ബ്രിട്ടന്‍: ക്യാന്‍സര്‍ പോരാട്ടത്തില്‍ വെയില്‍സ് രാജകുമാരി കേറ്റ് മിഡില്‍ടണിന് പിന്തുണയുമായി ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കലും. ആരോഗ്യവും രോഗമുക്തിയും കേറ്റിന് ആശംസിക്കുന്നുവെന്നാണ് പ്രിന്‍സസ് ഓഫ് വെയില്‍സ് കാതറീന്റെ വീഡിയോ പ്രസ്താവനയ്ക്ക് പിന്നാലെ ഹാരിയും മേഗനും പ്രതികരിച്ചത്. കേറ്റിനും കുടുംബത്തിനും രോഗമുക്തി ആശംസിക്കുന്നു. സ്വകാര്യതയില്‍ സമാധാനത്തോടെ രോഗമുക്തി ലഭിക്കാന്‍ സാധിക്കട്ടെയെന്നാണ് ഹാരിയും മേഗനും ആശംസിച്ചത്.
വെള്ളിയാഴ്ചയാണ് വീഡിയോ സന്ദേശത്തിലൂടെ ക്യാന്‍സര്‍ ബാധിതയാണെന്നും കീമോ തെറാപ്പി അടക്കമുള്ള ചികിത്സ ആരംഭിച്ചതായും കേറ്റ് മിഡില്‍ടണ്‍ വ്യക്തമാക്കിയത്. ക്രിസ്തുമസിന് ശേഷം കേറ്റ് പൊതു പരിപാടികളില്‍ പങ്കെടുക്കാതിരിക്കുന്നതിനേ ചൊല്ലി പല രീതിയിലുള്ള അഭ്യൂഹങ്ങളും വരുന്നതിനിടയിലാണ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആരാധകരെ ഞെട്ടിക്കുന്ന കേറ്റിന്റെ പ്രസ്താവനയെത്തിയത്.
ഉദരശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് ക്യാന്‍സറാണെന്ന് തിരിച്ചറിഞ്ഞതെന്നും ആരംഭഘട്ടത്തിലുള്ള കീമോതെറാപ്പികള്‍ ഫെബ്രുവരിയില്‍ ആരംഭിച്ചതായും കാതറിന്‍ വിശദമാക്കി. ക്യാന്‍സര്‍ രോഗികളായ ആരും തന്നെ നിങ്ങള്‍ തനിച്ചാണെന്ന് കരുതരുതെന്നും പ്രതീക്ഷ നഷ്ടപ്പെടുത്തരുതെന്നും കേറ്റ് വീഡിയോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരിയിലാണ് കീമോ തെറാപ്പി അടക്കമുള്ള ചികിത്സ ആരംഭിച്ചതെന്നും കേറ്റ് വിശദമാക്കി.
ജോര്‍ജ്ജ്, ഷാര്‍ലെറ്റ്, ലൂയിസ് എന്നീ മക്കളോട് കാര്യങ്ങള്‍ വിശദമാക്കാന്‍ ഏറെ സമയം ഏടുത്തുവെന്നും കാതറിന്‍ വീഡിയോയില്‍ വിശദമാക്കി. നേരത്തെ ഫെബ്രുവരിയില്‍ ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു. ബക്കിങ്ഹാം കൊട്ടാരം തന്നെയാണ് വാര്‍ത്താക്കുറിപ്പില്‍ രോഗവിവരം പരസ്യപ്പെടുത്തിയത്.