കണ്ണൂര്‍: അന്‍വറിനെതിരെ വിമര്‍ശനവുമായി സിപിഐഎം നേതാവ് പി ജയരാജന്‍. അന്‍വറിന്റെ പ്രതികരണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് പി ജയരാജന്‍ പറഞ്ഞു. അന്‍വര്‍ പാര്‍ട്ടിയുടെ രക്ഷകനായി അഭിനയിക്കുകയാണ്. ശശിക്കെതിരായ ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. ശശിക്കെതിരായി എന്തെങ്കിലും തെളിവ് അന്‍വര്‍ നല്‍കിയോ എന്ന് ചോദിച്ച പി ജയരാജന്‍, വായുവില്‍ എന്തും വിളിച്ചു പറയാവുന്ന അവസ്ഥയില്‍ അന്‍വര്‍ എത്തിയെന്നും വിമര്‍ശിച്ചു.
അന്‍വറിന് പിന്നില്‍ താനാണെന്നത് കള്ളപ്രചരണമാണെന്നും ജയരാജന്‍ വ്യക്തമാക്കി. ഗള്‍ഫില്‍ വെച്ച് അന്‍വറിനെ കണ്ടിട്ടില്ല. ഒരു വര്‍ഷം മുമ്പാണ് ഗള്‍ഫില്‍ പോയത്. അന്‍വറിനെ അന്ന് കണ്ടിട്ടേയില്ലെന്നും ജയരാജന്‍ പ്രതികരിച്ചു. ഇടുക്കിയിലെ റിസോര്‍ട്ട് ഉദ്ഘാടനത്തില്‍ തന്നോടൊപ്പം പാര്‍ട്ടി നേതാക്കളും പങ്കെടുത്തിരുന്നു. എം എം മണിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടി സമ്മേളങ്ങളെ ലക്ഷ്യമിട്ടാണ് അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് സംശയമെന്നും പി ജയരാജന്‍ പ്രതികരിച്ചു.
Also read: വിഷപ്പാമ്പ് പോലും പാല് കൊടുത്ത കയ്യിൽ കൊത്തില്ല; എ.കെ.ബാലന്‍
അന്‍വറിന്റെ ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിട്ടുണ്ട്. പി വി അന്‍വറിനെ നേരത്തെ സംശയമുണ്ടായിരുന്നു. എല്‍ഡിഎഫിന്റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ അദ്ദേഹം പറയുന്നത് കേട്ടു. ഉദ്ദേശം വ്യക്തമാണ്. ആരോപണങ്ങളില്‍ പിന്നീട് പ്രതികരിക്കാമെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.