കണ്ണൂർ: ഷാഫി പറമ്പിലിന്റെ റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കുന്നതിൽ വനിതാ ലീഗ് പ്രവർത്തകർക്ക് വിലക്ക്. വനിതാ ലീഗ് പ്രവർത്തകർ അഭിവാദ്യം അർപ്പിച്ചാൽ മാത്രം മതിയെന്ന് നിർദേശിക്കുന്ന കൂത്തുപറമ്പ് മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദിന്റെ സന്ദേശം പുറത്തായി. അച്ചടക്കത്തോടെയുള്ള ആഘോഷം മതിയെന്നും ആവേശത്തിമിർപ്പിന് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ലെന്നുമാണ് വിലക്കിന് കാരണമായി പറയുന്നത്. കൂത്തുപറമ്പ് നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റി പാനൂരിൽവച്ച് ഷാഫി പറമ്പിലിന് സ്വീകരണം നൽകുന്നത് ഇന്ന് വൈകീട്ടാണ്.
വോട്ടെണ്ണൽ ദിവസം വനിതാ ലീഗ് പ്രവർത്തകർ റോഡിലിറങ്ങി ആഘോഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിലക്ക്. ‘ ഷാഫി പറമ്പിലിന് കൂത്തുപറമ്പ് നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റി പാനൂരിൽ വെള്ളിയാഴ്ച സ്വീകരണം നൽകുന്നുണ്ട്. എന്നാൽ സ്വീകരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയിലോ പ്രകടനത്തിലോ സ്ത്രീകൾ പങ്കെടുക്കേണ്ടതില്ല. ആഘോഷപരമായ ആവേശത്തിമിർപ്പിന് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ല. എന്നാൽ ഷാഫി പറമ്പിലിന് അഭിവാദ്യം അർപ്പിക്കാനുള്ള സൗകര്യമുണ്ടാകും’– ഷാഹുൽ ഹമീദ് ശബ്ദസന്ദേശത്തിൽ പറയുന്നു. അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശമെന്നും സന്ദേശത്തിലുണ്ട്.