CMDRF

ഇൻസ്റ്റ​ഗ്രാം സ്റ്റോറിക്കും ഇനി പബ്ലിക്കായി കമന്റ് ചെയ്യാം

മെറ്റ സിഇഒ മാർക് സക്കർബർ​ഗാണ് പുതിയ ഫീച്ചർ ഇൻസ്റ്റയിൽ വരുന്ന വിവരം അറിയിച്ചത്

ഇൻസ്റ്റ​ഗ്രാം സ്റ്റോറിക്കും ഇനി പബ്ലിക്കായി കമന്റ് ചെയ്യാം
ഇൻസ്റ്റ​ഗ്രാം സ്റ്റോറിക്കും ഇനി പബ്ലിക്കായി കമന്റ് ചെയ്യാം

തിരുവനന്തപുരം: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റ​ഗ്രാമിൽ സ്റ്റോറിക്കും ഇനി പബ്ലിക്കായി കമന്റ് ചെയ്യാം. സ്റ്റോറീസിനെ പോലെ തന്നെ പരിമിതമായ സമയത്തേക്ക് മാത്രമേ കമന്റുകൾ കാണാനാകൂ. സമയപരിധി കഴിയുമ്പോൾ സ്റ്റോറിക്കൊപ്പം കമന്റും അപ്രത്യക്ഷമാകും. മെറ്റ സിഇഒ മാർക് സക്കർബർ​ഗാണ് പുതിയ ഫീച്ചർ ഇൻസ്റ്റയിൽ വരുന്ന വിവരം അറിയിച്ചത്.

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുകൾക്ക് സമാനമായ രീതിയിൽ സ്‌റ്റോറീസിനും ഇനി മുതൽ കമന്റുകൾ രേഖപ്പെടുത്താം. 24 മണിക്കൂർ കഴിയുമ്പോൾ സ്‌റ്റോറീസ് അപ്രത്യക്ഷമാവുന്നതിനൊപ്പം തന്നെ കമന്റുകളും നീക്കം ചെയ്യപ്പെടും എന്നുമാത്രം. നേരത്തെ തന്നെ സ്റ്റോറീസിനോട് പ്രതികരിക്കാൻ റിപ്ലൈ ഫീച്ചർ ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു. ഇത് സ്വകാര്യ സന്ദേശമായാണ് സ്റ്റോറിയുടെ ഉടമയ്ക്ക് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന പുതിയ ഫീച്ചർ വഴി സ്റ്റോറീസിന് നൽകുന്ന കമന്റുകൾ മറ്റ് യൂസ‍ർമാർക്ക് കാണാനാവും. എന്നാൽ കമന്റുകൾ മറ്റുള്ളവർ കാണണോ എന്ന് ഉപഭോക്താവിന് സെറ്റിങ്‌സിൽ തീരുമാനിക്കാനുള്ള ഓപ്ഷനുണ്ട്.

ഇൻസ്റ്റ​ഗ്രാം അടുത്തിടെ മറ്റൊരു ഫീച്ചർ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് പുതിയ പ്രൊഫൈൽ ലേഔട്ട് ഡിസൈൻ ഇൻസ്റ്റഗ്രാം പരീക്ഷിച്ചത്. നിലവിൽ ചതുരാകൃതിയിലുള്ള ബ്ലോക്കുകളിലാണ് ചിത്രങ്ങൾ കാണിക്കുന്നത്. പുതിയ അപ്ഡേറ്റ് വരുന്നതോടെ കുത്തനെയുള്ള ദീർഘ ചതുരാകൃതിയിലാണ് ചിത്രങ്ങളും വീഡിയോയും അടങ്ങുന്ന ഉള്ളടക്കങ്ങൾ പ്രദർശിപ്പിക്കുകയെന്ന് റിപ്പോർട്ടുകൾ പറയുന്നത്.

നിരവധി പേർക്ക് ഈ അപ്ഡേറ്റ് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. പരിമിതമായ ആളുകൾക്ക് മാത്രമാണ് ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാകുക. പലരുടെയും ഇൻസ്റ്റഗ്രാമിൽ വെർട്ടിക്കലായാണ് പോസ്റ്റുകളെല്ലാം കാണിക്കുന്നത്. 4/3, 9/16 എന്നീ അളവുകളിലാണ് അവയെന്നും അത്തരം ചിത്രങ്ങളെ സമചതുരമാക്കി വെട്ടിമുറിക്കുന്നത് ക്രൂരമാണെന്നും ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി പറഞ്ഞു. ഇൻസ്റ്റയിൽ ചതുരത്തിലുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്ന കാലത്തുള്ളതാണ് പ്രൊഫൈലിലെ ചതുരങ്ങളെന്നും അദ്ദേഹം പറയുന്നു. 2015 ൽ ചതുരത്തിലുള്ള ചിത്രങ്ങൾ ഒഴിവാക്കിയതാണ്.

Top