കോഴിക്കോട്: ഹോട്ടല്‍ മാലിന്യ ടാങ്കില്‍ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ ഹോട്ടലിന്റെ പ്രവര്‍ത്തന ലൈസന്‍സ് റദ്ദാക്കും. മുന്‍കരുതല്‍ ഇല്ലാതെ തൊഴിലാളികളെ ടാങ്കില്‍ ഇറക്കിയതിനാണ് നടപടി സ്വീകരിക്കുമെന്നും ഹോട്ടല്‍ അടച്ച് പൂട്ടാന്‍ ഉത്തരവിറക്കുമെന്നും കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം അറിയിച്ചു. ഫോറന്‍സിക് വിഭാഗം ടാങ്കിലെ സാമ്പിള്‍ ശേഖരിച്ചു. ഐപിസി 304 (എ) മരണത്തിന് കാരണമായ അശ്രദ്ധ വകുപ്പ് പ്രകാരം സംഭവത്തില്‍ ചേവായൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തില്‍ ഹോട്ടല്‍ ഉടമയുടെയും കെട്ടിട ഉടമയുടെയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കൂരാച്ചുണ്ട് സ്വദേശി റെനീഷ്, കിനാലൂര്‍ സ്വദേശി അശോകന്‍ എന്നിവരാണ് മാലിന്യ ടാങ്കുകളില്‍ ദാരുണമായി ശ്വാസംമുട്ടി മരിച്ചത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഒക്‌സിജന്‍ മാസ്‌ക്കുമായി ഇറങ്ങിയാണ് വളരെ ഇടുങ്ങിയ മാലിന്യ ടാങ്കില്‍ നിന്നും അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. രണ്ട് തൊഴിലാളികളുടെയും മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.