കോഴിക്കോട്: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ വീണ്ടും വിമർശനങ്ങളുമായി എൽഡിഎഫ് മുൻ സ്വതന്ത്ര എംഎൽഎ കാരാട്ട് റസാഖ്. ‘പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ ധിക്കാരപരവും അഹങ്കാരം നിറഞ്ഞതുമായ നിലപാട് സിപിഐഎം സഹയാത്രികർക്ക് യോജിക്കാൻ കഴിയുന്നതല്ല എന്ന് കാരാട്ട് റസാഖ് പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു. പി ശശി പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനം രാജി വെച്ച് അന്വേഷണം നേരിടണമെന്നും കാരാട്ട് റസാഖ് പറഞ്ഞു.
പി ശശിക്കെതിരെ ആരോപണവുമായി പി വി അൻവർ എംഎൽഎ രംഗത്തെത്തിയതിന് പിന്നാലെയാണ് കാരാട്ട് റസാഖ് പി ശശിയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിന് നൽകിയ പ്രതികരണത്തിലാണ് കൂടുതൽ വിമർശനങ്ങളുമായി റസാഖ് വീണ്ടും രംഗത്തെത്തിയത്. പൊലീസ് സേനയിലെ പുഴുക്കുത്തുകൾ തുറന്ന് കാട്ടാൻ പി വി അൻവർ, കെടി ജലീൽ, തുടങ്ങിയവരുമായി കൂടിയാലോചന നടത്തിയിരുന്നുവെന്നും എന്നാൽ അത് ഗൂഢാലോചന ആയിരുന്നില്ലെന്നും റസാഖ് പറഞ്ഞു.
Also read: തെറ്റ് ആര് ചെയ്താലും സംരക്ഷിക്കില്ല: മന്ത്രി റിയാസ്
പി വി അൻവറിന്റെ ആരോപണങ്ങൾ:
ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ വെളിപ്പെടുത്തലുകൾക്കിടെയായിരുന്നു പി ശശിക്കെതിരെയും അൻവർ എംഎൽഎ ആരോപണം ഉയർത്തിയത്. ശശിയെയും എഡിജിപിയേയും മുഖ്യമന്ത്രി വിശ്വസിച്ച് ചുമതലകൾ ഏൽപിച്ചെന്നും എന്നാൽ അത് കൃത്യമായി നിർവഹിച്ചില്ലെന്നുമായിരുന്നു ഞായറാഴ്ച പി വി അൻവറിന്റെ ആരോപണം. മുഖ്യമന്ത്രി ഏൽപ്പിച്ച ജോലി ചെയ്യുന്നതിൽ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പരാജയപ്പെട്ടു. എന്നാൽ ഇതിന്റെ പഴി സർക്കാറിനാണ്. മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും മറുപടി പറയേണ്ട സമയമാണിതെന്നും അൻവർ പറഞ്ഞിരുന്നു. താൻ പൊതുവിഷയങ്ങളിൽ പല തവണ പി ശശിയെ നേരിൽ കണ്ട് കത്ത് നൽകി. എന്നാൽ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും തൻ്റെ ജീവൻ അപകടത്തിലാണെന്നും അൻവർ ആരോപിച്ചിരുന്നു.