കൊൽക്കത്ത: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ, ആർജി കർ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. സന്ദീപ് ഘോഷ് നൽകിയ മൊഴികളും ആശുപത്രി രേഖകളും തീരെ ഒത്തുപോകുന്നില്ലെന്ന് സിബിഐ കണ്ടെത്തിയിരുന്നു. പതിമൂന്നു മണിക്കൂറാണ് ഇയാളെ സിബിഐ ശനിയാഴ്ച ചോദ്യം ചെയ്തിരുന്നത്. അതേസമയം, കൊല്ലപ്പെട്ട വനിതാഡോക്ടറുടെ ഡയറി മാതാപിതാക്കൾ അന്വേഷണസംഘത്തിന് കൈമാറി.
ഈ ഡയറിയെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. അറസ്റ്റിലായ സഞ്ജയ് റോയുമായി കൊല്ലപ്പെട്ട വനിതാ ഡോക്ടർക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നതുസംബന്ധിച്ച വിവരം ഡയറിയിൽ നിന്ന് ലഭിക്കുമോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഡോക്ടറുടെ മാനസികാവസ്ഥ സംബന്ധിച്ചുള്ള വിവരങ്ങളും ഇതിൽ നിന്ന് ലഭിക്കുമെന്നാണ് വിലയിരുത്തൽ. സഞ്ജയ് റോയിയെ മനഃശാസ്ത്ര പരിശോധനയ്ക്ക് സിബിഐ ഉടൻ വിധേയനാക്കും.
വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. സുരക്ഷിതത്വം ആവശ്യപ്പെട്ട് ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോഗ്യപ്രവർത്തകർ ദിവസങ്ങളായി പണിമുടക്കിയാണ് പ്രതിഷേധിക്കുന്നത്. ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണവും ഉണ്ടായിരുന്നു. ഓഗസ്റ്റ് ഒമ്പതിന് പുലർച്ചെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. ആർ.ജി. കർ മെഡിക്കൽ കോളേജിലെ നെഞ്ചുരോഗ വിഭാഗത്തിൽ പി.ജി. ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്.