ഇന്ത്യന്‍ ചരിത്രത്തിലും പൈതൃകത്തിലും ഏറ്റവും മഹനീയ സ്ഥാനമാണ് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലൂടെ ഒഴുകുന്ന യമുന നദിക്ക്. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യമുന എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പുണ്യ ജലം കറുത്ത് മാലിന്യങ്ങള്‍ ഒഴുകിയെത്തുന്ന നദി എന്ന ഓര്‍മ്മപ്പെടുത്തലുകളാണ് നമുക്കുണ്ടാകുന്നത്. ജലം കൈക്കുമ്പിളില്‍ കോരിയെടുത്താല്‍ പോലും കാത്തിരിക്കുന്നത് മഹാ രോഗങ്ങളാണ്. ഇന്ന് ഇന്ത്യയിലെ ഏറ്റവും മലിനമായ നദികളിലൊന്നായി മാറിയിരിക്കുകയാണ് യമുന. കാഴ്ചയില്‍ തന്നെ ഭയമുളവാക്കുന്ന തരത്തിലാണ് മാലിന്യത്തിന്റെ ഒഴുക്ക്.
ലോകമഹാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന്റെ രൂപകല്പനയുടെ അവിഭാജ്യ ഘടകമാണ് യമുന. താജ് നിര്‍മ്മിക്കുമ്പോള്‍ യമുന നദി ഭാവിയില്‍ വറ്റി വരളുമെന്ന് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. എന്നാല്‍ നദി ചുരുങ്ങി, അതും മലിനമായിരിക്കുന്നു. മലിനമായതും ഇടുങ്ങിയതുമായ യമുന താജ്മഹല്‍ നിര്‍മ്മിച്ച തടി അടിത്തറയുടെ ശിഥിലീകരണത്തിന് കാരണമാകും.
Also Read: വിവാഹിതനല്ലെങ്കിൽ ജോലി ഇല്ല; തൊഴിലിടത്തെ പ്രണയബന്ധങ്ങൾക്ക് വിലക്ക്
നവംബര്‍ 6 മുതല്‍ 8 വരെ ആഘോഷിക്കാനിരിക്കുന്ന ഛത്ത് പൂജയ്ക്ക് മുന്നോടിയായി യമുനാ നദിയില്‍ വിഷാംശമുള്ള നുരകള്‍ നിറഞ്ഞ കാഴ്ചയാണ് ഇപ്പോള്‍ ഏവരേയും ഭയപ്പെടുത്തുന്നത്. നദി മുഴുവനും വിഷപ്പത കൊണ്ട് മൂടിയ നിലയിലാണ്. ഇത് ഡല്‍ഹി-എന്‍സിആറിലെ മലിനീകരണ തോത് വര്‍ദ്ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്ക ഉയര്‍ത്തുന്നു. കടുത്ത മലിനീകരണത്തെ സൂചിപ്പിക്കുന്ന ഇത്തരം പതകള്‍ മാറ്റാന്‍ കെമിക്കല്‍ ഡിഫോമറുകള്‍ നദിയില്‍ തളിക്കാനാണ് അധികാരികള്‍ ഒരുങ്ങുന്നത്.
ഡല്‍ഹിയിലെ നൂറുകണക്കിന് ഫാക്ടറികളില്‍ നിന്നും പുറന്തള്ളപ്പെടുന്ന രാസമാലിന്യങ്ങളും ഗാര്‍ഹിക മാലിന്യങ്ങളും ഡ്രൈനേജുകളും എല്ലാം യമുനയിലേക്കാണ് എത്തുന്നത്. ഇതിനെതുടര്‍ന്നാണ് വെള്ളം ഇപ്പോള്‍ കറുത്ത നിറത്തിലായിരിക്കുന്നത്. ഡല്‍ഹിയിലെ കാളിന്ദി കുഞ്ചില്‍ അവസ്ഥ അങ്ങേയറ്റം ഭീകരമാണ്. അളവറ്റ മാലിന്യം കാരണം യമുന പതഞ്ഞൊഴുകുകയാണ്. ഇതേക്കുറിച്ച് നടത്തിയ ശാസ്ത്രീയ പഠനങ്ങള്‍ മലിനീകരണത്തിന്റെ ഭയപ്പെടുത്തുന്ന വ്യാപ്തി വെളിപ്പെടുത്തുന്നു. ഡല്‍ഹിക്കടുത്തുള്ള യമുനയുടെ പല ഭാഗങ്ങളിലും മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും പ്ലാസ്റ്റിക്കുകളും വ്യാവസായിക മാലിന്യങ്ങളും, സംസ്‌കരിക്കാത്ത മാംസ മാലിന്യങ്ങളും എല്ലാം മലിനജലത്തിനും ഉപയോഗിച്ചിട്ടുണ്ട്. രൂക്ഷമായ ദുര്‍ഗന്ധമുള്ള വെളുത്ത നുരയില്‍ വ്യാവസായിക മാലിന്യങ്ങളില്‍ നിന്നുള്ള അമോണിയയും ഫോസ്‌ഫേറ്റുകളും ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മരോഗങ്ങള്‍ക്ക് കാരണമാകും.
Also Read: ‘തകര്‍പ്പന്‍ പ്രതികരണം’; ഇസ്രയേലിനെയും അമേരിക്കയേയും വിറപ്പിച്ച് ഇറാന്റെ ആത്മീയ നേതാവ്
യമുന നദിയില്‍ വിഷാംശം കെട്ടി രൂപം കൊണ്ട കട്ടിയുള്ള പാളികള്‍ പോകാന്‍ ഡല്‍ഹി ജല്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ ഓഖ്‌ല ബാരേജിന് ചുറ്റും ആന്റി-ഫോമിംഗ് ലായനികള്‍ തളിക്കാന്‍ തുടങ്ങിയെന്ന് വാട്ടര്‍ യൂട്ടിലിറ്റിയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ ശ്രമത്തില്‍ വിഷപ്പതകളെ ഏകദേശം 12-15 ടണ്ണോളം നേര്‍പ്പിച്ചു. നവംബര്‍ 6 മുതല്‍ 8 വരെ ആഘോഷിക്കുന്ന ഛത്ത് പൂജ വരെ ഇത് തുടരും. ഓരോ ശൈത്യകാലത്തും യമുനയില്‍ വെളുത്ത നുര പ്രത്യക്ഷപ്പെടുന്നത് ആവര്‍ത്തിച്ചുള്ള പ്രശ്നമാണ്. നദിയിലെ ജലത്തില്‍ ഉയര്‍ന്ന അളവിലുള്ള രാസ-വിഷ മാലിന്യങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.
യമുന നദിയുടെ രണ്ട് ശതമാനം മാത്രമാണ് ഡല്‍ഹിയിലൂടെ കടന്നുപോകുന്നത്, എന്നാല്‍ യമുനയുടെ 80 ശതമാനവും പൊടിയും മലിനീകരണവും കാരണം ഇവിടെ മലിനമാകുന്നു. 1370 കിലോമീറ്റര്‍ നീളമുള്ള യമുനയില്‍ ഡല്‍ഹിയിലെ വസീറാബാദിനും ഓഖ്ലയ്ക്കും ഇടയിലുള്ള 22 കിലോമീറ്റര്‍ ദൂരമാണ് ഏറ്റവും വിഷലിപ്തമായി മാറിയിരിക്കുന്നത്. വിദഗ്ധരുടെ അഭിപ്രായത്തില്‍, യമുനയുടെ മലിനീകരണത്തില്‍ 70 ശതമാനം സംഭാവന ചെയ്യുന്നത് നജഫ്ഗഡ് ഡ്രെയിനാണ്.
Also Read: 634 വധശ്രമങ്ങൾ, 62 വർഷത്തെ ഉപരോധം, എന്നിട്ടും അമേരിക്കയ്ക്ക് കീഴ്പെടുത്താൻ പറ്റാത്ത രാജ്യം
അതേസമയം, നടപ്പു സാമ്പത്തിക വര്‍ഷം യമുന ശുചീകരണത്തിനായി 200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. യമുന ശുചീകരിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും, നിരവധി വെല്ലുവിളികള്‍ ഉണ്ട്. നിരവധി പ്ലാന്റുകളും ഈ ദിശയില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പകുതി പോലും നാളിതുവരെ പ്രവര്‍ത്തനക്ഷമമായിട്ടില്ല. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി പദ്ധതി എന്ന നിലയില്‍ 1993-ലാണ് ‘യമുന ആക്ഷന്‍ പ്ലാന്‍’ എന്ന പേരില്‍ നദി പുനരുദ്ധാരണ പരിപാടി ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന പരിപാടിയായ ”നമാമി ഗംഗേ പ്രോഗ്രാമിന്റെ” ഭാഗമായി യമുന ശുചീകരണത്തിനായി വര്‍ഷങ്ങളായി ആയിരക്കണക്കിന് കോടി രൂപ ചെലവഴിച്ചെങ്കിലും അത് വേണ്ടത്ര ഗുണം ചെയ്തിട്ടില്ല എന്നതാണ് യമുനയിലെ ഇപ്പോഴത്തെ അവസ്ഥ കണ്ട് മനസിലാക്കാനാകുന്നത്.
അതിനിടെ, ഞായറാഴ്ച ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ കനത്ത പുകമഞ്ഞ് നിറഞ്ഞു, വായുവിന്റെ ഗുണനിലവാരം ‘വളരെ മോശമായി’ തുടരുന്നു. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ (സിപിസിബി) കണക്കുകള്‍ പ്രകാരം, ദേശീയ തലസ്ഥാനത്തെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എക്യുഐ) രാവിലെ 9 മണിക്ക് 507 ആയി കണക്കാക്കി. പരമാവധി മലിനീകരണ തോതിനേക്കാള്‍ 65 മടങ്ങ് അധികം മലിനീകരണമാണ് നിലവിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.
Also Read: യുക്രെയ്ന്‍ ഇതുവരെ കാണാത്ത ശക്തമായ സൈനിക നീക്കവുമായി റഷ്യ
ഡല്‍ഹി നിവാസികളായ പലര്‍ക്കും വായുമലിനീകരണം മൂലം കടുത്ത ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ഇത് കോവിഡ് മഹാമാരി ഉണ്ടാക്കിയതിനേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികള്‍,വയോധികര്‍ എന്നിവരെപോലെയുള്ളവരിലാണ് വായുമലിനീകരണം ആദ്യം ബാധിക്കുക. ഹൃദ്രോഗം,അര്‍ബുദം,ന്യുമോണിയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവ ഉണ്ടാക്കുമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Report: Staff Reporter