വിരൽത്തുമ്പുകൾകൊണ്ട് വരച്ച അപൂർവ ചിത്രത്തിലൂടെ റിയാദിൽ ശ്രദ്ധനേടി വിനി വേണുഗോപാൽ. തൃശ്ശൂർ സ്വദേശിയാണ് വിനി. ആധുനിക സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ ചിത്രമാണ് വിനി തയ്യാറാക്കിയത്. സൗദിയുടെ 94-ാം ദേശീയദിനാഘോഷഭാഗമായി റിയാദ് നൈല ആർട്ട് ഗാലറിയിൽ ഒരുക്കിയ അന്താരാഷ്ട്ര പ്രദർശനത്തിലാണ് തൃശ്ശൂർക്കാരിയുടെ ചിത്രമുള്ളത്.
ALSO READ: ഒമാനിൽ മഴയ്ക്ക് സാധ്യത
അബ്ദുൽ അസീസ് രാജാവിന്റെ ചിത്രം ലഭ്യമാണെങ്കിലും കൊട്ടാരത്തിലെ അകത്തളങ്ങൾ വ്യക്തമാക്കുന്ന മാതൃകാചിത്രങ്ങൾ ലഭ്യമായിരുന്നില്ലെന്ന് വിനി പറഞ്ഞു. ഇതിനായി നാഷണൽ മ്യൂസിയം, സാംസ്കാരിക മന്ത്രാലയത്തിലെ ചരിത്രരേഖകൾ എന്നിവ വിശകലനംചെയ്തു. അക്കാലത്തെ റിയാദ് മുറബ്ബ പാലസിലെ സോഫ, കർട്ടൻ, ജനൽ, ചുവർച്ചിത്രം, ടെലിഫോൺ, കാർപ്പറ്റ് എന്നിവയെല്ലാം ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രണ്ടുമീറ്റർ വീതിയും 180 സെന്റീമീറ്റർ ഉയരവുമുളള കാൻവാസിൽ ജലച്ചായത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. 40 ചതുരശ്രയടി വലിപ്പവുമുണ്ട് ഇതിന്. പ്രദർശനത്തിനെത്തിയതിൽ ഏറ്റവുംവലിയ ചിത്രവും ഇതാണ്. ഭർത്താവ് ശ്രീകൃഷ്ണപുരം പൂഴിക്കളവീട്ടിൽ സനീഷും മകൻ ഗഹനുമാണ് വിനിയുടെ പിന്തുണ.