ദില്ലി: വിവോയുടെ ബജറ്റ് സ്മാര്‍ട്ട്ഫോണായ വിവോ ടി3 ലൈറ്റ് 5ജി ഇന്ത്യയിലെത്തി. രാജ്യത്ത് 5ജി കണക്റ്റിവിറ്റിയും ഇരട്ട പിന്‍ക്യാമറയും ഐപി-64 റേറ്റിംഗുമുള്ള വില കുറവുള്ള ഫോണുകളിലൊന്നാണ് വിവോ ടി3 ലൈറ്റ്. ഏറെ സവിശേഷതകള്‍ ഈ സ്മാര്‍ട്ട്ഫോണിനുണ്ട്. വിവോയുടെ ടി3 സീരീസില്‍ ഉള്‍പ്പെട്ട ടി3എക്സ്, ടി3 എന്നിവ മുമ്പ് പുറത്തിറങ്ങിയിരുന്നു.
നാല് ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വിവോ ടി3 ലൈറ്റ് 5ജി അടിസ്ഥാന വേരിയന്റിന് 10,499 രൂപയാണ് വില. അതേസമയം ആറ് ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 11,499 രൂപ വില വരും. ഫ്‌ലിപ്കാര്‍ട്ടിലും വിവോ ഇന്ത്യ വെബ്സൈറ്റിലും മറ്റ് പ്രധാന ഓഫ്ലൈന്‍ റീട്ടൈല്‍ സ്റ്റോറുകളിലും ജൂലൈ നാല് മുതല്‍ വിവോ ടി3 ലൈറ്റ് 5ജി ലഭ്യമാകും. എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ഫ്‌ലിപ്കാര്‍ട്ട് ആക്സിസ് ക്രഡിറ്റ് കാര്‍ഡുകള്‍ക്ക് 500 രൂപയുടെ ഡിസ്‌കൗണ്ട് വിവോ പ്രഖ്യാപിച്ചിട്ടുണ്ട്.
6.56 ഇഞ്ച് എച്ച്ഡി എല്‍സിഡി ഡിസ്പ്ലെയാണ് വിവോ ടി3 ലൈറ്റ് 5ജിക്കുള്ളത്. ആന്‍ഡ്രോയ്ഡ് 14 അടിസ്ഥാനത്തിലുള്ള ഫോണിന് ഫണ്‍ടച്ച് ഒഎസ് 14നാണുള്ളത്. എഐ പിന്തുണയുള്ള 50 എംപി പ്രധാന സെന്‍സറോടെ ഇരട്ട പിന്‍ക്യാമറകള്‍ ഈ മോഡലിനുണ്ട്. എട്ട് എംപിയുടേതാണ് സെല്‍ഫി ക്യാമറ. 15 വാട്ട്സ് ചാര്‍ജര്‍ കപ്പാസിറ്റിയില്‍ 5000 എംഎഎച്ച് ബാറ്ററിയിലാണ് വിവോ ടി3 ലൈറ്റ് 5ജി വരുന്നത്. സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഡ്യുവല്‍ 5ജി, ബ്ലൂടൂത്ത് 5.4, ജിപിഎസ്, ഗ്ലോനാസ്, യുഎസ്ബി 2.0 ടൈപ്പ് സി സ്‌പോട്ട് എന്നിവയാണ് വിവോ ടി3 ലൈറ്റ് 5ജിയുടെ മറ്റ് സവിശേഷതകള്‍.