എം.ഡി.എം.എയുമായി യുവതി പിടിയിൽ

തലശ്ശേരി കുയ്യാലിയിലെ അൻഷ ക്വാർട്ടേഴ്‌സിൽനിന്നാണ് തലശ്ശേരി എസ്.ഐ ടി.കെ. അഖിലും പാർട്ടിയും യുവതിയെ പിടികൂടിയത്

എം.ഡി.എം.എയുമായി യുവതി പിടിയിൽ
എം.ഡി.എം.എയുമായി യുവതി പിടിയിൽ

തലശ്ശേരി: വാടക ക്വാർട്ടേഴ്‌സിൽ വിൽപനക്കായി സൂക്ഷിച്ച 10.05 ഗ്രാം എം.ഡി.എം.എയുമായി യുവതി അറസ്റ്റിൽ. ചാലിൽ സ്വദേശിനി പി.കെ. റുബൈദയാണ് (37) അറസ്റ്റിലായത്. തലശ്ശേരി കുയ്യാലിയിലെ അൻഷ ക്വാർട്ടേഴ്‌സിൽനിന്നാണ് തലശ്ശേരി എസ്.ഐ ടി.കെ. അഖിലും പാർട്ടിയും യുവതിയെ പിടികൂടിയത്.

ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന് ഫോണിൽ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 10.05 ഗ്രാം എം.ഡി.എം.എയുമായി യുവതി പിടിയിലായത്. ക്വാർട്ടേഴ്‌സിലെ അടുക്കളയിൽ ഫ്രിഡ്ജിനടിയിൽ സൂക്ഷിച്ച നിലയിലാണ് മയക്കുമരുന്ന് പൊലീസ് കണ്ടെത്തിയത്.

ക്വാർട്ടേഴ്‌സിൽ നടത്തിയ വിശദമായ പരിശോധനയിൽ എം.ഡി.എം.എ കൂടാതെ ആറ് മൊബൈൽ ഫോണുകൾ, മയക്കുമരുന്ന് ചില്ലറ വിൽപനക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ, 4800 രൂപ എന്നിവയും കണ്ടെത്തി. ഞായറാഴ്ച രാത്രി ഒമ്പതിനുശേഷമാണ് യുവതിയെ അറസ്റ്റു ചെയ്തത്. എസ്.ഐ അഖിലിനൊപ്പം പൊലീസുകാരായ ശ്രീജേഷ്, നിസാർ, ജിബിന റോയ്, ജീഷ്മ എന്നിവരും ചേർന്നാണ് ക്വാർട്ടേഴ്‌സിൽ പരിശോധന നടത്തിയത്. യുവതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Top