ഡൊണാൾഡ് ട്രംപിന്റെ ഉജ്ജ്വല വിജയം അമേരിക്കയിലെയും യൂറോപ്പിലെയും ലിബറൽ വൃത്തങ്ങളിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ മിഡിൽ ഈസ്റ്റിലെ പല രാജ്യങ്ങളും, അദ്ദേഹത്തിന്റെ തിരിച്ചുവരവോടെ യുദ്ധങ്ങൾ ഉടൻ അവസാനിക്കുമെന്നും സമ്പദ്‌വ്യവസ്ഥ പുനഃസ്ഥാപിക്കുമെന്നും സ്ഥിരത വീണ്ടെടുക്കാമെന്നും ഉളള പ്രതീക്ഷയിലാണ്.
തന്റെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഗാസയിലെയും യുക്രെയ്‌നിലെയും യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. 101 ബന്ദികളെ തിരികെ കൊണ്ടുവരുമെന്നും, ലെബനനിലെ ശത്രുതയ്ക്ക് വിരാമമിടുമെന്നും ഇറാനും അതിന്റെ പ്രോക്‌സികളും ഈ മേഖലയ്ക്ക് ഭീഷണിയാകില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിരുന്നു. ജനുവരി 20ന് ട്രംപ് വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തുമ്പോൾ ഇതിനെല്ലാം ഒരു പുതിയ തീരുമാനം കൈവരുമെന്നാണ് ഇന്ത്യയുൾപ്പെടെയുള്ള ലോകരാഷ്ട്രങ്ങൾ കണക്കുകൂട്ടുന്നത്.
Also Read: ‘പുലി വരുന്നേ പുലി വരുന്നേ’ എന്ന് പറഞ്ഞ് ഇത്തവണയും കോൺഗ്രസിന് പാലക്കാട് രക്ഷപ്പെടാൻ കഴിയില്ല
എന്നാൽ, ട്രംപിന് അത് അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല എന്നതാണ് വാസ്തവം. ഇസ്രയേലിന്റെ വംശഹത്യ അവസാനിപ്പിക്കാൻ ട്രംപിന് ജറുസലേമിനെ ചുറ്റിപറ്റി ചില ചരടുവലികൾ നടത്തേണ്ടിവരും.
ഗാസയിലും ലെബനനിലും ഇസ്രയേൽ നടത്തുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കാൻ ട്രംപ് ചില അനുരഞ്ജനങ്ങൾക്ക് വഴങ്ങേണ്ടി വരുമെന്ന് തന്നെയാണ് ലഭിക്കുന്ന സൂചന. അതായത് ട്രംപ് ഇങ്ങനെയൊരു കാര്യം ഇസ്രയേലിനോട് ആവശ്യപ്പെട്ടാൽ പകരമായി പ്രധാനമന്ത്രി നെതന്യാഹു ട്രംപിൽ നിന്ന് ചില ഇളവുകളായിരിക്കാം ആവശ്യപ്പെടാൻ പോകുന്നത് എന്ന് ചുരുക്കം. അതിലൊന്ന്, ഇസ്രയേലിനോട് വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കാൻ മുൻകൈ എടുക്കാനും മറ്റൊന്ന് ഗാസയിലും ലെബനനിലും ഇസ്രയേലിന് സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കണം എന്നുമായിരിക്കാം.
തന്റെ ആദ്യ ഭരണകാലത്ത്, പതിറ്റാണ്ടുകൾ നീണ്ട ഇസ്രയേൽ-പലസ്തീൻ സംഘർഷം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള സമാധാന പദ്ധതിയായ ‘നൂറ്റാണ്ടിന്റെ ഡീൽ’ എന്ന് വിളിക്കപ്പെടുന്ന ഒരു പദ്ധതി ട്രംപ് നിർദ്ദേശിച്ചിരുന്നു. പലസ്തീനികളും ഇസ്രയേലിലെ ചില യാഥാസ്ഥിതിക വൃത്തങ്ങളും നിരസിച്ച ആ പദ്ധതിയിൽ പലസ്തീനികൾക്ക് ഒരു സ്വതന്ത്ര രാജ്യം നൽകാനും, ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിക്കാനാവില്ല എന്നുമായിരുന്നു ഉണ്ടായിരുന്നത്.
കൂടാതെ ജോർദാൻ താഴ്വരയിലേക്കോ ചില പ്രധാന പട്ടണങ്ങളിലേക്കോ നഗരങ്ങളിലേക്കോ പലസ്തീന് പ്രവേശനമില്ല എന്നും ആ വ്യവസ്ഥയിൽ പറഞ്ഞിരുന്നു. എന്നാൽ, 2021-ൽ ട്രംപ് സ്ഥാനമൊഴിഞ്ഞതോടെ ആ പദ്ധതി യാഥാർത്ഥ്യമായില്ല. എന്നാൽ അധികാരത്തിൽ തിരിച്ചെത്തിയതോടെ അത് പുനരുജ്ജീവിപ്പിച്ചേക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ‘സമാധാന ക്യാമ്പ്’ എന്ന് വിളിക്കപ്പെടുന്ന വിപുലീകരണവും ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിക്കലുമൊക്കെ മധ്യപൂർവേഷ്യ ഏറ്റവും ആകാംക്ഷയോടെ നോക്കിക്കാണുന്ന സംഭവങ്ങളാണ്
Also Read: ട്രോളി വിവാദം ഉണ്ടാക്കിയവർക്ക് തന്നെ തിരിച്ചടിയാകും, രാഷ്ട്രീയ മാറ്റം കൊണ്ടുവരും : പി.വി അൻവർ
അതേസമയം, മധ്യപൂർവേഷ്യയും ഇസ്രയേലും തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്താൻ അവസാന നിമിഷം വരെയും ബൈഡന്റെ ഭരണകൂടത്തിനായില്ല. എന്നാൽ ട്രംപ് വീണ്ടും അധികാരത്തിലേറിയതോടെ തീരുമാനങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബെഞ്ചമിൻ നെതന്യാഹു.
‘ഇപ്പോൾ, ദ്വിരാഷ്ട്ര പരിഹാരമെന്ന സൗദിയുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യം നിറവേറ്റാൻ ഇസ്രയേൽ തയ്യാറാകാത്തത് ട്രംപിന് ഒരു കീറാമുട്ടിയാകുമോ എന്ന് നോക്കിക്കാണുന്നവരുണ്ട്. ഇസ്രയേലുമായി ബന്ധമുള്ള രാജ്യങ്ങൾ ഉൾപ്പെടെ 16 അറബ് രാജ്യങ്ങളിൽ അടുത്തിടെ നടത്തിയ ഒരു സർവേ പ്രകാരം, ഗാസയിലെ ആക്രമണം ജൂതരാഷ്ട്രത്തിന്റെ ജനപ്രീതിക്ക് കനത്ത പ്രഹരമാണ് നൽകിയിരിക്കുന്നത്. ഗാസ, ലെബനൻ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലെ അതിക്രമങ്ങൾ തുടരുന്നിടത്തോളം കാലം ഇസ്രയേലിനെ പിന്തുണയ്ക്കാൻ അറബ് രാജ്യങ്ങൾക്കാകില്ല. ഇതും ഇസ്രയേൽ അനുരഞ്ജനത്തിന് ശ്രമിക്കുന്ന ട്രംപിന് തിരിച്ചടിയായേക്കും.
Also Read: ടെക്‌നോളജിക്കല്‍ വാറിന് പിന്നില്‍ ഇസ്രയേല്‍; ബൂമറാങ് പോലെ തിരിച്ചടിക്കാന്‍ ഇറാന്‍
ഇതിനിടെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നത് വരെ തന്റെ രാജ്യം യുദ്ധം അവസാനിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉറപ്പിച്ചുപറഞ്ഞിട്ടുണ്ട്. ബന്ദികളാക്കിയവരുടെയും വടക്കുഭാഗത്ത് കുടിയിറക്കപ്പെട്ട ഇസ്രയേലിലെ താമസക്കാരുടെ തിരിച്ചുവരവും ഗാസയും ഹിസ്ബുള്ളയും ഇസ്രയേലിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും നെതന്യാഹു, ട്രംപിനോട് ആവശ്യപ്പെടാനും സാധ്യതയുണ്ട്.
മധ്യേഷ്യയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ബൈഡൻ ഭരണകൂടം കാര്യമായ മുൻകൈ എടുത്തിട്ടില്ല. ഹിസ്ബുള്ളയെ ലിറ്റാനി നദിയുടെ വടക്കോട്ട് മാറ്റുന്നതിൽ ബൈഡൻ ഭരണകൂടം പരാജയപ്പെട്ടു. ട്രംപ് ചുമതലയേറ്റാൽ, ഇത് യാഥാർത്ഥമാക്കണമെന്ന് നെതന്യാഹു ആവശ്യപ്പെടും. ഒരു ബഫർ സോൺ സൃഷ്ടിക്കുന്നതിനും ഇസ്രയേലിന്റെ പ്രധാന എതിരാളിയായ ഹിസ്ബുള്ളയുടെ നിരായുധീകരണത്തിനും, കൂടാതെ ഇറാനെതിരെ കടുത്ത നിലപാട് സ്വീകരിക്കാനും നെതന്യാഹു ട്രംപിനോട് ആവശ്യപ്പെടാനാണ് സാധ്യത.
Also Read: ഇന്ത്യ റഷ്യ സൗഹൃദത്തില്‍ കുറഞ്ഞത് ആഗോള ഇന്ധനവില
അധികാരത്തിലേറിയ ആദ്യ നാലുവർഷങ്ങളിൽ ട്രംപ് ഇറാനോട് മോശമായ സമീപനമാണ് സ്വീകരിച്ചത് എന്ന കാര്യം മറക്കാൻ ആവില്ല. ഇറാനിൽ നിന്ന് എണ്ണവാങ്ങരുതെന്ന് ലോകരാജ്യങ്ങളോട് ട്രംപ് ആഹ്വാനം ചെയ്തിരുന്നു. ഇതോടെ ഇറാനുമായുള്ള ബന്ധം കൂടുതൽ വഷളാകുകയായിരുന്നു. എന്നാൽ ഇത്തവണ അമേരിക്ക ഇറാനോട് കൂടുതൽ ”സന്തുലിതമായ” സമീപനം തിരഞ്ഞെടുക്കുമെന്നാണ് വിശ്വസിക്കുന്നത്. കാരണം, ഭാഗികമായി റഷ്യ-യുക്രെയ്ൻ സംഘർഷം പരിഹരിക്കാൻ ഇറാനെ ആവശ്യമായി വരും എന്നത് തന്നെ. ആയതിനാൽ ഇറാനെയും ഇസ്രയേലിനെയും കൂടെ നിർത്താൻ ട്രംപിന് അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ വിട്ടുവീഴ്ചകൾക്ക് തയ്യാറാകേണ്ടി വന്നേക്കും എന്നത് വ്യകതവുമാണ്.