ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പയുടെ പോക്സോ കേസിൽ അറസ്റ്റ് തടഞ്ഞ കർണാടക ഹൈകോടതി ഉത്തരവ് സെപ്റ്റംബർ അഞ്ചുവരെ നീട്ടി. കേസിൽ യെദിയൂരപ്പക്കെതിരെ സി.ഐ.ഡി അടുത്തിടെ കുറ്റപത്രം സമർപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം കേസിൽ വാദം കേൾക്കവെയാണ് വീണ്ടും ഹർജി പരിഗണിക്കുന്നതുവരെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവും ബാധകമാണെന്ന് കോടതി വ്യക്തമാക്കിയത്.
കുറ്റപത്രം കോടതിയിൽ ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്ന് സി.ഐ.ഡി വിഭാഗത്തിനുവേണ്ടി ഹാജരായ പബ്ലിക് പ്രോ സിക്യൂട്ടർ അശോക് നായിക് കോടതിയോട് അഭ്യർത്ഥിച്ചു. എന്നാൽ, കൂടുതൽ സമയം അനുവദിക്കരുതെന്നും വിചാരണ നീളുന്നത് തന്റെ കക്ഷിയുടെ അറസ്റ്റിനിടയാക്കുമെന്നും യെദിയൂരപ്പക്കുവേണ്ടി ഹാജരായ അഭിഭാഷകൻ നാഗേഷ് വാദിച്ചു.
കർണാടക സർക്കാറിനും മുഖ്യമന്ത്രി സിദ്ധരാമയ്യക്കുമെതിരെ ബി.ജെ.പിയും ജെ.ഡി-എസും തുറന്ന സമരത്തിനിറങ്ങിയതിന് പിന്നാലെയായിരുന്നു യെദിയൂരപ്പക്കെതിരായ കേസിൽ കോൺഗ്രസ് സർക്കാർ നടപടി കടുപ്പിച്ചത്. പോക്സോ കേസിൽ യെദിയൂരപ്പയുടെ അറസ്റ്റ് തടഞ്ഞ ഹൈകോടതി നടപടി ഒഴിവായാൽ യെദിയൂരപ്പക്കെതിരെ തുടർനടപടി സ്വീകരിക്കാനാണ് സർക്കാർ നീക്കം.
Also Read: ദളിത് പെൺകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; രണ്ടുപേർ പിടിയിൽ
17കാരിയായ പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ കഴിഞ്ഞ മാർച്ച് 14നാണ് യെദിയൂരപ്പക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യുന്നത്. ഡോളേഴ്സ് കോളനിയിലെ യെദിയൂരപ്പയുടെ വീട്ടിൽവെച്ചുള്ള കൂടിക്കാഴ്ചക്കിടെ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ബംഗളൂരു പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സി.ഐ.ഡി ഏറ്റെടുത്ത് ജൂൺ 27ന് ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.