും അധികം ശാഖകള്‍ ഉള്ള സംസ്ഥാനമായ കേരളമാണ് അടുത്തതായി സംഘപരിവാര്‍ ലക്ഷ്യമിടുന്ന സംസ്ഥാനം. മുന്‍ ആര്‍.എസ്.എസ് നേതാവായ പ്രധാനമന്ത്രി തന്നെ അക്കാര്യം തുറന്നു പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ സകല നീക്കങ്ങളും ബി.ജെ.പിയുടെ മാത്രമല്ല, ആര്‍.എസ്.എസിന്റെയും ദേശീയ നേതൃത്വത്തിന്റെ അറിവോടെയാണ് നടക്കുന്നത്. ഇപി ജയരാജനെ പ്രകാശ് ജാവദേക്കര്‍ കണ്ടിട്ടുണ്ടെങ്കില്‍ അത് പ്രധാനമന്ത്രിയും അമിത് ഷാ ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കളുടെയും അറിവോടെ തന്നെ ആയിരിക്കും. അങ്ങനെ തന്നെ സംശയിക്കേണ്ട വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കൂടിക്കാഴ്ചക്ക് അതീവ ഗൗരവം കൈവരുന്നതും അതു കൊണ്ടാണ്.
കേരളത്തിലെ കമ്യൂണിസ്റ്റുകളെ സംബന്ധിച്ച് അവര്‍. ആര്‍.എസ്.എസ് – ബി.ജെ.പി പ്രവര്‍ത്തകരെ കാണുന്നത് കൊടും ശത്രുക്കളായാണ്. കണ്ടാല്‍പോലും മിണ്ടാത്ത പകയാണത്. അത്തരം പകയുടെ ഭാഗമായി നിരവധി പേരാണ് ഇരു ഭാഗത്തുമായി കൊല്ലപ്പെട്ടിരിക്കുന്നത്. ഏറ്റവും കൂടുതല്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതും ആര്‍.എസ്.എസുകാരുടെ കൈകളാലാണ്. ഇതെല്ലാം അറിയാവുന്ന ഇ.പി ജയരാജന് എങ്ങനെ പ്രകാശ് ജാവദേക്കറുമായി സംസാരിക്കാന്‍ കഴിഞ്ഞു എന്ന ചോദ്യം സി.പി.എം അണികള്‍ ഉയര്‍ത്തുമ്പോള്‍ നേതൃത്വത്തിനു പോലും മറുപടി പറയാനില്ലാത്ത അവസ്ഥയാണുള്ളത്.
വ്യക്തിപരമായി ഒരാളെ കണ്ടാല്‍ അത് തെറ്റായി പോയെന്ന് പറയുന്നത് ഭ്രാന്താണെന്നാണ് ഗോവിന്ദന്‍ മാഷ് ഇപ്പോള്‍ പറയുന്നത്. ഇതേ ഗോവിന്ദന്‍ മാഷോട് താങ്കളെ കാണാന്‍ ഇതുപോലെ ഒരാള്‍ വന്നാല്‍ എന്തു നിലപാട് സ്വീകരിക്കുമെന്ന ചോദ്യത്തിനു മുന്നില്‍ തന്ത്ര പൂര്‍വ്വമാണ് അദ്ദേഹം ഒഴിഞ്ഞു മാറിയിരിക്കുന്നത്. പ്രകാശ് ജാവദേക്കര്‍ എന്നത് ഏതോ ഒരാളല്ല ബി.ജെ.പിയുടെ ദേശീയ നേതാവാണ്. കേരളം ഇടതുപക്ഷത്തില്‍ നിന്നും മോചിപ്പിക്കാന്‍ മോദിയും അമിത് ഷായും പ്രത്യേക ചുമതല നല്‍കി പറഞ്ഞയച്ച നേതാവുമാണ്. അങ്ങനെ ഒരാള്‍ ഇപിയെ കാണാന്‍ വന്നത് ക്ഷേമം അന്വേഷിക്കാനല്ല. വ്യക്തമായ പരിവാര്‍ അജണ്ട മുന്‍ നിര്‍ത്തി തന്നെയാണ്. അതിനെ ആരെങ്കിലും നിസാരവല്‍ക്കരിക്കാന്‍ ശ്രമിച്ചാല്‍ അതെന്തായാലും അംഗീകരിച്ചു കൊടുക്കാന്‍ രാഷ്ട്രീയ പ്രബുദ്ധതയുള്ള ഈ നാടിനു കഴിയുകയില്ല. കാവി നിഴല്‍ കണ്ടാല്‍ തന്നെ രാഷ്ട്രീയ കൂടുമാറ്റം സാധ്യമാക്കപ്പെടുന്ന കാലത്താണ് ഇന്ന് നാം ജീവിക്കുന്നതെന്നതും സി.പി.എം നേതൃത്വം തിരിച്ചറിയണം. പ്രത്യയശാസ്ത്ര കരുത്ത് പോലും സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കു മുന്നില്‍ ചോര്‍ന്നു പോകുന്ന കാലമാണിത്.
ഏതെങ്കിലും കോണ്‍ഗ്രസ്സ് – ലീഗ് നേതാക്കള്‍ വന്ന് ചര്‍ച്ച നടത്തുന്നതു പോലെയല്ല, ഒരു ബി.ജെ.പി ദേശീയ നേതാവ് ഇപി ജയരാജനോട് ചര്‍ച്ച നടത്തുവാന്‍ വരുന്നത് എന്ന നല്ല ബോധ്യം ഇപി ജയരാജനില്ല എന്നു പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ എന്തായാലും ബുദ്ധിമുട്ടാണ്. ഇപി ജയരാജന്‍ ബി.ജെ.പിയിലേക്ക് പോയാലും ഇല്ലെങ്കിലും പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച തിരഞ്ഞെടുപ്പു ദിവസം തന്നെ ഇപി സ്ഥിരീകരിച്ചത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ മൂലമാണെന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒരു വെളിപ്പെടുത്തല്‍ നടത്താന്‍ തിരഞ്ഞെടുപ്പ് കഴിയുംവരെ പോലും കാത്തിരിക്കാന്‍ ഇപി തയ്യാറാകാതിരുന്നതാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. അവിടെയാണ് തൃശൂരിലെ ‘ഡീല്‍’ ആരോപണത്തിനും പ്രസക്തി വര്‍ദ്ധിക്കുന്നത്. നിര്‍ണ്ണായക തിരഞ്ഞെടുപ്പില്‍, പാര്‍ട്ടിയെ ചതിക്കുന്ന വെളിപ്പെടുത്തലായി പോയി ഇപിയുടെ തുറന്നു പറച്ചില്ലെന്ന വികാരമാണ് സി.പി.എം പ്രവര്‍ത്തകരുടെ പ്രൊഫൈലുകളില്‍ നിറയുന്നത്. ഇതൊരു അസാധാരണ സ്ഥിതിവിശേഷം തന്നെയാണ്.
തൃശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിക്കാന്‍, ഇപിയുമായി ഡീല്‍ നടത്താന്‍ ശ്രമം നടന്നു എന്നു പറയുന്നവര്‍, ഇപി അഥവാ തയ്യാറായാല്‍ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തിന് എത്രവോട്ടുകള്‍ തൃശൂരിലുണ്ട് എന്ന ചോദ്യത്തിനാണ് ആദ്യം മറുപടി പറയേണ്ടത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യാന്‍ സി.പി.എം കേഡര്‍മാരോടു പറയാന്‍ ഏത് നേതാവിനാണ് ധൈര്യം ഉണ്ടാകുക എന്നതിനും മറുപടി വേണം. ഏതെങ്കിലും നേതാവ് പറഞ്ഞാല്‍ താമരയ്ക്ക് വോട്ടു ചെയ്യുന്ന ബോധമല്ല….സി.പി.എം പ്രവര്‍ത്തകരെ നയിക്കുന്നതെന്നതും തിരിച്ചറിയുന്നത് നല്ലതാണ്.
പഴയ ‘കോലീബി ‘ ഓര്‍മ്മയിലാണ് ഇത്തരം ഒരു കണക്കു കൂട്ടലെങ്കില്‍, ബി.ജെ.പി നേതൃത്വത്തിന് ശരിക്കും തെറ്റി എന്നു തന്നെ പറയേണ്ടി വരും. ബേപ്പൂരിലും വടകരയിലും ബി.ജെ.പിയും യു.ഡി.എഫും മുന്‍പ് പയറ്റിയ കോലീബി സഖ്യം ചുവപ്പ് രാഷ്ട്രീയത്തില്‍ ഒരിക്കലും വേവുകയില്ല. കാവി രാഷ്ട്രീയത്തെ തകര്‍ക്കുക എന്നത് , പ്രഥമ ലക്ഷ്യമായി കണ്ട് മുന്നോട്ടു പോകുന്ന പാര്‍ട്ടിയാണ് സി.പി.എം. രാജ്യത്തെ മറ്റേത് പാര്‍ട്ടി ബി.ജെ.പിയുമായി സന്ധി ചെയ്താലും സി.പി.എം അത് ചെയ്യുകയില്ല. ഈ യാഥാര്‍ത്ഥ്യം അറിയുന്നതുകൊണ്ടാണ് ‘ഫാസിസത്തോട് ഒരിക്കലും സി.പി.എം സന്ധിചെയ്യില്ലന്ന ഉറപ്പുണ്ടെന്ന് ഉന്നതനായ സമസ്ത നേതാവിനു പോലും പരസ്യമായി പറയേണ്ടി വന്നിരിക്കുന്നത്.
ഇപി വിവാദത്തില്‍, വിശദാംശങ്ങള്‍ പരിശോധിച്ച് ഇനി നടപടി സ്വീകരിക്കേണ്ടത് അദ്ദേഹം ഉള്‍പ്പെട്ട ഘടകമായ സി.പി.എം കേന്ദ്ര കമ്മറ്റിയാണ്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇടതുപക്ഷ മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് ഇ പി തുടരണമോ എന്ന കാര്യത്തിലും സി.പി.എം തന്നെയാണ് തീരുമാനമെടുക്കേണ്ടത്. ഇപിയില്‍ വിശ്വാസം നഷ്ടമായതിനാല്‍ മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റണമെന്ന നിലപാട് സി.പി.ഐക്കുമുണ്ട്. ഇക്കാര്യത്തിലും ഉടനെ തന്നെ ചേരുന്ന സി.പി.എം സംസ്ഥാന കമ്മറ്റിക്ക് തീരുമാനമെടുക്കേണ്ടതായി വരും. ഇനി നടപടി ഒന്നും സ്വീകരിക്കാതെ മുന്‍പത്തെ പോലെ ഇത്തവണയും ഇ.പിയോട് വിട്ടുവീഴ്ച സി.പി.എം കാണിച്ചാല്‍ അത് ഇടതുപക്ഷത്തെ സംബന്ധിച്ച് വലിയ പ്രതിസന്ധി സൃഷ്ടിക്കും. കൂടിക്കാഴ്ച സംബന്ധമായി, ഏറ്റവും ഒടുവില്‍ ദല്ലാള്‍ നന്ദകുമാര്‍ ഉയര്‍ത്തിയ ആരോപണത്തിനാണ് അത്തരമൊരു നിലപാട് ശക്തിപകരുക. അതാകട്ടെ, അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന് വലിയ ആയുധമായി മാറുകയും ചെയ്യും. അതെന്തായാലും … തുറന്നു പറയാതെ വയ്യ . . .
EXPRESS KERALA VIEW