കുവൈത്ത് സിറ്റി: ലോകകപ്പിലേക്കുള്ള യോഗ്യതാ മത്സരത്തിൽ കുവൈത്തിന് വീണ്ടും സമനില. ജോർഡാനുമായുള്ള മത്സരം ചൊവ്വാഴ്ച 1-1 സമനിലയിൽ പിരിഞ്ഞു. കുവൈത്ത് ജാബിർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 21ാം മിനിറ്റിൽ യസാൻ അൽ നൈമത്തിലൂടെ ജോർഡാൻ മുന്നിലെത്തി കാണികളെ ആകെ ഞെട്ടിച്ചു. തന്നതിന് പകരമായി മറുപടി ഗോൾ തിരിച്ചടിക്കാൻ കുവൈത്ത് പരിശ്രമിച്ചെങ്കിലും ലക്ഷ്യം ഫലം കണ്ടില്ല. എന്നാൽ രണ്ടാം പകുതിയിൽ കുവൈത്തിന്റെ ആശ്വാസഗോൾ എത്തി. 68ാം മിനിറ്റിൽ മുഹമ്മദ് ദഹാസമാണ് കളിയിൽ സമനില ഗോൾ നേടിയത്.
കുവൈത്ത് ടീം എതിരാളികളുടെ നിരയിലേക്ക് കാണികളുടെ പിന്തുണയോടെ തുടർച്ചയായ ആക്രമണം നടത്തിയെങ്കിലും വിജയ ഗോൾ നേടാനായില്ല. ഇതോടെ മത്സരം 1-1 സമനിലയിൽ അവസാനിക്കുകയായിരുന്നു. ദക്ഷിണ കൊറിയ, ഇറാഖ്, ജോർഡാൻ, ഒമാൻ, പലസ്തീൻ രാജ്യങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ് ബിയിൽ കുവൈത്തിന്റെ ആറു മത്സരങ്ങൾ ഇതോടെ പൂർത്തിയായി. നിലവിൽ നാല് പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ഗ്രൂപ്പിൽ കുവൈത്ത്.
Also Read : മുംബൈയില്‍ ഹര്‍ദിക്കിന് ആദ്യ മത്സരം നഷ്ടപ്പെട്ടേക്കും
അടുത്ത മാർച്ചിൽ ഇറാഖ്, ഒമാൻ, ജൂണിൽ പലസ്തീൻ, ദക്ഷിണ കൊറിയ എന്നിവക്കെതിരെയാണ് കുവൈത്തിന്റെ അടുത്ത മത്സരങ്ങൾ. 14 പോയന്റുമായി ദക്ഷിണ കൊറിയ ഗ്രൂപ്പിൽ ഒന്നാമതും ഇറാഖ് രണ്ടാമതും ജോർഡാൻ മൂന്നാമതും പലസ്തീൻ ആറാം സ്ഥാനത്തുമാണ്. ഗ്രൂപ്പിൽനിന്ന് ആദ്യ രണ്ട് സ്ഥാനങ്ങളിൽവരുന്നവർ നേരിട്ട് ലോകകപ്പിന് യോഗ്യത നേടും. മൂന്നും നാലും സ്ഥാനക്കാർ നാലാം റൗണ്ടിലേക്ക് കടക്കും.