തെൽഅവീവ്: തെക്കൻ ഇസ്രായേലിൽ നടന്ന സൈനിക ബിരുദദാനച്ചടങ്ങിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് കൂക്കിവിളി. പ്രസംഗത്തിനിടെ ‘ഗസ്സ യുദ്ധം തുടരും’ എന്ന് പറഞ്ഞപ്പോഴാണ് നാണക്കേടെന്ന് വിളിച്ചുപറഞ്ഞ് ശ്രോതാക്കൾ പ്രസംഗം തടസ്സപ്പെടുത്തിയത്.
“ യുദ്ധം എത്രത്തോളം നീണ്ടുനിൽക്കുമെന്ന് ചിലർ ചോദിക്കുന്നുണ്ട്. ഞാൻ രണ്ട് വാക്കുകളിൽ ഉത്തരം നൽകുന്നു: വിജയം വരെ. എത്ര സമയമെടുത്താലും വിജയം വരെ ” -എന്ന് നെതന്യാഹു പറഞ്ഞ ഉടനെയായിരുന്നു സദസ്സിൽനിന്ന് കൂക്കി വിളി ഉയർന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതിനിടെ, ഒക്‌ടോബർ 7ന് ഹമാസ് നടത്തിയ ‘തൂഫാനുൽ അഖ്സ’ ആക്രമണത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻറ് പറഞ്ഞു. അന്നത്തെ സുരക്ഷാ വീഴ്ചയെ കുറിച്ച് താനും നെതന്യാഹുവും ഉൾപ്പെടെയുള്ള രാഷ്ട്രനേതാക്കൾക്കെതിരെ സർക്കാർ അന്വേഷണം ആവശ്യമാണെന്നാണ് ഗാലന്റ് പറഞ്ഞത്.