ഗൂഗിള്‍ മാപ്പിലും സെര്‍ച്ചിലും പുതിയ ഫീച്ചറുകള്‍. ഇലക്ട്രിക് വാഹനമുടമകള്‍ക്ക് പ്രയോജനം ചെയ്യുന്ന ഒട്ടേറെ പുതിയ സൗകര്യങ്ങളാണ് ഗൂഗിള്‍ മാപ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള ചാര്‍ജിങ് പോയിന്റുകള്‍ കണ്ടുപിടിക്കാനുള്ള സൗകര്യവുമുണ്ട് . റിവ്യൂ അടിസ്ഥാനമാക്കി ജനറേറ്റീവ് എഐയുടെ സഹായത്തോടെ നിര്‍മിച്ച ചാര്‍ജിങ് സ്റ്റേഷന്റെ കൃത്യമായ ലൊക്കേഷനെ കുറിച്ചുള്ള വിശദമായ കുറിപ്പും മാപ്പിലുണ്ടാവും. പൊതുഗതാഗതം, കാല്‍നടയാത്ര എന്നിവയ്ക്ക് അനുയോജ്യമായ യാത്രാ മാര്‍ഗങ്ങളും ഗൂഗിള്‍ സെര്‍ച്ചിലും മാപ്പിലും ഉണ്ടാവും. ചാര്‍ജിങ് സ്റ്റേഷന്‍ എവിടെയാണ്, ഏത് തരം ചാര്‍ജറാണ് അവിടെയുള്ളത്, എത്രനേരം കാത്തിരിക്കേണ്ടിവരും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഉപഭോക്താക്കളുടെ അഭിപ്രായങ്ങളില്‍ നിന്ന് എഐയുടെ സഹായത്തോടെ മറ്റ് ഉപഭോക്താക്കള്‍ക്ക് നല്‍കും.
താമസിയാതെ തന്നെ ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററി ചാര്‍ജ് നിരക്കിന്റെ അടിസ്ഥാനത്തില്‍ അടുത്തുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍ദേശിക്കുന്ന ഫീച്ചറും ഗൂഗിള്‍ മാപ്പ് അവതരിപ്പിക്കും. ഈ ഫീച്ചര്‍ വരും മാസങ്ങളില്‍ ആഗോള തലത്തില്‍ അവതരിപ്പിക്കും. ഗൂഗിള്‍ സേവനങ്ങള്‍ ലഭ്യമായ വാഹനങ്ങളില്‍ മാത്രമേ ഈ സൗകര്യങ്ങള്‍ ലഭിക്കൂ. ഇതോടൊപ്പം ഇവി ചാര്‍ജിങ് സൗകര്യം ലഭ്യമാക്കിയിട്ടുള്ള ഹോട്ടലുകള്‍ കണ്ടെത്താനുള്ള ഫില്‍റ്ററും ഗൂഗിള്‍ സെര്‍ച്ചില്‍ അവതരിപ്പിക്കും.