തൃശൂര്‍: തൃശൂര്‍ പൂര വിവാദത്തില്‍ കേരള പൊലീസിന്റെ മാസ് മറുപടി. പൂരം കുളമാക്കുന്ന പൊലീസ് എന്ന പ്രചരണത്തിന്റെ മുനയൊടിക്കാന്‍ മുന്‍പ് യതീഷ് ചന്ദ്ര പൂര പറമ്പില്‍ വിതറിയ ആവേശമാണ് പൊലീസുകാര്‍ പ്രതിരോധത്തിനായി വ്യാപകമായി സ്റ്റാറ്റസാക്കിയിരിക്കുന്നത്. ഈ വര്‍ഷം നടന്ന തൃശൂര്‍ പൂരത്തിലുണ്ടായ പ്രതിസന്ധികള്‍ക്ക് കാരണം സിറ്റി പൊലീസ് കമ്മിഷണറായ അങ്കിത് അശോകനാണെന്ന് പുറത്തു വന്നതോടെ, കമ്മീഷ്ണറെ തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതിയോടെ ചുമതലയില്‍ നിന്നും സര്‍ക്കാര്‍ നീക്കിയിരുന്നു. കമ്മീഷണര്‍ കയര്‍ത്തു സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സര്‍ക്കാര്‍ നടപടിക്ക് നിര്‍ബന്ധിതമായിരുന്നത്.
തൃശൂരിലെ പൊലീസിനെ മുഴുവന്‍ പ്രതിരോധത്തിലാക്കിയ മാനക്കേടില്‍ നിന്നും കരകയറാനാണ് യുവ ഐ.പി.എസുകാരനായ യതീഷ് ചന്ദ്രയെ പൊലീസുകാരിപ്പോള്‍ കൂട്ടു പിടിച്ചിരിക്കുന്നത്. ഇതോടെ, യതീഷ് ചന്ദ്രയുടെ പൂരപറമ്പിലെ വിഡിയോ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. നിലവിലെ കമ്മിഷണര്‍ അങ്കിത് അശോകനോടുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ അമര്‍ഷമാണ് യതീഷ് ചന്ദ്രയുടെ വിഡിയോ പ്രചരിപ്പിക്കുന്നതിനു പിന്നിലെ കാരണമെന്നാണ് സൂചന.യതീഷ് ചന്ദ്ര കമ്മിഷണറായിരുന്നപ്പോള്‍ പൂരത്തിനെത്തിയ ജനക്കൂട്ടത്തിനൊപ്പം ആവേശത്തോടെ ആര്‍പ്പ് വിളിച്ച് യതീഷ് ചന്ദ്ര പങ്കുകൊള്ളുന്നതും പൂര പ്രേമികള്‍ക്ക് കൈ കൊടുത്ത് സന്തോഷം പങ്കിടുന്നതും, ലക്ഷകണക്കിന് പേരാണ് സോഷ്യല്‍ മീഡിയകളിലൂടെ ഷെയര്‍ ചെയ്തിരുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെ പൂര പ്രേമികള്‍ക്ക് നേരെ പൊലീസ് ലാത്തിവീശിയതും പൂരനഗരി ബാരിക്കേഡ് വച്ച് കെട്ടിയടച്ചതുമാണ് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നത്. തിരുവമ്പാടി ദേവസ്വം എഴുന്നള്ളത്തും പഞ്ചവാദ്യവും പൊലീസിന്റെ ഇടപെടല്‍ കാരണം പാതിവഴിയിലായതായാണ് ആക്ഷേപം. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിന്നും ജീവനക്കാരെയും കമ്മിറ്റി അംഗങ്ങളെയും ഒഴിവാക്കാനുള്ള പൊലീസ് നടപടിയും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.
ആനകള്‍ക്കു നല്‍കാന്‍ കൊണ്ടു വന്ന പട്ടയും മറ്റും കമ്മീഷണര്‍ അങ്കിത് അശോകന്‍ തടയുന്ന ദൃശ്യങ്ങളം ഇതിനിടെ പുറത്തു വന്നിരുന്നു. ‘എടുത്തു കൊണ്ട് പോടാ പട്ട’ എന്നായിരുന്നു കമ്മിഷണര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഒരു ഭാഗത്തെ നിലപാട് മാത്രം മുന്‍ നിര്‍ത്തിയുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നതെന്നും, യാഥാര്‍ത്ഥ്യം അതിനും അപ്പുറമാണെന്നുമാണ് ഒരു വിഭാഗം പൊലീസുകാര്‍ പറയുന്നത്. പൂരം നല്ല രൂപത്തില്‍ നടത്താന്‍ കഴിഞ്ഞ കാലങ്ങളില്‍ പൊലീസ് നടത്തിയ പ്രവര്‍ത്തനങ്ങളെ പോലും കണ്ടില്ലന്നു നടിച്ച്, സംഘടിതമായി മാധ്യമങ്ങള്‍ അറ്റാക്ക് ചെയ്യുന്നതിലും, സേനയില്‍ പ്രതിഷേധം ശക്തമാണ്. തങ്ങളുടെ വാദം അവതരിപ്പിക്കാന്‍ പൊലീസിന് പരിമിതി ഉള്ളതിനാലാണ്, യതീഷ് ചന്ദ്രയുടെ വീഡിയോ പങ്കുവച്ച് ഇപ്പോള്‍ അവര്‍ മറുപടി നല്‍കാന്‍ ശ്രമിച്ചിരിക്കുന്നത്. രാജ്യത്ത് തന്നെ ഏറ്റവും അധികം ആരാധകരുള്ള ഐ.പി.എസ് ഓഫീസറായ യതീഷ് ചന്ദ്ര. കര്‍ക്കശ നിലപാടുകളിലൂടെയാണ് ശ്രദ്ധേയനായിരുന്നത്. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹം നിലവില്‍ അവധിയിലാണുള്ളത്.(വീഡിയോ കാണുക)