CMDRF

ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂർണവിജയം

നാസയുടെ അപ്പോളോ ദൗത്യത്തിനു ശേഷം മനുഷ്യർ ഇതുവരെ എത്തിയിട്ടില്ലാത്തതും ഭൂമിയിൽ നിന്ന് 700 കിലോമീറ്റർ ദൂരെയുള്ളതുമായ പഥത്തിലാണ് പൊളാരിസ് ഡോൺ മിഷനിലൂടെ യാത്രികർ എത്തിച്ചേർന്നത്

ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂർണവിജയം
ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂർണവിജയം

വാഷിങ്ടൻ: ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തത്തിലൂടെ ജാറഡ് ഐസക്മാൻ, സാറാ ഗിലിസ് എന്നിവർ ചരിത്രം കുറിച്ചിരിക്കുന്നു. ഇലോൺ മസ്‌കിന്റെ കമ്പനിയായ സ്പേസ് എക്‌സിന്റെ ഫാൽക്കൺ റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ച ഡ്രാഗൺ പേടകത്തിലിരുന്ന് കേരളത്തിന്റെ മരുമകൾ അന്ന മേനോൻ, സ്കോട്ട് പൊറ്റീറ്റ് എന്നിവർ ആ ചരിത്രമുഹൂർത്തത്തിനു സാക്ഷ്യം വഹിച്ചത്.

നാസയുടെ അപ്പോളോ ദൗത്യത്തിനു ശേഷം മനുഷ്യർ ഇതുവരെ എത്തിയിട്ടില്ലാത്തതും ഭൂമിയിൽ നിന്ന് 700 കിലോമീറ്റർ ദൂരെയുള്ളതുമായ പഥത്തിലാണ് പൊളാരിസ് ഡോൺ മിഷനിലൂടെ യാത്രികർ എത്തിച്ചേർന്നത്.

ഇന്നലെ രാവിലെ 6.52ന് ശതകോടീശ്വരൻ കൂടിയായ ജാറഡ് ഐസക്മാൻ (41) ആണ് ആദ്യമായി ബഹിരാകാശത്ത് ചുവടുവച്ചത്. പിന്നാലെ സ്പേസ് എക്സിലെ എൻജിനീയർ സാറാ ഗിലിസും (30). സ്പേസ് എക്സിന്റെ വെബ്സൈറ്റിലൂടെ ഈ ദൃശ്യങ്ങൾ തത്സമയം സംപ്രേഷണം ചെയ്തു.

മടങ്ങി വീട്ടിലെത്തുമ്പോൾ ഒരുപാട് ജോലികൾ ബാക്കിയാണെങ്കിലും ഇവിടെനിന്നു നോക്കുമ്പോൾ ഭൂമി എല്ലാം തികഞ്ഞൊരു ലോകമാണ്– ആദ്യ കാഴ്ചയുടെ വിസ്മയത്തിൽ ജാറ‍ഡ് ഐസക്മാൻ പ്രതികരിച്ചു.

സ്പേസ് എക്സ് രണ്ടര വർഷം കൊണ്ട് വികസിപ്പിച്ചെടുത്ത ഇവിഎ സ്യൂട്ടുകൾ ധരിച്ചാണു സഞ്ചാരികൾ ബഹിരാകാശത്തു നടന്നത്. പരമാവധി 30 മിനിറ്റാണു നടന്നതെങ്കിലും ഇതിനുള്ള തയാറെടുപ്പെല്ലാംകൂടി ചേരുമ്പോൾ ഒരു മണിക്കൂർ 46 മിനിറ്റ്. ഭാവിയിലേക്കുള്ള ദൗത്യങ്ങൾക്ക് ഇത് നിർണായക ചുവടുവയ്പാണ്. രാവിലെ 8ന് ബഹിരാകാശനടത്തം അവസാനിച്ചതായി പ്രഖ്യാപനമുണ്ടായി.

രണ്ടു യാത്രികരും മാതൃപേടകത്തിലേക്കു മടങ്ങി വാതിലടയ്ക്കുന്നതും പരിശോധനകൾ നടത്തുന്നതും സ്പേസ് എക്സിന്റെ ഹാവത്തോൺ, കലിഫോർണിയ കേന്ദ്രങ്ങളിലെ ശാസ്ത്രജ്ഞർ വീക്ഷിച്ചു.

ഈ മാസം 10ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നായിരുന്നു പൊളാരിസിന്റെ വിക്ഷേപണം. ചൊവ്വാഴ്ച പുലർച്ചെ മുതൽ ഭൂമിയെ ചുറ്റുന്ന പേടകത്തിൽ അന്ന മേനോൻ ഉൾപ്പെടെ ആകെ 4 യാത്രികരാണ് ഉണ്ടായിരുന്നത്. യുഎസ് വ്യോമസേനയിലെ ലഫ്. കേണലും (റിസർവ്) സ്പേസ് എക്സ് കമ്പനിയുടെ മെഡിക്കൽ ഡയറക്ടറുമാണ് അന്ന മേനോന്റെ ഭർത്താവ് ഡോ. അനിൽ മേനോൻ. (യുഎസിലേക്കു കുടിയേറിയ ശങ്കരൻ മേനോന്റെയും യുക്രെയ്ൻകാരിയായ ലിസ സാമോലെങ്കോയുടെയും മകൻ).

Top