ദോഹ: ഖത്തറിനുവേണ്ടി ലോകകപ്പ് യോഗ്യതമത്സരത്തില്‍ അരങ്ങേറി മലയാളി താരം തഹ്‌സിന്‍ മുഹമ്മദ്. സൗദിയിലെ ഹുഫൂഫില്‍ വ്യാഴാഴ്ച രാത്രി നടന്ന മത്സരത്തില്‍ അഫ്ഗാനിസ്താനെതിരായ മത്സരത്തിലാണ് കൗമാരക്കാരും പുതുമുഖങ്ങളും അണിനിരന്ന ഖത്തർ സംഘത്തിൽ തഹ്സിന് അവസരം ലഭിച്ചത്. മത്സരം ഗോള്‍രഹിത സമനിലയിലായി. 2027 ഏഷ്യന്‍ കപ്പ് യോഗ്യതയും ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്കുള്ള ബെര്‍ത്തും നേരത്തേ ഉറപ്പിച്ചതിനാല്‍ സീനിയര്‍ താരങ്ങള്‍ക്കെല്ലാം ഖത്തര്‍ വിശ്രമം നല്‍കിയിരുന്നു. ഇതോടെയാണ് തഹ്‌സിന്‍ ഉള്‍പ്പെടെ പുതുമുഖങ്ങള്‍ക്ക് അവസരം തെളിഞ്ഞത്.
കോച്ച് മാര്‍ക്വേസ് ലോപസിന്റെ പ്ലെയിങ് ഇലവനില്‍ തന്നെ കണ്ണൂര്‍ വളപട്ടണം സ്വദേശിയും ഇടം നേടി. മൂന്നാം നമ്പറില്‍ വലതു വിങ്ങില്‍ പന്തുതട്ടാന്‍ നിയോഗം ലഭിച്ച താരം, മധ്യനിരയിലേക്ക് ഒഴുക്കിന് തുടക്കം കുറിച്ച് ഏല്‍പിച്ച ജോലി ഭംഗിയായി നിര്‍വഹിച്ചു. ആദ്യപകുതിയില്‍ പൂര്‍ണ സമയവും രണ്ടാം പകുതിയില്‍ 15 മിനിറ്റോളവും കളിച്ച ശേഷം 60ാം മിനിറ്റിലാണ് തഹ്‌സിന്‍ കളം വിടുന്നത്. ഇതിനിടെ മുന്‍നിരയിലേക്ക് മികച്ച നീക്കങ്ങള്‍ ഒരുക്കിയും ഗോളെന്നുറപ്പിച്ച ഏതാനും നീക്കങ്ങളിലേക്ക് പന്തെത്തിച്ചും സാന്നിധ്യമറിയിച്ചു. പന്തടക്കത്തിലും ഷോട്ടിലും ആക്രമണത്തിലും എതിരാളികള്‍ക്കുമേല്‍ വ്യക്തമായ മേധാവിത്വം ഖത്തറിന്റെ യുവനിരക്കായിരുന്നു. എങ്കിലും ഗോള്‍ പിറക്കാതെ പോയത് വിജയം നിഷേധിച്ചു. 11ന് ഇന്ത്യക്കെതിരെയാണ് ഖത്തറിന്റെ അടുത്ത മത്സരം.