ചണ്ഡീഗഢ്: ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബി.ജെ.പി എട്ട് വിമതരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ആറു വർഷത്തേക്കാണ് സസ്പെൻഷൻ പ്രഖ്യാപിച്ചത്.ഒക്‌ടോബർ അഞ്ചിനാണ് നിയമസഭാ തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി നയാബ് സിങ് സെയ്‌നി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾക്കെതിരെ മത്സരിക്കാനായി സ്വതന്ത്രരായി നാമനിർദേശ പത്രിക സമർപ്പിച്ച നേതാക്കളെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് രാജിവെച്ച മുൻ മന്ത്രി രഞ്ജിത് ചൗട്ടാലയും പട്ടികയിലുണ്ടെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ മോഹൻ ലാൽ ബദോലിയുടെ പ്രസ്താവനയിൽ പറയുന്നു. മുഖ്യമന്ത്രി നയാബ് സിങ് സെയ്‌നിക്കെതിരെ ലാദ്‌വയിൽ മത്സരിക്കാൻ പത്രിക സമർപ്പിച്ച സന്ദീപ് ഗാർഗിനെയും പുറത്താക്കി.അസാന്ദ് സീറ്റിൽ മത്സരിക്കുന്ന സൈൽ റാം ശർമ, സഫിദോയിൽ നിന്ന് മുൻ മന്ത്രി ബച്ചൻ സിങ് ആര്യ, മെഹാമിൽ നിന്ന് രാധ അഹ്ലാവത്, ഗുഡ്ഗാവിൽ നിന്ന് നവീൻ ഗോയൽ, ഹതിനിൽ നിന്ന് കെഹാർ സിങ് റാവത്ത്, മുൻ എം.എൽ.എ ദേവേന്ദ്ര കദ്യാൻ എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റുള്ളവർ.
ALSO READ: 70 വയസ് കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ; രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു
അധികാരത്തിൽ ഹാട്രിക് തികക്കാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. 10 വർഷമായി ബി.ജെ.പിയാണ് ഹരിയാന ഭരിക്കുന്നത്. നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് ഒക്ടോബർ അഞ്ചിനും ഒക്ടോബർ എട്ടിന് വോട്ടെണ്ണലും നടക്കും.