ഇസ്രായേലിന് നേരെ മിസൈലാക്രമണം നടത്തി യെമനിലെ ഹൂതികള്‍. ആക്രമണത്തില്‍ ഇസ്രായേലിലെ പാതൈ മോദിഇന്‍ റെയില്‍വേ സ്റ്റേഷന്റെ ഏതാനും ഭാഗങ്ങള്‍ക്ക് തീപിടിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മിസൈലുകള്‍ പതിച്ചത് ആള്‍താമസമില്ലാത്ത പ്രദേശങ്ങളില്‍ ആയതിനാല്‍ ആളപായമുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മിസൈല്‍ പതിക്കുന്നതിന് മുന്നോടിയായി തലസ്ഥാന നഗരിയായ ടെല്‍ അവീവിലും മധ്യ ഇസ്രയേലിലും അപായ സൈറണുകള്‍ മുഴങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സൈറണ്‍ കേട്ടതിന് പിന്നാലെ ഓടി രക്ഷപെടാന്‍ ശ്രമിച്ച ഒമ്പത് പേര്‍ക്ക് നിസാരമായ പരിക്കുകള്‍ പറ്റിയിട്ടുണ്ട്. ഈ ആക്രമണം ഒരു തുടക്കം മാത്രമാണെന്ന് ഹൂതി വക്താവ് നസറുദീന്‍ അമേര്‍ പ്രതികരിച്ചു. സമൂഹ മാധ്യമമായ എക്‌സിലൂടെയായിരുന്നു പ്രതികരണം.
അതേസമയം, ഇസ്രായേലിന് നേരെ ഹൂതികള്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ജൂലൈയിലും ടെല്‍ അവീവിനെ ലക്ഷ്യമിട്ട് ഹൂതികള്‍ ഡ്രോണാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.