യുഎഇയിൽ മൂടൽമഞ്ഞ്; കുടുങ്ങി ജനം

യുഎഇയിൽ മൂടൽമഞ്ഞ്; കുടുങ്ങി ജനം
യുഎഇയിൽ മൂടൽമഞ്ഞ്; കുടുങ്ങി ജനം

അബുദാബി: യുഎഇയിൽ കൊടും തണുപ്പും ശക്തമായ മൂടൽമഞ്ഞും ആരംഭിച്ചു. അബുദാബിയിൽ മഴ, മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങിയവയുള്ളപ്പോൾ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്റർ ആയിരിക്കുമെന്നും വാഹനമോടിക്കുന്നവർ അതീവജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഇന്നലെ ചിലയിടങ്ങളിൽ യെല്ലോ, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. അൽഐൻ, അബുദാബി എന്നിവിടങ്ങളിലാണ് കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടത്. പുലർച്ചെ 2ന് തുടങ്ങിയ മൂടൽമഞ്ഞ് ചിലയിടങ്ങളിൽ രാവിലെ 10 വരെ തുടർന്നു. ദൂരക്കാഴ്ച കുറഞ്ഞതു ഗതാഗതത്തെ ബാധിച്ചതിനാൽ പലർക്കും ജോലിസ്ഥലത്തു കൃത്യസമയത്ത് എത്താനായില്ല.

ഇന്നും മൂടൽമഞ്ഞുണ്ടാകുമെന്ന് അറിയിപ്പുണ്ട്. അബുദാബിയിൽ താപനില 25 ഡിഗ്രി സെൽഷ്യസായും ദുബായിൽ 27 ഡിഗ്രിയായും കുറഞ്ഞു. പർവതമേഖലകളിൽ 16 ഡിഗ്രിയായിരുന്നു കൂടിയ താപനില. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച്, റോഡിലെ ഡിജിറ്റൽ ബോർഡ്, എസ്എംഎസ്, റേഡിയോ, സമൂഹമാധ്യമങ്ങൾ എന്നിവ വഴി നൽകുന്ന മുന്നറിയിപ്പ് അവഗണിക്കരുതെന്നും പൊലീസ് ഓർമപ്പെടുത്തി.

Top