ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ട വോട്ടെടുപ്പിന് തലേദിവസം അവസാന ‘ആയുധവും’ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തെടുക്കുകയാണ്. കന്യാകുമാരിയിലെ വിവേകാനന്ദ മണ്ഡപത്തിൽ ധ്യാനത്തിൽ മുഴുകുന്ന മോദിയുടെ ചിത്രങ്ങളും വാർത്തകളുമാണ് വോട്ടെടുപ്പിൻ്റെ അവസാന ലാപ്പിൽ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും നിറയാൻ പോകുന്നത്.
പ്രധാനമന്ത്രി പദത്തിൽ മൂന്നാം ഊഴം ആഗ്രഹിക്കുന്ന മോദിയുടെ അവസാന തുറുപ്പു ചീട്ടായി ഈ ധ്യാനത്തെ പ്രതിപക്ഷം നോക്കി കാണുമ്പോൾ, ഇത് വോട്ടർമാരെ എങ്ങനെ സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്.
പൊതു തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് വിരാമമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിലെ വിവേകാനന്ദ മണ്ഡപത്തിൽ ധ്യാനത്തിനായി പോവുകയാണെന്ന വാർത്ത, ഇതിനകം തന്നെ ദേശീയ – അന്തർദേശീയ മാധ്യമങ്ങളിൽ വലിയ വാർത്തയായിട്ടുണ്ട്. ബി.ജെ.പി – ആർ.എസ്.എസ് അനുകൂല പ്രൊഫൈലുകളും മോദിയുടെ ധ്യാനം വലിയ പ്രചരണ ആയുധമാക്കിയിട്ടുണ്ട്.
മെയ് 30 ന് കന്യാകുമാരിയിൽ എത്തുന്ന മോദി 31 ന് ധ്യാനമണ്ഡപത്തിലെത്തി ഒരു ദിവസം അവിടെ ചിലവഴിക്കുമെന്നാണ് ബി.ജെ.പി നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി ഉന്നത പോലീസ് ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും, കന്യാകുമാരി ജില്ലയിലും ലക്ഷദ്വീപ് കടലിലും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി തുടങ്ങിയിട്ടുണ്ട്.
2019 ലെ പൊതുതിരഞ്ഞെടുപ്പ് സമയത്തും, സമാനരീതിയിൽ പ്രധാനമന്ത്രി ആത്മീയ ഇടവേള എടുത്തിരുന്നത് വലിയ വാർത്തയായിരുന്നു. അന്ന് തിരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടത്തിൽ കേദാർനാഥിലെ ഗുഹയിലാണ് മോദി ധ്യാനനിമഗ്നനായി ചിലവഴിച്ചിരുന്നത്. ബി.ജെ.പിയ്ക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമാണ് അന്ന് ലഭിച്ചിരുന്നത്.
ഇത്തവണത്തെ മോദിയുടെ ധ്യാനത്തിന് മറ്റു ചില പ്രത്യേകതകൾ കൂടിയുണ്ട്. തൻ്റേത് ഒരു അവതാര പിറവിയാണെന്ന മോദിയുടെ തുറന്നു പറച്ചിലിനു ശേഷം നടക്കുന്ന ധ്യാനമാണ് കന്യാകുമാരിയിൽ നടക്കാൻ പോകുന്നത്. മോദി ദൈവത്തിൻ്റെ അവതാരമാണെന്ന് മുൻപ് ബി.ജെ.പി മന്ത്രിമാർ ഉൾപ്പെടെയുള്ളവർ അവകാശപ്പെട്ടിട്ടുണ്ടെങ്കിലും, മോദി അത് തുറന്നു പറയുന്നത് ഇതാദ്യമായാണ്. അതു കൊണ്ടു തന്നെ ഇത്തവണത്തെ ധ്യാനത്തിന് പ്രസക്തിയും ഏറെയാണ്.
400 സീറ്റുകൾ നേടുമെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിട്ട മോദിയും ബി.ജെ.പിയും അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ വലിയ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുമോ എന്ന സംശയത്തിൽ നിന്നും എൻ.ഡി.എ മുന്നണിക്ക് പോലും കേവല ഭൂരിപക്ഷം കിട്ടില്ലേ എന്ന തരത്തിലേക്ക് വരെ, ചർച്ചകൾ വഴിമാറിയിട്ടുണ്ട്. ബി.ജെ.പി നേതൃത്വത്തിൻ്റെ ചങ്കിടിപ്പിക്കുന്നതും ഇതു തന്നെയാണ്.
2019-ൽ ബി.ജെ.പിയും സഖ്യകക്ഷികളും വൻ വിജയം നേടിയ ബീഹാർ, മഹാരാഷ്ട്ര, ഡൽഹി, ഹരിയാന, കർണ്ണാടക, സംസ്ഥാനങ്ങളിൽ പ്രതിപക്ഷ സഖ്യം വലിയ വെല്ലുവിളിയാണ് ബി.ജെ.പിക്ക് ഉയർത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ 18 സീറ്റുകൾ നേടിയ പശ്ചിമ ബംഗാളിലും ബി.ജെ.പിയുടെ നില പരുങ്ങലിലാണ്. 80 ലോകസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്ന യു.പിയിലും കടുത്ത വെല്ലുവിളിയാണ് പ്രതിപക്ഷ സഖ്യത്തിൽ നിന്നും ബി.ജെ.പി നേരിടുന്നത്. ഇവിടെ 2019-ൽ 80-ൽ 64 സീറ്റുകളും നേടിയിരുന്നത് ബി.ജെ.പി സഖ്യമാണ്.
ദക്ഷിണേന്ത്യയിൽ ആന്ധ്രയിൽ മാത്രമാണ് ചെറിയ പ്രതീക്ഷ ബി.ജെ.പിക്ക് ഉള്ളത്. മറ്റു ദക്ഷിണേന്ത്യൻ സംസഥാനങ്ങളിൽ എല്ലാം പ്രതിപക്ഷ പാർട്ടികൾക്കാണ് ആധിപത്യമുള്ളത്.
2019- മായി താരതമ്യപ്പെടുത്തുമ്പോൾ പ്രത്യേകിച്ച് ഒരു തരംഗവും ദൃശ്യമാകാത്ത തിരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെല്ലാം തന്നെ പോളിങ് ശതമാനവും വളരെ കുറവാണ്.
ഈ പ്രതികൂല സാഹചര്യത്തിലാണ്, ധ്യാനമിരിക്കാനുള്ള മോദിയുടെ തീരുമാനവും ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇത് ശേഷിക്കുന്ന വോട്ടർമാരെ സ്വാധീനിക്കുമെന്ന് തന്നെയാണ് ബിജെപി കരുതുന്നത്. അതിന് അനുസരിച്ചുള്ള അവസാനഘട്ട പ്രചരണമാണ് ബി.ജെ.പി അഴിച്ചു വിട്ടിരിക്കുന്നത്.
ബിജെപിയുടെയും മോദിയുടെയും കണക്കു കൂട്ടലുകൾ തെറ്റിച്ച് പ്രതിപക്ഷ സഖ്യം അധികാരത്തിൽ വന്നാൽ, വലിയ വിലയാണ് മോദിയും ബിജെപി നേതൃത്വവും നൽകേണ്ടി വരിക. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു ഭരണ മാറ്റത്തെ കുറിച്ച് സങ്കൽപ്പിക്കാൻ പോലും മോദിക്കും അമിത് ഷാക്കും കഴിയുകയില്ല. പ്രതിപക്ഷ പാർട്ടികൾ ചേർന്ന് ഒരു സർക്കാർ രൂപീകരിക്കുന്ന സാഹചര്യമുണ്ടായാൽ, ആ സർക്കാർ തീർച്ചയായും പ്രതികാരം ചെയ്യുമെന്ന ആശങ്ക ബി.ജെ.പി നേതൃത്വത്തിനുണ്ട്. അതു കൊണ്ട് തന്നെ, എൻ.ഡി.എയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ലങ്കിൽ, പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയെ പിളർത്തി, സഖ്യകക്ഷകളെ ഒപ്പം കൂട്ടാനുള്ള ഓപ്പറേഷൻ ‘ബി’യും ബി.ജെ.പി നിലവിൽ തയ്യാറാക്കി വച്ചിട്ടുണ്ടെന്നാണ് സൂചന.