ബെംഗളൂരുവിലെ 29കാരിയെ വെട്ടിനുറുക്കിയത് കാമുകനെന്ന് ഭർത്താവ്

അപ്പാര്‍ട്ട്മെന്റില്‍നിന്ന് കനത്ത ദുര്‍ഗന്ധം വമിച്ചതോടെയാണ് അരുംകൊല പുറംലോകമറിയുന്നത്

ബെംഗളൂരുവിലെ 29കാരിയെ വെട്ടിനുറുക്കിയത് കാമുകനെന്ന് ഭർത്താവ്
ബെംഗളൂരുവിലെ 29കാരിയെ വെട്ടിനുറുക്കിയത് കാമുകനെന്ന് ഭർത്താവ്

ബെംഗളൂരു നഗരത്തിലെ അപ്പാർട്ട്‌മെന്റിൽ 29കാരിയെ വെട്ടിനുറുക്കി കഷണങ്ങളാക്കി ഫ്രിഡ്‌ജിനുള്ളിൽ സൂക്ഷിച്ച കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. കൊല്ലപ്പെട്ട ബിഹാർ സ്വദേശിനി മഹാലക്ഷ്മിയുടെ ഭർത്താവാണ് വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. മഹാലക്ഷ്മിക്ക് അവിഹിതബന്ധം ഉണ്ടായിരുന്നുവെന്നും അവളുടെ കാമുകനാണ് കൊലപ്പെടുത്തിയതെന്നുമാണ് ഭർത്താവ് ഹേമന്ത് ദാസ് പറഞ്ഞത്. മഹാലക്ഷ്മിയുടെ കാമുകനെതിരെ മാസങ്ങൾക്ക് മുൻപ് ബെംഗളൂരു പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായും ഹേമന്ത് ദാസ് വ്യക്തമാക്കി.

‘മാസങ്ങൾക്ക് മുൻപ് ഞാൻ നെലമംഗല പൊലീസ് സ്റ്റേഷനിൽ അവളുടെ കാമുകനെതിരെ പരാതി നൽകിയിരുന്നു. പരാതിയ്ക്ക് ശേഷം അയാളോട് ബെംഗളൂരുവിൽ വരരുതെന്ന് താക്കീത് ചെയ്തതാണ്. പക്ഷേ അവ‌ർ മറ്റെവിടെയാണ് പോയതെന്ന് അറിയില്ല’,- ഹേമന്ത് ദാസ് പറഞ്ഞു. ഉത്തരാഖണ്ഡ് സ്വദേശിയായ അഷ്റഫുമായാണ് മഹാലക്ഷ്മിക്ക് ബന്ധമുണ്ടായിരുന്നതെന്നും ഹേമന്ത് ദാസ് പറയുന്നു.

Also Read: യുവതിയെ കൊലപ്പെടുത്തി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം; പ്രതിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നാണ് ഇന്നലെ സിറ്റി പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദ് അറിയിച്ചത്. വ്യാളികാവലിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്റില്‍നിന്ന് കനത്ത ദുര്‍ഗന്ധം വമിച്ചതോടെയാണ് അരുംകൊല പുറംലോകമറിയുന്നത്. ദുര്‍ഗന്ധം വമിക്കുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ അയല്‍ക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പ്രദേശത്ത് മാലിന്യങ്ങളുള്ളതിനാല്‍ അതിനുള്ളില്‍ നിന്നാകുമെന്നാണ് നാട്ടുകാര്‍ ആദ്യം കരുതിയത്.

എന്നാല്‍, അപ്പാര്‍ട്ട്മെന്റില്‍നിന്നാണ് ദുര്‍ഗന്ധം വമിക്കുന്നതെന്ന് മനസിലായതോടെ അയല്‍ക്കാര്‍ കെട്ടിട ഉടമയെ വിവരമറിയിച്ചു. ഇതേ കെട്ടിടത്തില്‍ താഴത്തെ നിലയിലായിരുന്നു ഉടമയും താമസിച്ചിരുന്നത്. തുടര്‍ന്ന് കെട്ടിട ഉടമ, സമീപത്ത് താമസിക്കുന്ന മഹാലക്ഷ്മിയുടെ അമ്മയെയും സഹോദരിയെയും വിവരമറിയിക്കുകയായിരുന്നു. ഇവരുടെ സാന്നിധ്യത്തില്‍ അപ്പാര്‍ട്ട്മെന്റില്‍ പരിശോധന നടത്തിയതോടെയാണ് ഫ്രിഡ്ജിനുള്ളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

Top