പത്തനംതിട്ട: തുമ്പമൺ സഹകരണബാങ്ക് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സഹകരണ മേഖലയിലെ പ്രശ്നങ്ങളിൽ സർക്കാരിന് നൽകിയിരുന്ന പിന്തുണ പിൻവലിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സഹകരണ മേഖല അതിജീവിക്കട്ടെ എന്നായിരുന്നു ഇതുവരെയുള്ള നിലപാട്. എന്നാൽ സി പി എം കള്ളവോട്ട് കൊണ്ട് സഹകരണ ബാങ്കുകൾ പിടിച്ചെടുക്കുകയാണ്. അങ്ങനെ കള്ളവോട്ട് കൊണ്ട് പിടിച്ചെടുത്ത ബാങ്കുകൾ നടത്തുന്നത് കാണട്ടെയെന്നും പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു.
പത്തനംതിട്ട ജില്ലയിൽ ഇരുപത്തിയൊന്നാമത്തെ ബാങ്ക് ആണ് സി പി എം ഇത്തരത്തിൽ കള്ളവോട്ടിലൂടെ പിടിച്ചെടുക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനായി ക്രിമിനൽ സംഘത്തെ സിപിഎം ജില്ലാ സെക്രട്ടറി വളർത്തിയെടുക്കുന്നു എന്നും പ്രതിപക്ഷ നേതാവ് പന്തളത്ത് അരോപിച്ചു.
അതിനിടെ പ്രതിപക്ഷ നേതാവിനോടുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതരായി കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവും കയ്യേറ്റ ശ്രമവും സ്ഥലത്തുണ്ടായി. കൈരളി ടിവി റിപ്പോർട്ടർക്ക് നേരെ നേരെയാണ് കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റശ്രമം നടത്തിയത്. പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാക്കളും പൊലീസും ഇടപെട്ടാണ് പിന്നീട് പ്രവർത്തകരുടെ പ്രതിഷേധം നിയന്ത്രിച്ചത്. തുമ്പമൺ സഹകരണബാങ്ക് തെരഞ്ഞെടുപ്പു ദിനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമം കാണിച്ചില്ലേ എന്ന കൈരളി ടി വി റിപ്പോർട്ടറുടെ ചോദ്യത്തെ തുടർന്നായിരുന്നു പ്രതിഷേധം. പത്തനംതിട്ട പന്തളത്ത് സ്വകാര്യ ആശുപത്രി പരിസരത്താണ് സംഭവം നടന്നത്.