CMDRF

വീഞ്ഞിന്റെ പഴക്കം 2000 വര്‍ഷം..! സ്‌പെയിനിലെ ശവക്കലറയില്‍ നിന്ന് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വീഞ്ഞ് കണ്ടെടുത്ത് ഗവേഷകർ

വീഞ്ഞിന്റെ പഴക്കം 2000 വര്‍ഷം..! സ്‌പെയിനിലെ ശവക്കലറയില്‍ നിന്ന്  ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വീഞ്ഞ് കണ്ടെടുത്ത് ഗവേഷകർ
വീഞ്ഞിന്റെ പഴക്കം 2000 വര്‍ഷം..! സ്‌പെയിനിലെ ശവക്കലറയില്‍ നിന്ന്  ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വീഞ്ഞ് കണ്ടെടുത്ത് ഗവേഷകർ

റോം: ഇതുവരെ കണ്ടെടുക്കപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും പഴക്കം ചെന്ന വീഞ്ഞ് കണ്ടെടുത്ത് പുരാവസ്തു ഗവേഷകര്‍. ചരിത്രപ്രസിദ്ധമായ ആന്തലൂസ്യയില്‍ ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന 2,000 വര്‍ഷം പഴക്കമുള്ള വൈറ്റ് വൈനാണ് ഇതുവരെ കണ്ടെത്തിയതില്‍വെച്ച് ഏറ്റവും പഴക്കമുള്ള വീഞ്ഞായി മാറിയിരിക്കുന്നത്.

2019 ല്‍ പുരാവസ്തു ഗവേഷകര്‍ സ്‌പെയ്‌നിലെ കാര്‍മോണയില്‍ ഒരു പുരാതന റോമന്‍ ശവകുടീരം ഭൂമിക്കടിയില്‍ കണ്ടെത്തിയിടത്തുനിന്നാണ് വീഞ്ഞിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. അവിടെ ആറു പേരെ അടക്കം ചെയ്തിരുന്നു. എന്നാല്‍, ഒരു മനോഹരമായ സ്ഫടിക പാത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന അജ്ഞാത ദ്രാവകമായിരുന്നു ഒപ്പം കണ്ടെത്തിയ കൗതുകകരമായ കാഴ്ചകളിലൊന്ന്. ചുവപ്പു കലര്‍ന്ന ദ്രാവകത്തില്‍ മനുഷ്യന്റെ അസ്ഥികള്‍ മുക്കിവെച്ചിരുന്നത് ഗവേഷകരില്‍ ആകാംക്ഷയുളവാക്കി. എ.ഡി ഒന്നാം നൂറ്റാണ്ട് മുതല്‍ ഇതവിടെ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു.

കാര്‍മോണ നഗരത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കോര്‍ഡോബ സര്‍വകലാശാലയിലെ ഓര്‍ഗാനിക് കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള ഒരു സംഘം ഈ ദ്രാവകത്തെ മനുഷ്യരാശിക്ക് അറിയാവുന്ന ഏറ്റവും പഴക്കമുള്ള വീഞ്ഞാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് അത് ചരിത്രത്തി?ന്റെ ഭാഗമാവുന്നത്. രണ്ട് സഹസ്രാബ്ദങ്ങള്‍ക്കിപ്പുറവും ഒരു ശവകുടീരത്തിലെ പാത്രത്തിനുള്ളില്‍ ദ്രാവകം സംരക്ഷിക്കപ്പെട്ടു എന്നത് ഗവേഷകരെപ്പോലും അത്ഭുതപ്പെടുത്തി. ശവകുടീരത്തിന്റെ മനോഹരമായ സാഹചര്യവും പാത്രം ഭദ്രമായി സൂക്ഷിച്ചതിനാലുമെല്ലാം വീഞ്ഞിനെ യഥാര്‍ത്ഥ അവസ്ഥയില്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. പ്രകൃതിക്ഷോഭങ്ങളൊന്നും അതിനെ ബാധിച്ചതേയില്ല.

1867ല്‍ കണ്ടെത്തിയ എ.ഡി നാലാം നൂറ്റാണ്ടിലെ വൈന്‍ കുപ്പിയിയായിരുന്നു ഇതിനുമുമ്പ് അറിയപ്പെട്ടിരുന്ന ഏറ്റവും പഴക്കമുള്ള വീഞ്ഞ്. അതിപ്പോള്‍ ജര്‍മ്മനിയിലെ ചരിത്ര മ്യൂസിയത്തിലാണ്.

പുരാതന ശവകുടീരത്തില്‍ നിന്നുള്ള ചുവപ്പ് കലര്‍ന്ന ദ്രാവകം യഥാര്‍ത്ഥത്തില്‍ വീഞ്ഞായിരുന്നുവെന്ന് സ്ഥിരീകരിക്കല്‍ ഗവേഷക സംഘത്തിന് കടുത്ത വെല്ലുവിളിയായിരുന്നു. അവര്‍ കോര്‍ഡോബ സര്‍വകലാശാലയുടെ സെന്‍ട്രല്‍ റിസര്‍ച്ച് സപ്പോര്‍ട്ട് സര്‍വിസില്‍ രാസ പരിശോധനകള്‍ നടത്തി. ദ്രാവകത്തിന്റെ പി.എച്ച് സൂക്ഷ്മമായി വിശകലനം ചെയ്തു. ഓര്‍ഗാനിക് പദാര്‍ത്ഥങ്ങളും ധാതു ലവണങ്ങളും പരിശോധിച്ചു. ഗ്ലാസുമായും അതിനകത്തെ എല്ലുകളുമായോ ബന്ധപ്പെട്ടിരിക്കുന്ന രാസ സംയുക്തങ്ങള്‍ കണ്ടെത്തി. ഈ ഫലങ്ങള്‍ പിന്നീട് മോണ്ടില്ല-മോറിലസ്, ജെറസ്, സാന്‍ലൂകാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആധുനിക വൈനുകളുമായി താരതമ്യം ചെയ്തു. ഇത് ദ്രാവകം യഥാര്‍ത്ഥ വീഞ്ഞാണെന്നതിന്റെ പ്രാഥമിക തെളിവിലേക്ക് നയിച്ചു.

എല്ലാ വൈനുകളിലും അടങ്ങിയിട്ടുള്ള പോളിഫെനോളുകളില്‍ നിന്നാണ് നിര്‍ണായക സൂചന ലഭിച്ചത്. ഈ സംയുക്തങ്ങളെ ചെറിയ അളവില്‍ കണ്ടുപിടിക്കാന്‍ കഴിവുള്ള നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സമകാലിക വൈനുകളിലും അടങ്ങിയിരിക്കുന്ന ഏഴ് പോളിഫെനോളുകള്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഇതോടെ ദ്രാവകത്തിന്റെ ഐഡന്റിറ്റി വൈന്‍ ആണെന്ന് ഉറപ്പിക്കുകയായിരുന്നു.

അതേ കാലഘട്ടത്തില്‍ നിന്നുള്ള താരതമ്യപ്പെടുത്താവുന്ന സാമ്പിളുകളുടെ അഭാവം കാരണം വീഞ്ഞിന്റെ ഉത്ഭവം നിര്‍ണയിക്കുന്നത് ഏറ്റവും ബുദ്ധിമുട്ടുള്ളതായി. ദ്രാവകത്തില്‍ കാണപ്പെട്ട ധാതു ലവണങ്ങള്‍ക്ക് നിലവില്‍ ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന വൈറ്റ് വൈനുകളുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയതാണ് കാലഗണനയിലേക്ക് നയിച്ചത്.

Top