അവിഹിത ബന്ധം ആരോപിച്ച് മര്‍ദ്ദനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു; സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍

അവിഹിത ബന്ധം ആരോപിച്ച് മര്‍ദ്ദനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു; സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: അവിഹിത ബന്ധം ആരോപിച്ച് യുവതിയെ പരസ്യമായി മര്‍ദിച്ച സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. പശ്ചിമ ബംഗാളിലെ ജയ്പാല്‍ഗുരി ജില്ലയിലാണ് സംഭവം. മര്‍ദനമേറ്റ യുവതി പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഒരുകൂട്ടം സ്ത്രീകളാണ് യുവതിയെ അവിഹിത ബന്ധം ആരോപിച്ച് പരസ്യമായി അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്തത്. യുവതിയെ ഒരാഴ്ചയായി കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് ആദ്യം പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് യുവതി തിരിച്ചെത്തി. ഇതിന് ശേഷമാണ് മര്‍ദനവും അവഹേളനവും നടന്നത്.

തിങ്കളാഴ്ചയായിരുന്നു ഈ സംഭവങ്ങള്‍. ഒരുകൂട്ടം സ്ത്രീകള്‍ യുവതിയെ ആക്രമിക്കൊരുങ്ങിയപ്പോള്‍ തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനെയും ഈ സംഘം മര്‍ദിച്ചു. തുടര്‍ന്ന് അന്ന് രാത്രി യുവതി കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തു. നാല് പേരെ സംഭവവുമായി ബന്ധപ്പെട്ട് പിടിച്ചിട്ടുണ്ടെന്നും, അറസ്റ്റിലായവരില്‍ രണ്ട് പേര്‍ സ്ത്രീകളും രണ്ട് പേര്‍ പുരുഷന്മാരുമാണെന്നും പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ദീപക് സര്‍ക്കാര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Top