ഇന്റർ മയാമിക്ക് വിജയത്തുടക്കം; അറ്റ്ലാന്റയെ തകർത്തത് രണ്ട് ഗോളുകൾക്ക്!

മെസ്സിക്ക് ഗോൾ നേടാനായില്ലെങ്കിലും വിജയ ഗോളിന് അവസരമൊരുക്കി. ലൂയിസ് സുവാരസും ജോർഡി ആൽബയുമാണ് മയാമിക്കായി ഗോൾവല കുലുക്കിയത്.

ഇന്റർ മയാമിക്ക് വിജയത്തുടക്കം; അറ്റ്ലാന്റയെ തകർത്തത് രണ്ട് ഗോളുകൾക്ക്!
ഇന്റർ മയാമിക്ക് വിജയത്തുടക്കം; അറ്റ്ലാന്റയെ തകർത്തത് രണ്ട് ഗോളുകൾക്ക്!

ഫ്ളോറിഡ: അറ്റ്ലാന്റ യുണൈറ്റഡിനെ തകർത്ത് വിജയത്തുടക്കവുമായി അമേരിക്കൻ മേജർ സോക്കർ ലീഗ് (എം.എൽ.എസ്) പ്ലേ ഓഫിൽ ഇന്റർ മയാമി. സൂപ്പർ താരം ലയണൽ മെസ്സിക്ക് ഗോൾ നേടാനായില്ലെങ്കിലും വിജയ ഗോളിന് അവസരമൊരുക്കി. ലൂയിസ് സുവാരസും ജോർഡി ആൽബയുമാണ് മയാമിക്കായി ഗോൾവല കുലുക്കിയത്. ഹോം ഗ്രൗണ്ടിൽ ഒന്നിനെതിരെ രണ്ട് ഗോൾ വിജയത്തോടെയാണ് മയാമി പ്ലേ ഓഫ് റണ്ണിന് തുടക്കമിട്ടത്.

കളിക്കളത്തിൽ മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. രണ്ടാം മിനിറ്റിൽ ഡേവിഡ് ഗോമസ് നൽകിയ പാസ് മുതലാക്കി സുവാരസ് തകർപ്പൻ ഗോളിലൂടെ മയാമിയെ മുന്നിലെത്തിച്ചു. 39-ാം മിനിറ്റിൽ അറ്റ്‌ലാൻ്റ തിരിച്ചടിച്ചു. അമഡോറിൻ്റെ അസിസ്റ്റിൽ സാബ ലോബ്‌ഷാനിഡ്‌സെ ആണ് വലകുലുക്കിയത്.

Also Read: ന്യൂസിലാൻഡ് പുറത്ത്; രണ്ടാം ടെസ്റ്റിൽ ഇനി ഇന്ത്യക്ക് വിജയലക്ഷ്യം 359 റൺസ്

കളിയിൽ പ്രത്യാക്രമണവുമായി മയാമി കളം നിറഞ്ഞെങ്കിലും ഹാഫ് ടൈമിൽ മറ്റൊരു ഗോളും പിറന്നില്ല. ഇതോടെ ആദ്യ പകുതി സമനിലയിൽ അവസാനിച്ചു. 60-ാം മിനിറ്റിൽ നിയന്ത്രണം വീണ്ടെടുത്ത മയാമി, ജോർഡി ആൽബയുടെ ഗോളിലൂടെ ലീഡ് നേടി. മെസ്സിയുടെ അസിസ്റ്റിലാണ് ഈ ഗോൾ പിറന്നത്. തിരിച്ചടിക്കാനുള്ള അറ്റലാന്റയുടെ ശ്രമങ്ങൾ മയാമി പ്രതിരോധം കടന്ന് ഗോൾ വല ഭേദിക്കാനായില്ല. ജയത്തോടെ മയാമി പ്ലേ ഓഫ് സീരീസിൽ ഇതോടെ 1-0 ന് മുന്നിലെത്തി.

Top