തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം ദിനം പ്രതി കൂടിവരുന്ന സാഹചര്യത്തിൽ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച 27,680 ബാങ്ക് അക്കൗണ്ടുകള്‍ക്ക് പൂട്ടിട്ടു പോലീസ് രംഗത്ത്. തട്ടിപ്പുകാരുടെ അക്കൗണ്ടുകളും വാടകയ്ക്ക് നല്‍കുന്ന മ്യൂള്‍ അക്കൗണ്ടുകളും ഉള്‍പ്പെടെയാണിത്. ഇതുകൂടാതെ 11,999 സിംകാര്‍ഡുകളും 17,734 വെബ്സൈറ്റുകളും സൈബര്‍ ഡിവിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ ഫ്രോഡ് ആന്‍ഡ് സോഷ്യല്‍മീഡിയ വിങ് പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തു. എട്ടായിരത്തിലധികം സാമൂഹികമാധ്യമ പ്രൊഫൈലുകളും 500 ലേറെ വ്യാജ മൊബൈല്‍ ആപ്ലിക്കേഷനുകളും കണ്ടെത്തി നിയമനടപടിയെടുത്തു.
ALSO READ: സുഭദ്രയുടെ കൊലപാതകത്തില്‍ നിര്‍ണായക മൊഴി
വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് ഇന്ത്യയില്‍നിന്നുള്ളവരെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് 17 കേസുകള്‍ രജിസ്റ്റര്‍ചെയ്തു. ഇതിനുപിന്നിലെ 16 ഏജന്റുമാരെ അറസ്റ്റുചെയ്തു. ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യം അറിയിക്കാനുള്ള 1930 ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ 2023-ല്‍ ഇരുപത്തി മൂന്നായിരത്തിലധികം പരാതി ലഭിച്ചിട്ടുണ്ട്. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട 201 കോടിരൂപയില്‍ 37 കോടിരൂപ വീണ്ടെടുത്തു. ഇക്കൊല്ലം ഓഗസ്റ്റ് വരെ ലഭിച്ച പരാതികളില്‍ നഷ്ടപ്പെട്ട 514 കോടിരൂപയില്‍ 70 കോടി തിരിച്ചുപിടിക്കാന്‍ പോലീസിനു കഴിഞ്ഞു.
സൈബര്‍ കുറ്റങ്ങള്‍ കാര്യക്ഷമമായി അന്വേഷിക്കുന്നതിന് ആയിരത്തില്‍പ്പരം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിലവിൽ പരിശീലനം നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ ആറുമാസം ദൈര്‍ഘ്യമുള്ള സൈബര്‍ കമാന്‍ഡോ കോഴ്സിലേക്ക് കേരളത്തില്‍നിന്ന് 24 പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തിട്ടുമുണ്ട്. ഒരു പരിധിവരെ സൈബർ കുറ്റകൃത്യമകളെ കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.