CMDRF

വനിതാ ടി20 ലോകകപ്പ്; കന്നിയങ്കത്തിന് ഇന്ത്യ

ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ ആശ ശോഭനയും സജന സജീവനുമാണ് മലയാളി സാന്നിധ്യം

വനിതാ ടി20 ലോകകപ്പ്; കന്നിയങ്കത്തിന് ഇന്ത്യ
വനിതാ ടി20 ലോകകപ്പ്; കന്നിയങ്കത്തിന് ഇന്ത്യ

ലോകകപ്പിനെ മുത്തമിടണമെന്ന ലക്ഷ്യവുമായി വനിതാ ടി20 ലോകകപ്പില്‍ കന്നിയങ്കത്തിന് ഇറങ്ങാന്‍ ഇന്ത്യ. ദുബായില്‍ വൈകിട്ട് ഏഴരയ്ക്ക് നടക്കുന്ന കളിയില്‍ ന്യൂസിലന്‍ഡിനെയാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഇന്ന് നേരിടേണ്ടി വരിക. സന്നാഹമത്സരങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിനെയും ദക്ഷിണാഫ്രിക്കയേയും തോല്‍പിച്ച മികവ് ന്യൂസിലന്‍ഡിനെതിരെയും ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും. കഴിഞ്ഞ പത്ത് മത്സരങ്ങളിലും വിജയമറിയാതെ വന്ന ന്യൂസിലന്റ് ഇന്ന് തീപ്പൊരി പാറിക്കുമോ എന്നാണു കണ്ടറിയേണ്ടത്.

10 രാജ്യങ്ങള്‍ രണ്ട് ഗ്രൂപ്പുകളിലായാണ് ടി20 ലോകപ്പില്‍ മത്സരിക്കുന്നത്. ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കുന്നത്. ഇന്ത്യ, ന്യൂസിലന്‍ഡ് എന്നിവര്‍ക്ക് പുറമെ ഓസ്ട്രേലിയ, പാകിസ്ഥാന്‍, ശ്രീലങ്ക ടീമുകളാണ് ഗ്രൂപ്പ് എയില്‍ വരുന്നത്. ബി ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, സ്‌കോട്‌ലന്‍ഡ് ടീമുകള്‍ ഇടംപിടിച്ചു.

Also Read: ലോകകപ്പ് യോഗ്യതക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ ആശ ശോഭനയും സജന സജീവനുമാണ് മലയാളി സാന്നിധ്യം. സ്മൃതി മന്ദാനയും ഷെഫാലി വര്‍മയും ചേര്‍ന്നാവും ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ്ങിനിറങ്ങുക. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിനൊപ്പം ജെമീമ റോഡ്രിഗസും റിച്ചാ ഘോഷും ഫോമിലേക്ക് ഉയര്‍ന്നാല്‍ ഇന്ത്യയുടെ മധ്യനിരയും ശക്തമാവും. സ്പിന്നിനെ അനുകൂലിക്കുന്നതാണ് ദുബായ് പിച്ച്. മലയാളി ലെഗ് സ്പിന്നര്‍ ആശാ ശോഭന, രാധാ യാദവ്, ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ എന്നിവരടങ്ങിയ ഇന്ത്യന്‍ സ്പിന്‍ നിരയുടെ പ്രകടനം നിര്‍ണായകമാകും.

ക്രിക്കറ്റ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഇന്ത്യ- പാക് മത്സരം ഞായറാഴ്ചയാണ് നടക്കുക. ദുബായ് സ്റ്റേഡിയത്തിലാണ് മത്സരം. അതുപോലെ 9ന് ശ്രീലങ്കയെയും 13ന് ഓസ്ട്രേലിയയെയും ഇന്ത്യ നേരിടും.

Top