ധര്‍മ്മപുരി: ദളിത് യുവാവിനൊപ്പം ഒളിച്ചോടി ഇതര ജാതിയിലുള്ള യുവതി, യുവാവിന്റെ അമ്മയെ ബന്ദിയാക്കി യുവതിയുടെ ബന്ധുക്കള്‍. തമിഴ്‌നാട് ധര്‍മ്മപുരിയിലാണ് സംഭവം. ധര്‍മ്മപുരിക്ക് സമീപത്തെ മൊറപ്പൂര്‍ ഗ്രാമത്തിലാണ് 24 വയസുളള ദളിത് യുവാവിനൊപ്പം 23 വയസുള്ള ഇതര ജാതിയിലെ യുവതി ചൊവ്വാഴ്ച ഒളിച്ചോടിയത്. പിന്നാലെ അസാധാരണ സംഭവങ്ങള്‍ക്കാണ് ഈ തമിഴ് ഗ്രാമം സാക്ഷിയായത്. വീട് പുറത്ത് നിന്ന് പൂട്ടിയിട്ട ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്താണ് കമിതാക്കള്‍ ഒളിച്ചോടിയത്.
ഗൌണ്ടര്‍ വിഭാഗത്തിലുള്ള യുവതി ഒളിച്ചോടിയത് മനസിലായ രക്ഷിതാക്കള്‍ മകളെ ഫോണിലൂടെ ബന്ധപ്പെടാന്‍ സാധിച്ചെങ്കിലും സ്വിച്ച് ഓഫ് ആണെന്നാണ് മറുപടി ലഭിച്ചത്. ഇതിന് പിന്നാലെയാണ് യുവതിയുടെ ബന്ധുക്കള്‍ ദളിത് യുവാവിന്റെ വീട്ടിലെത്തി ബഹളം വച്ചത് പിന്നാലെ യുവാവിനെ വിളിക്കാന്‍ ആവശ്യപ്പെട്ടതോടെ യുവാവിന്റെ അമ്മ ഭയന്നു. ഫോണില്‍ മകനെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫ് എന്നാണ് മറുപടി ലഭിച്ചത്. ഇതോടെയാണ് രോക്ഷാകുലരായ യുവതിയുടെ ബന്ധുക്കള്‍ ദളിത് യുവാവിന്റെ അമ്മയെ ബന്ധിയാക്കിയത്.
യുവാവും യുവതിയും പഠനം പൂര്‍ത്തിയാക്കി ബെംഗളൂരുവില്‍ ജോലി ചെയ്യുകയായിരുന്നു. മകളെ കാണാതായെന്ന് പൊലീസില്‍ പരാതി നല്‍കിയതിന് ശേഷമായിരുന്നു യുവതിയുടെ ബന്ധുക്കള്‍ യുവാവിന്റെ വീട്ടിലെത്തിയത്. കൃഷിയില്‍ ബിരുദധാരിയാണ് യുവാവുമായി 23കാരിക്ക് പ്രണയമുണ്ടെന്ന് ബന്ധുക്കള്‍ക്ക് സംശയമുണ്ടായിരുന്നു. എങ്കിലും മകളെ കാണാതായ അതേദിവസം തന്നെ യുവാവിനെ കാണാതായതോടെയാണ് ഇരുവരും ഒളിച്ചോടിയതാണെന്ന് ബന്ധുക്കള്‍ക്ക് മനസിലായത്. ഇതിന് പിന്നാലെയാണ് ഒളിച്ചോടിയവര്‍ തിരികെ വരുന്നതിനാണെന്ന് വ്യക്തമാക്കി യുവാവിന്റെ അമ്മയെ പിടികൂടി കൊണ്ടുപോയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.