മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ച് ‘ഐ ലവ് യു’ എന്ന് പറഞ്ഞതിന് യുവാവിന് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക പോക്സോ കോടതി. പത്തൊന്‍പതുകാരനായ യുവാവിനെ രണ്ട് വര്‍ഷം കഠിന തടവിനാണ് ശിക്ഷിച്ചിട്ടുള്ളത്. ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം യുവാവ് കുറ്റക്കാരനാണെന്ന് ജഡ്ജി അശ്വിനി ലോഖണ്ഡേയാണ് വിധിച്ചത്.
എന്നാല്‍ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ വിധിയില്‍ ഒഴിവാക്കിയിട്ടുണ്ട്. 2019 സെപ്റ്റംബറിലാണ് സംഭവം ഉണ്ടായത്. 14 വയസുള്ള പെണ്‍കുട്ടിയെ യുവാവ് തന്റെ കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് കൊണ്ട് പോയി കൈപിടിച്ച് സ്‌നേഹം പ്രകടിപ്പിച്ചു എന്നാണ് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്.
ഐ ലവ് യൂ എന്ന് കൈയില്‍ പിടിച്ച് പറഞ്ഞ് കൊണ്ട് യുവാവ് അടുത്തേക്ക് വലിക്കുകയും ചെയ്തു. കണ്ണീരോടെ അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്ന് കുട്ടി സംഭവിച്ച കാര്യങ്ങള്‍ പറയുകയായിരുന്നു. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു എന്നാണ് യുവാവിന്റെ വാദം. പക്ഷേ, തമ്മില്‍ ബന്ധമുണ്ടായിരുന്നെങ്കില്‍ പെണ്‍കുട്ടി സംഭവം അമ്മയെ അറിയിക്കില്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കോടതി ഇയാളുടെ വാദം തള്ളുകയായിരുന്നു.