കെജിഎഫ് നായകന്‍ യഷിനെ പ്രധാന കഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ടോക്‌സിക്’. ‘എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്പ്‌സ്’ എന്ന ടാഗ്ലൈനോടെയുള്ള സിനിമയുടെ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. സിനിമ അടുത്ത വര്‍ഷം ഏപ്രില്‍ 10 ന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ വന്ന വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോള്‍ സിനിമയുടെ റിലീസ് വൈകിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.
ടോക്‌സിക് എന്നത് വലിയ ബജറ്റില്‍ കഥ പറയുന്ന സിനിമയാണെന്നും അതിനാല്‍ ആ സ്‌കെയിലില്‍ ഒരുക്കുന്നതിനായി അണിയറപ്രവര്‍ത്തകര്‍ ചിത്രീകരണത്തിന് കൂടുതല്‍ സമയം ചെലവഴിക്കുന്നതായി പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. അതുപോലെ യഷിനൊപ്പം ഒരു വലിയ താരനിര തന്നെ ഭാഗമാകുന്ന സിനിമയാണിത്. ഇവരുടെയെല്ലാം ഡേറ്റുകള്‍ ഒരുമിച്ച് ലഭിക്കേണ്ടതും ആവശ്യമാണ്. ഇതും ഷെഡ്യൂള്‍ നീട്ടുന്നതിന് കാരണമായതായും റിപ്പോര്‍ട്ടുകളുണ്ട്. സിനിമയുടെ പുതിയ റിലീസ് തീയതി ഉടന്‍ അറിയിക്കുമെന്നും സൂചനയുണ്ട്.
അതേസമയം ആഗസ്റ്റ് അആദ്യവാരത്തില്‍ സിനിമയുടെ സുപ്രധാന സീക്വന്‍സുകള്‍ ചിത്രീകരിക്കുമെന്നാണ് സൂചന. സിനിമയില്‍ ഒരു ഡോണിന്റെ വേഷത്തിലാണ് യഷ് എത്തുന്നത്. എന്നാല്‍ കെജിഎഫ് ഫ്രാഞ്ചൈസിയില്‍ നിന്ന് വളരെ വ്യത്യസ്തമായ കഥാപാത്രവും കഥാപശ്ചാത്തലവുമാകും ടോക്‌സിക്കിന്റേത് എന്നാണ് റിപ്പോര്‍ട്ട്.
സിനിമയില്‍ തെന്നിന്ത്യന്‍ നായിക നയന്‍താരയും ബോളിവുഡ് നായിക കിയാര അദ്വാനിയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ടോക്സിക്കില്‍ ഹുമ ഖുറേഷിയും പ്രതിനായക വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് ടോക്‌സിക് നിര്‍മ്മിക്കുന്നത്. ഗീതു മോഹന്‍ദാസ് തന്നെയാണ് രചനയും നിര്‍വഹിക്കുന്നത്.