കോഴിക്കോട്: ഹോട്ടലിൻറെ മാലിന്യ ടാങ്കിൽ രണ്ട് തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചത് വിഷവാതകം ശ്വസിച്ചതിനെ തുടർന്നെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. തൊഴിലാളികളുടെ ശരീരത്തിൽ മറ്റു പരിക്കുകളൊന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഏതു വിഷ വാതകമാണ് ശ്വസിച്ചതെന്ന് അറിയാൻ കെമിക്കൽ റിപ്പോർട്ട് പുറത്തുവരേണ്ടതുണ്ടെന്നും ഇതിനായി സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
അതേസമയം, തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ ഹോട്ടലിൻറെ പ്രവർത്തന ലൈസൻസ് റദ്ദാക്കുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. ഹോട്ടൽ അടച്ച് പൂട്ടാൻ ഉത്തരവിറക്കുമെന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം അറിയിച്ചു. മുൻകരുതൽ ഇല്ലാതെ തൊഴിലാളികളെ ടാങ്കിൽ ഇറക്കിയതിനാണ് നടപടി. സംഭവത്തിൽ ചേവായൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി 304 (എ) മരണത്തിന് കാരണമായ അശ്രദ്ധ വകുപ്പ് പ്രകാരമാണ് കേസ്. പൊലീസ് ഫോറൻസിക് വിഭാഗം ടാങ്കിലെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.
സംഭവത്തിൽ ഹോട്ടൽ ഉടമയുടെയും കെട്ടിട ഉടമയുടെയും മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കൂരാച്ചുണ്ട് സ്വദേശി റെനീഷ്, കിനാലൂർ സ്വദേശി അശോകൻ എന്നിവരാണ് മാലിന്യ ടാങ്കുകളിൽ ദാരുണമായി ശ്വാസംമുട്ടി മരിച്ചത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഓക്സിജൻ മാസ്ക്കുമായി ഇറങ്ങിയാണ് വളരെ ഇടുങ്ങിയ മാലിന്യ ടാങ്കിൽ നിന്നും അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.