ബിജെപി സ്ഥാനാര്‍ത്ഥിക്കായി ഒരു പോളിങ്ങ് ബൂത്തില്‍ യുവാവ് നിരവധി തവണ വോട്ടു ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ സംഭവത്തില്‍ കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വോട്ടര്‍ ഫാറൂഖാബാദ് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുത്തിനായി എട്ട് തവണ വോട്ടു ചെയ്യുന്ന ദൃശ്യമാണുള്ളത്. ഈ വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത സ്വന്തം നിലയില്‍ ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും രംഗത്ത് എത്തിയിട്ടുണ്ട്. എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ഉറക്കമുണരാനാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. പ്രിയപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിങ്ങള്‍ ഇത് കാണുന്നുണ്ടോ, ഒരാള്‍ എട്ട് തവണയാണ് വോട്ടു ചെയ്തത്. ഇത് ഉറക്കമുണരാനുള്ള സമയമാണ് എന്നായിരുന്നു കോണ്‍ഗ്രസ് എക്സില്‍ കുറിച്ചത്.
സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും വീഡിയോ പങ്കുവെച്ച് കൊണ്ട് നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ‘തിരഞ്ഞെടുപ്പ് കമ്മീഷന് ഇത് തെറ്റാണെന്ന് തോന്നുവെങ്കില്‍ നിര്‍ബന്ധമായും നടപടി സ്വീകരിക്കൂ. അല്ലെങ്കില്‍..’ എന്നാണ് അഖിലേഷ് എക്സില്‍ കുറിച്ചത്. ബിജെപിയുടെ ബൂത്ത് കമ്മിറ്റി കൊള്ളസംഘമായി എന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് ചുമതലയില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ അധികാര കേന്ദ്രങ്ങളുടെ സമ്മര്‍ദ്ദത്തില്‍ ഭരണഘടനാ ചുമതലകള്‍ മറന്ന് പോകില്ലെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. അല്ലാത്ത പക്ഷം ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തുമ്പോള്‍ നടപടി സ്വീകരിക്കും. അതിനാല്‍ പത്ത് വട്ടം ചിന്തിക്കാതെ ആരും ഭരണഘടനയെ അപമാനിക്കുന്ന നടപടി സ്വീകരിക്കാന്‍ ധൈര്യപ്പെടരുതെന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
വൈറലായ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സത്വരവും ഫലപ്രദവുമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അവര്‍ എക്‌സില്‍ എഴുതി. ഈ മാസം ആദ്യം മധ്യപ്രദേശിലെ ഭോപ്പാലിലെ ബെരാസിയ പോളിംഗ് ബൂത്തില്‍ ബിജെപി നേതാവിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ വോട്ട് ചെയ്യുന്ന വീഡിയോയും വൈറലായിരുന്നു.