ലോകകപ്പിലെ ന്യൂസിലാന്‍ഡിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ് വില്ല്യംസണ്‍

ലോകകപ്പിലെ ന്യൂസിലാന്‍ഡിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ് വില്ല്യംസണ്‍

വെല്ലിങ്ടണ്‍: ട്വന്റി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലാന്‍ഡ് പുറത്തായതിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ് കെയ്ന്‍ വില്യംസണ്‍. ഏകദിന, ട്വന്റി20 ടീം നായകസ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച വില്യംസണ്‍, ക്രിക്കറ്റ് ബോര്‍ഡുമായി അടുത്ത സീസണിലെ കരാര്‍ പുതുക്കാനും തയാറായില്ല. വില്യംസണിന്റെ തീരുമാനം ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് അവരുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിട്ടു.

ക്രിക്കറ്റ് ബോര്‍ഡുമായുള്ള സെന്‍ട്രല്‍ കരാര്‍ പുതുക്കാതിരുന്നത് കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കാന്‍ വേണ്ടിയിട്ടാണെന്ന് 33കാരനായ വില്യംസണ്‍ പ്രതികരിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തനിക്ക് താല്‍പ്പര്യം നഷ്ടപ്പെട്ടതായി തീരുമാനത്തെ വ്യാഖ്യാനിക്കരുത്. ന്യൂസിലാന്‍ഡിനായി മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ താന്‍ എപ്പോഴും സന്നദ്ധമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് ഇപ്പോള്‍ പ്രാധാന്യം നല്‍കുകയാണ്. ന്യൂസിലാന്‍ഡിന് വേണ്ടി കളിക്കുകയെന്നത് ഒരു നിധി പോലെയാണ്. എന്നാല്‍, ക്രിക്കറ്റിനു പുറത്തുള്ള എന്റെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ട്. കുടുംബത്തോടൊപ്പം സമയം ചെലവിടുന്നതും വീട്ടുകാര്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ ആസ്വദിക്കുന്നതും ഏറെ പ്രധാനപ്പെട്ടതായി മാറിയിരിക്കുന്നു -വില്യംസണ്‍ പറഞ്ഞു.

ന്യൂസിലാന്‍ഡിന്റെ മികച്ച ക്യാപ്റ്റന്മാരിലൊരാളായി കരുതപ്പെടുന്ന കെയ്ന്‍ വില്യംസണ്‍ ഏകദിനത്തില്‍ 165 മത്സരങ്ങളില്‍ 6,810 റണ്‍സെടുത്തിട്ടുണ്ട്. 100 ടെസ്റ്റില്‍ നിന്ന് 8,743ഉം 93 ട്വന്റി20യില്‍ നിന്ന് 2,575ഉം റണ്‍സ് നേടി. ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് ടീമംഗമാണ്. ഗുജറാത്ത് ടൈറ്റന്‍സിനും ഈ സീസണില്‍ വേണ്ട പോലെ ക്ഷോഭിക്കാന്‍ കഴിഞ്ഞിരുന്നില്ല.

Top