CMDRF

സിനിമാറ്റിക് വിഷനുമായി വരുന്നു ഷവോമി 14 സിവി

സിനിമാറ്റിക് വിഷനുമായി വരുന്നു ഷവോമി 14 സിവി
സിനിമാറ്റിക് വിഷനുമായി വരുന്നു ഷവോമി 14 സിവി

സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രഫിയെ ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക് പ്രതീക്ഷ പകര്‍ന്നുകൊണ്ട് ഷവോമി ഇന്ത്യയിലെ തങ്ങളുടെ ഷവോമി 14 സീരീസിലേക്കുള്ള പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. ഷവോമി 14, ഷവോമി 14 അള്‍ട്ര എന്നിവ ഉള്‍പ്പെടുന്ന ഷവോമി-14 സീരീസിന്റെ ഭാഗമാകാന്‍ പുതിയ ഷവോമി 14 സിവി ആണ് എത്തുന്നത്. ജൂണ്‍ 12ന് ഷവോമി 14 സിവി ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഷവോമി-14 സീരീസിലെ മറ്റ് രണ്ട് സ്മാര്‍ട്ട് ഫോണുകളെക്കാള്‍ വിലക്കുറവിലാണ് ഷവോമി 14 സിവി ഇന്ത്യയില്‍ ലോഞ്ച് ചെയ്യപ്പെടുക എന്നാണ് വിവരം, ക്യാമറ യൂണിറ്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സിനിമാറ്റിക് വിഷന്‍ അടക്കമുള്ള ഫീച്ചറുകള്‍ ഇതിലുണ്ടാകും. ഷവോമി 14 സിവി യുടെ ലോഞ്ചിലൂടെ ഇന്ത്യയിലെ ഷവോമി സ്മാര്‍ട്ട്‌ഫോണുകളുടെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കപ്പെടും. ഇന്ത്യയില്‍ ലോഞ്ച് ചെയ്യപ്പെടുന്ന ആദ്യ ഷവോമി സിവി സ്മാര്‍ട്ട്‌ഫോണ്‍ എന്നതാണ് ഷവോമി 14 സിവിയെ ശ്രദ്ധേയമാക്കുന്ന ചരിത്രപരമായ പ്രത്യേകത. 2021ല്‍ ആണ് ഷവോമി ആദ്യമായി സിവി സീരീസ് ചൈനയില്‍ ആരംഭിക്കുന്നത്. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ജനപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ സീരീസായി മാറാന്‍ ഷവോമി സിവി സീരീസ് ഫോണുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മത്സരം ശക്തമായ ഇന്ത്യന്‍ വിപണിയില്‍ ഏറെ പ്രതീക്ഷയോടെയാണ് ഷവോമി സിവി സീരീസ് ഇറക്കുന്നത്.

ഷവോമി 14 സീരീസിലെ മറ്റ് രണ്ട് സ്മാര്‍ട്ട്‌ഫോണുകളെപ്പോലെ തന്നെ ശക്തമായ ക്യാമറ സജ്ജീകരണമായിരിക്കും ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന ഷവോമി 14 സിവിയുടെയും പ്രത്യേകത. ഷവോമി 14 സീരീസിലെ മറ്റ് ഫോണുകള്‍ക്ക് സമാനമായി ലെയ്ക ഒപ്റ്റിക്സ് സഹകരണത്തോടെയാണ് ഈ സ്മാര്‍ട്ട്‌ഫോണും എത്തുകയെന്ന് ഷവോമി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഷവോമി 14 സിവിയില്‍ പ്രതീക്ഷിക്കുന്നത്. അതില്‍ ലെയ്ക സമ്മിലക്സ് ലെന്‍സുള്ള 50എംപി മെയിന്‍ റിയര്‍ ക്യാമറ, 12എംപി 120° അള്‍ട്രാ വൈഡ് ക്യാമറ, 50എംപി 25എംഎം പോര്‍ട്രെയിറ്റ് ക്യാമറ എന്നിവയും ഡ്യുവല്‍ 32എംപി ഫ്രണ്ട് ക്യാമറകളും ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുന്ന ഷവോമി 14 സിവി ഇതിനകം ചൈനയില്‍ ലോഞ്ച് ചെയ്ത ഷവോമി സിവി 4 പ്രോ യുടെ റീബ്രാന്‍ഡഡ് വേരിയന്റ് ആയിരിക്കാം എന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. ഇത് ശരിയാണെങ്കില്‍ സിവി 4 പ്രോയുടെ ഫീച്ചറുകള്‍ തന്നെയാകും ഷവോമി 14 സിവിയിലും ഉണ്ടാകുക. ഷവോമി 14 സിവിയില്‍ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകള്‍: ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 8s Gen 3 ചിപ്‌സെറ്റ് ആണ് ഷവോമി 14 സിവിയില്‍ ഉണ്ടാവുക. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പര്‍ഒഎസില്‍ ആണ് ഫോണിന്റെ പ്രവര്‍ത്തനം. ലോഞ്ചിന് ശേഷം എംഐ ഔദ്യോഗി വെബ്സൈറ്റ്, ഓഫ്ലൈന്‍ സ്റ്റോറുകള്‍ എന്നിവയ്ക്ക് പുറമെ ഫ്‌ലിപ്പ്കാര്‍ട്ട് വഴിയും ഷവോമി-14 സിവി ലഭ്യമാകും. ഈ ഫോണിന്റെ വില സംബന്ധിച്ച സൂചനകളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

Top